.

.

Sunday, April 22, 2012

കാടിന്റെ വിളി

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസം പ്രദേശത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുന്നു. പക്ഷി നിരീക്ഷണത്തിനും ചിത്രശലഭനിരീക്ഷണത്തിനും ട്രക്കിങ്ങിനും ഏറ്റവും ഉചിതസ്ഥലമാണിത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ധരാളം പ്രകൃതി സ്നേഹികള്‍ സമയം ചെലവിടാനും പുഴയില്‍ കുളിക്കാനുമായി ഓരോ ദിവസവും ജാനകിക്കാട്ടില്‍ എത്താറുണ്ട്.131 ഹെക്ടര്‍ സ്ഥലമാണ് ജാനകിക്കാട്ടിലുള്ളത്. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് 2008 ലാണ് ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കിയത്.
മുന്‍ മന്ത്രി ബിനോയ് വിശ്വമാണ് ജാനകിക്കാട്ടില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്. നിലവിലുള്ള സ്ഥലത്ത് മാറ്റം വരുത്താതെ ട്രക്കിങ്ങിനും വിനോദസഞ്ചാരത്തിനും സൌകര്യമേര്‍പ്പെടുത്തുകയായിരുന്നു. മാന്‍,കാട്ടുപന്നി,കുരങ്ങ്, കീരി,മുള്ളന്‍പന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ ജാനകിക്കാട്ടില്‍ എത്തുന്നവര്‍ക്ക് കാണാവുന്നതാണ്. ഇതിനു പുറമെ ദേശാടനപക്ഷികളും ധാരാളം എത്തുന്ന പ്രദേശമാണിത്.


പക്ഷിനീരീക്ഷണം 
പക്ഷി നിരീക്ഷകന്‍ സി.കെ. വിഷ്ണുദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പക്ഷി നീരീക്ഷണത്തില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 77 ഇനം പക്ഷികളെ കണ്ടെത്താനായിട്ടുണ്ട്. പശ്ചിമഘട്ടമലനിരകളില്‍ മാത്രം കണ്ടുവരുന്ന പക്ഷികളും ഇവിടെ ധാരാളമുണ്ട്. ചെഞ്ചിലപ്പന്‍,ചെറുതേന്‍കുരുവി, നാഗമോഹന്‍,പച്ചവെട്ടിക്കുരുവി, കോഴി വേഴാമ്പല്‍,ഗ്രേഹെഡ്ഡ് ബുള്‍ ബുള്‍ തുടങ്ങിയ പക്ഷികളെ ഇവിടെ ധാരാളം കണ്ടെത്തിയിട്ടുണ്ട്. ജാനകിക്കാട്ടിലെ മരപ്പൊത്തുകളില്‍ കോഴിവേഴാമ്പലുകളുടെ കൂടുകള്‍ സഞ്ചാരികള്‍ക്ക് കാണാവുന്നതാണ്.

ചിത്രശലഭങ്ങള്‍ 
ചിത്രശലഭനിരീക്ഷണത്തിനും പറ്റിയ സ്ഥലമാണിത്.ബാന്‍ഡഡ് റോയല്‍,കോമണ്‍ പിന്‍സെല്‍,തമില്‍ ലേസ് വിങ്,മഞ്ഞപ്പാപ്പാത്തി,മരോട്ടിശലഭം ,എരിക്കുതപ്പി തുടങ്ങിനൂറ്റിഅന്‍പതിലേറെയിനം ശലഭങ്ങള്‍ ജാനകിക്കാട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 

ഔഷധസസ്യങ്ങള്‍
 ഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെജാനകിക്കാട്ടിലുണ്ട്. കാഞ്ഞിരം, അകില്‍, വയമ്പ്, പതിമുഖം,കരിങ്ങാലി,കൂവളം,അശോകം,പാതിരി,ചമത ഉള്‍പ്പെടെയുള്ള മരങ്ങളും ഇതിന് പുറമെ കാട്ടുകുറുഞ്ഞി, കാട്ടുകറപ്പ,നീലയമരി, ശതാവരി,രാമച്ചം ,ചെത്തിക്കൊടുവേലി ,ബ്രഹ്മി തുടങ്ങിയ ഒൌഷധസസ്യങ്ങളും ഇവിടെ ധാരാളമുണ്ട്.വനംവകുപ്പിന്റെ ഒൌഷധസസ്യത്തോട്ടവുമുണ്ട്. 

ട്രക്കിങ്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ട്രക്കിങ്ങിനുള്ള സൌകര്യവും ജാനിക്കാട്ടിലുണ്ട്. വനപാതയിലൂടെ മണിക്കൂറുകളോളം നടക്കാവുന്നതാണ്. വള്ളിക്കുടിലുകളില്‍ ഊഞ്ഞാലാടാനും കഴിയും. ഗൈഡുമാരുടെ സഹായവും ലഭിക്കും. പുറമെനിന്നെത്തുന്നവര്‍ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെഅനുമതിയോടെ കുളിക്കാനുള്ള സൌകര്യവും ഇവിടെയുണ്ട്. ആഴംകുറഞ്ഞ സ്ഥലത്താണ് കുളിക്കടവ് ഉള്ളത്. നീന്തല്‍ വശമില്ലാത്തവര്‍ക്കും ഇവിടെ വെള്ളത്തില്‍ ഇറങ്ങാവുന്നതാണ്. മിസ് കേരളമല്‍സ്യവും കരയാമ,പലതരം തവളകളും ജാനകിക്കാട് പുഴയിലുണ്ട്.

എയര്‍ ഡ്രാഫ്റ്റിങ് 
ജാനകിക്കാടിനോട് ചേര്‍ന്ന കടന്തറപുഴയില്‍ എയര്‍ ഡ്രാഫ്റ്റിങ് സൌകര്യമുണ്ട്. (വായുനിറച്ച ചങ്ങാടം) അഞ്ചുപേര്‍ക്ക് ഇതില്‍ കയറാവുന്നതാണ്.

ഇന്‍ഫര്‍മേഷന്‍ സെന്റര്‍ 
പക്ഷികളെയും മൃഗങ്ങളെയും വനഭൂമിയെപ്പറ്റിയും അറിയാന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ടച്ച് സ്ക്രീനില്‍ തൊട്ടാല്‍ പക്ഷികള്‍,മൃഗങ്ങള്‍ എന്നിവയെപ്പറ്റിയുളള വിവരങ്ങള്‍ അപ്പോള്‍ തന്നെ ലഭിക്കും. വനത്തിലുള്ളിലെ പുരാതനക്ഷേത്രവും ജാനകിക്കാടിന് അഴകായുണ്ട്.


ടിക്കറ്റ് കൌണ്ടര്‍ 
ചിതല്‍ പുറ്റിന്റെ ആകൃതിയിലാണ് ടിക്കറ്റ് കൌണ്ടര്‍ നിര്‍മിച്ചത്. ശില്‍പി രാജന്‍ മൊയിലോത്തറയാണ് ടിക്കറ്റ് കൌണ്ടര്‍, ജനകിക്കാട് കവാടം, മരക്കുറ്റിയുടെ ആകൃതിയില്‍ കിണറിന് ആള്‍മറ എന്നിവ നിര്‍മിച്ചത്. മാന്‍, തവള,കുരങ്ങ് എന്നിവയുടെ ശില്‍പങ്ങളുമുണ്ട്. 

പഠനക്ളാസുകള്‍
വനംവകുപ്പ് വിദ്യാര്‍ഥികള്‍ക്ക് പഠനക്ളാസുകള്‍ നടത്താറുണ്ട്. 50 കുട്ടികള്‍ക്കാണ് പ്രവേശനം. വിദഗ്ധരുടെ ക്ളാസുകളും ഒരു ദിവസത്തെ ഭക്ഷണവും വനംവകുപ്പ് വക ലഭിക്കും. മുതിര്‍ന്ന ആളുകള്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് അഞ്ചുരൂപയുമാണ് പ്രവേശന ഫീസ്. പെരുവണ്ണാമൂഴി വഴിയും കുറ്റ്യാടി വഴിയും ജാനകിക്കാട്ടില്‍ എത്താവുന്നതാണ്. ഫോണ്‍. 9495 64 5865.
പി.സി.രാജന്‍ മനോരമ ഓണ്‍ലൈന്‍ ന്യൂസ്‌ 

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക