.

.

Wednesday, April 18, 2012

കല്‌പാത്തിപ്പുഴ വിളിക്കുന്നു, മരണമൊഴി കേള്‍ക്കാന്‍

പാലക്കാട്: കല്പാത്തിപ്പുഴയുടെ തീരത്ത് സംന്യാസിമുക്കിനുസമീപം ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ചെലവില്‍ സ്ഥാപിച്ച ആ ബോര്‍ഡില്‍ പുഴസംരക്ഷണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. വഴിതെറ്റിയിട്ടില്ല, ബോര്‍ഡ്സ്ഥാപിച്ചവഴി നീളുന്നത് പുഴയിലേക്കുതന്നെ. പുഴയുടെ ഓരത്ത് തകര്‍ന്നുകിടക്കുന്ന തടയണയ്ക്കരികില്‍ നിങ്ങളെ സ്വാഗതംചെയ്യുക മൂക്കുപൊത്തിക്കുന്ന ദുര്‍ഗന്ധമായിരിക്കും.

മൂക്കടച്ചുപിടിച്ച് നടന്നാല്‍ അടുത്തകാഴ്ച നഗരത്തിലെ ബാര്‍ബര്‍ഷോപ്പുകള്‍ പുറം തള്ളുന്ന മാലിന്യമാണ്. ഈ മാലിന്യത്തില്‍ച്ചവിട്ടി നടക്കാന്‍ തയ്യാറുണ്ടെങ്കില്‍ എത്തിച്ചേരുക മലിനജലത്തിലേക്ക് ഒലിച്ചിറങ്ങുന്ന കക്കൂസ്മാലിന്യത്തിലാണ്. അവിടെനിന്ന് പുഴയെ നോക്കിയാല്‍ ഇരുകരകളിലും കുമിഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക്മാലിന്യത്തിന്റെ കൂമ്പാരം. വലിയൊരു പ്ലാസ്റ്റിക് കുന്ന്. ഒരു മണിക്കൂറോളം മൂക്കുപൊത്തി നടക്കാന്‍ തയ്യാറുള്ള ആര്‍ക്കും പുഴയുടെമരണം നേരിട്ടുകാണാം.

പുഴയോരങ്ങളില്‍ സ്വകാര്യവ്യക്തികളുടെ അനധികൃത കൈയേറ്റം, രാത്രി മദ്യപരുടെ വിഹാരത്തിന് മറവായി പുഴയോരത്ത്‌നില്‍ക്കുന്ന ഇല്ലിക്കാടുകള്‍, ഇവിടെ ഒരു പുഴയുണ്ടെന്ന് ഓര്‍മിപ്പിച്ച് നേര്‍ത്തൊഴുകുന്ന ഒരു നീര്‍ച്ചാല്, അവിടവിടെ അലഞ്ഞുനടക്കുന്ന പന്നികള്‍... ദൃശ്യങ്ങള്‍ അങ്ങനെ നീളുന്നു. പരിസരവാസികള്‍ അടുക്കളമാലിന്യം പ്ലാസ്റ്റിക് കവറുകളില്‍നിറച്ച് കൊണ്ടുവന്നിടുന്നതും കല്പാത്തിപ്പുഴയില്‍ത്തന്നെ.

പലരുടെയും ഭാവനയില്‍ പുഴ ഒരു കമ്പോസ്റ്റ്കുഴിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങളീ മാലിന്യം പിന്നെ എവിടെക്കൊണ്ടുകളയും? പരിസരത്ത് മാലിന്യം നിക്ഷേപിക്കാനെത്തിയ വീട്ടമ്മ ചോദിച്ചു. കല്പാത്തിപ്പുഴയിലെ മാലിന്യം നീക്കംചെയ്യാനും ശുചീകരിക്കാനുമായി കഴിഞ്ഞ കുറേവര്‍ഷങ്ങളായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. പക്ഷേ, എല്ലാം വെള്ളത്തില്‍വരച്ച വരപോലെയായി.

2003-2004 ല്‍ റിവര്‍മാനേജ്‌മെന്റ് കമ്മിറ്റിയും നെഹ്‌റുയുവകേന്ദ്രയും സംയുക്തമായി 517 ദിവസം നീണ്ടുനിന്ന കര്‍മപദ്ധതിയിലൂടെ പുതിയപാലത്തിന് ചുവടുമുതല്‍ പാറക്കൂട്ടംവരെ വൃത്തിയാക്കിയിരിക്കുന്നു. 2004ല്‍ ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ കല്പാത്തിപ്പുഴയോരത്ത് ടൈല്‍സ്‌വിരിച്ച് കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ശൗചാലയവും നിര്‍മിച്ചു.

ദേശീയ സമ്പാദ്യപദ്ധതിയില്‍നിന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തിയത്. എല്ലാം വ്യര്‍ത്ഥമായി. ഇരുകരയില്‍നിന്നും രൂക്ഷമായ മാലിന്യപ്രശ്‌നം പുഴയെ വേട്ടയാടുകയാണ്. അനധികൃത മണലെടുപ്പുകാരും പുഴയില്‍ സൈ്വരവിഹാരം നടത്തുന്നു. നിരന്തരം ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കു മൊടുവില്‍ തൊഴിലുറപ്പുപദ്ധതിക്കുകീഴില്‍ ഉള്‍പ്പെടുത്തി പുഴ വൃത്തിയാക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കി.

ബോര്‍ഡും സ്ഥാപിച്ചു. എന്നാല്‍, മാലിന്യപ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. തൊഴിലുറപ്പുപദ്ധതിക്കുകീഴില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ ശ്രമിച്ച പുഴയോരത്ത് മരങ്ങള്‍ വെച്ചു പിടിപ്പിക്കല്‍പദ്ധതിയും വെള്ളത്തിലായി. ഇതോടെ പുഴമാലിന്യം നീക്കംചെയ്യുന്നതിനും പുഴയോരം സൗന്ദര്യവത്കരിക്കുന്നതിനും നടത്തിയ എല്ലാ ശ്രമങ്ങളും പാളിപ്പോവുകയായിരുന്നു.

എ.കെ. രഞ്ജിത്ത് മാതൃഭൂമി ന്യൂസ് 18.4.2012

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക