.

.

Wednesday, April 25, 2012

കുളത്തില്‍ ചത്ത ഭീമന്‍ ആമയ്ക്ക് വയസ്സ് 150

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ ചത്ത ഭീമന്‍ ആമയുടെ പ്രായം 150. വെറ്റിറിനറി ഡോക്ടര്‍മാര്‍ രണ്ടരമണിക്കൂറിലേറെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് ഇത് സ്ഥിരീകരിച്ചത്. പല്ലുകള്‍ പരിശോധിച്ചാണ് പ്രായം നിശ്ചയിച്ചത്. ഏകദേശം 78 കിലോയുണ്ടായിരുന്നു. ശുദ്ധജലത്തില്‍ കാണുന്ന ഇത്രയും ഭാരമുള്ള ആമകള്‍ അപൂര്‍വമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച അമ്പലപ്പുഴ ക്ഷേത്രക്കുളത്തിലാണ് ആമയെ ചത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ റാന്നി ഫോറസ്റ്റ് റേഞ്ചോഫീസില്‍ അറിയിച്ചു. മറവുചെയ്യുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.
ജില്ലാ വെറ്റിറിനറി ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇതിന്റെ കരള്‍ പരിശോധനയ്ക്ക് മണ്ണുത്തി വെറ്റിറിനറി കോളേജിലേക്ക് അയച്ചു. മരണകാരണം അറിയാനാണിത്. ആറുമാസം മുമ്പ് ക്ഷേത്രക്കുളം വറ്റിച്ചപ്പോഴാണ് ആമയെ ആദ്യമായി കണ്ടത്. പിന്നീട് ഇതിനെ അവിടെത്തന്നെ വിടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആമയെ ഫോറസ്റ്റ് അധികൃതരുടെ മേല്‍നോട്ടത്തില്‍ മറവുചെയ്യാന്‍ കൊണ്ടുപോയി. വെറ്റിറിനറി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. രാധാകൃഷ്ണപിള്ള, ഡോ. മൊഹ്‌സീന്‍ കോയ, എമ്മന്റോളജിസ്റ്റ് ഡോ. രാജീവ്, ഡോ. അഫ്‌സല്‍, ഡോ. ഷെറിന്‍ എന്നിവര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കി. മറവുചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്കായി റാന്നി റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഡെപ്യൂട്ടി റേഞ്ചര്‍ കെ.കെ.മുരളീധരന്‍, പി.കെ.ഹരിദാസ്, ടി.എസ്.വിജയകുമാര്‍, ബിജുകുമാര്‍, പ്രവീണ്‍ എന്നിവരും എത്തിയിരുന്നു.
25 Apr 2012 Mathrubhumi Alappuzha News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക