.

.

Thursday, April 12, 2012

അശാസ്ത്രീയമായ കളിമണ്‍ ഖനനം പരിസ്ഥിതിക്ക് ഭീഷണിയാകുന്നു

കോഴിക്കോട്: അശാസ്ത്രീയവും അനിയന്ത്രിതവുമായ കളിമണ്‍ ഖനനം പരിസ്ഥിതിക്ക് ഭീഷണിയാകുന്നു. അനുവദനീയമായതിലും കൂടുതല്‍ ആഴത്തില്‍ ഖനനം നടത്തുന്നതാണ് പ്രശ്‌നത്തിനിടയാക്കുന്നത്. ഗുണമേന്മയുള്ള കളിമണ്‍ ലഭിക്കാനായാണ് പരിധിയില്‍ കവിഞ്ഞ ആഴത്തില്‍ ഖനനം നടത്തുന്നത്. എന്നാലിത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. ഫറോക്ക്, രാമനാട്ടുകര മേഖലയിലെ വയലുകള്‍ കേന്ദ്രീകരിച്ചാണ് കമ്പനികള്‍ കൂടുതലായി കളിമണ്‍ ശേഖരിക്കുന്നത്. പരിമ്പരാഗത തൊഴില്‍ മേഖലയായ ഓടുവ്യവസായത്തിന്റെ നിലനില്പിന് കളിമണ്‍ ലഭ്യത അത്യാവശ്യമാണെങ്കിലും നിയന്ത്രണമില്ലാത്ത ഖനനമാണ് പരിസ്ഥിതിക്ക് ഭീഷണിയായി മാറുന്നത്.

കളിമണ്‍ ഖനനം നടത്തുന്ന മേഖലയിലെ കൃഷിഭവന്‍, പഞ്ചായത്ത്, റവന്യൂ, ആര്‍.ഡി.ഒ. എന്നിവരുടെ സമ്മതപ്രകാരമാണ് ജിയോളജി വകുപ്പ് ഖനനത്തിന് അനുമതി നല്‍കുന്നത്. കളിമണ്ണെടുക്കുന്ന വയലിന്റെ മേല്‍മണ്ണ് മാറ്റിവെച്ച ശേഷം ഇരുപത് അടിവരെ ഖനനം നടത്താനാണ് അനുമതി നല്‍കുന്നതെന്ന് ജിയോളജി വകുപ്പധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് മേല്‍മണ്ണ് ഉള്‍പ്പെടെയുള്ള പശിമയാര്‍ന്ന മണ്ണ് മുഴുവന്‍ ശേഖരിക്കുന്ന സമ്പ്രദായമാണ് മിക്കയിടങ്ങളിലും നടക്കുന്നത്. കളിമണ്‍ ഖനനത്തിന് ശേഷം കുഴി ചെമ്മണ്ണ് നിറച്ച് അതിനു മുകളില്‍ മാറ്റിവെച്ച മേല്‍മണ്ണ് നികത്തി വീണ്ടും കൃഷിയോഗ്യമാക്കണമെന്നാണ് ചട്ടമെങ്കിലും ഇത് എവിടെയും പാലിക്കപ്പെടുന്നില്ല. ഖനനം നടത്തിയ ശേഷം കരിങ്കല്‍കെട്ട് കെട്ടി ചെമ്മണ്ണ് നിറച്ച് ഭൂമി നികത്തിയെടുക്കുന്ന രീതിയാണ് മിക്കയിടങ്ങളിലും നടക്കുന്നത്. കളിമണ്‍ ഖനനത്തിന്റെ മറവില്‍ വയല്‍നികത്തല്‍ മേഖലയില്‍ വ്യാപകമായതായി പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അനുവദനീയമായതിലും ആഴത്തില്‍ കുഴിക്കുന്നതുമൂലം ഭൂജലനിരപ്പ് കുറയാനിടയാക്കുകയും വേനലില്‍ കുടിവെള്ളക്ഷാമത്തിനിടയാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ കുഴി നികത്താന്‍ ചെമ്മണ്ണിന് പകരം ഓട്ടുകമ്പനികളിലെ പൊട്ടിയ ഓട്ടിന്‍കഷണങ്ങളും ക്വാറികളിലെ കരിങ്കല്‍ അവശിഷ്ടങ്ങളുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

കളിമണ്‍ ഖനനം കരാറെടുക്കുന്നവരാണ് കൊള്ളലാഭത്തിനായി ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തവിധം കളിമണ്‍ ഖനനം നടത്തുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
12 Apr 2012 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക