.

.

Sunday, April 15, 2012

'പലതുള്ളി' പദ്ധതിക്കു ദേശീയ പുരസ്കാരം

മഴസംഭരണവും ജലപരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടു ജനങ്ങളുമായി കൈകോര്‍ത്തു മലയാള മനോരമ നടപ്പാക്കിയ പലതുള്ളി പദ്ധതിക്കു ദേശീയ പുരസ്കാരം സമ്മാനിച്ചു. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനു കീഴിലെ കേന്ദ്ര ജല ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2010ലെ ഗ്രൌണ്ട് വാട്ടര്‍ ഒഗ്മെന്റേഷന്‍ പുരസ്കാരം കേന്ദ്ര ജലവിഭവ, പാര്‍ലമെന്ററി കാര്യ മന്തി പവന്‍ കുമാര്‍ ബന്‍സലില്‍ നിന്നു മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റര്‍ മാത്യൂസ് വര്‍ഗീസ് ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം.


ഭൂജല വര്‍ധന പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന ചെയ്ത മികച്ച സ്ഥാപനത്തിനുള്ള അംഗീകാരമാണിത്. മലയാളികളില്‍ മഴസംഭരണശീലം പരിചയപ്പെടുത്താനും ജലപരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും 2004 മുതല്‍ പലതുള്ളി പദ്ധതിയിലൂടെ മനോരമ നടത്തിയ പ്രവര്‍ത്തനങ്ങളാണു പുരസ്കാരത്തിന് അര്‍ഹമായത്. ഇന്നു 11.30നു വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പലതുള്ളി പദ്ധതിയുടെ വിശദാംശങ്ങള്‍ മാത്യൂസ് വര്‍ഗീസ് അവതരിപ്പിക്കും.

ഭൂജല സംരക്ഷണവും പ്രകൃതി പരിപാലനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ മികവു കാട്ടിയ പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി. പഞ്ചായത്തിലുടനീളം ഒന്നരലക്ഷത്തോളം മഴക്കുഴികള്‍ നിര്‍മിക്കുകയും ഒരുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്ത ഹരിതം പദ്ധതിക്കാണു പുരസ്കാരം.

കഴിഞ്ഞ വര്‍ഷം പത്തനംതിട്ട ജില്ലയില്‍ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്കായി മലയാള മനോരമയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങാണ്, നൂതന ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ പഞ്ചായത്തിനു പ്രേരണയായത്. നൂതന ആശയങ്ങള്‍ നടപ്പാക്കുന്ന പഞ്ചായത്തുകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പ്രോല്‍സാഹനവും പാരിതോഷികവും നല്‍കുമെന്ന് അന്നു ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ അറിയിച്ചതാണ്, ഹരിതം പദ്ധതി എന്ന ആശയത്തിനു ജന്മം നല്‍കിയതെന്നു ഹര്‍ഷകുമാര്‍ പറഞ്ഞു.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക