.

.

Thursday, April 26, 2012

ഭൂമിയെ പൊള്ളിക്കാതെ സൗരവാതം


കഴിഞ്ഞ എട്ടാം തീയതി ലോകം വനിതാദിനം ആഘോഷിച്ചുകൊണ്ടിരുന്നപ്പോള്‍ വലിയൊരു അപകടമാണ് അധികമാരും അറിയാതെ ഭൂമിയെ കടന്നുപോയത്. ഒരു പതിറ്റാണ്ടിനിടയ്ക്കുണ്ടായ ഏറ്റവും ശക്തമായ സൌരവാതം അന്നു ഭൂമിയില്‍ പ്രവേശിച്ച് പിറ്റേന്നു രാവിലെയോടെ പതുക്കെ ഒഴിഞ്ഞുപോയി. ഭൂമിക്ക് ഏറെ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നു ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര പ്രശ്നമുണ്ടായില്ല.

ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനും, അഥവാ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ തന്നെ ഗുരുതരമായി ബാധിക്കാതിരിക്കാനും ശാസ്ത്രലോകം മുന്‍കരുതലെടുത്തിരുന്നു. വേണ്ടത്ര പ്രശ്നങ്ങള്‍ ഉള്ള ഭൂമിയില്‍ ഇനി താനായിട്ടു പ്രശ്നമുണ്ടാക്കുന്നില്ലെന്ന മട്ടില്‍ സൌരവാതം തല്‍ക്കാലം ഒഴിഞ്ഞുപോവുകയായിരുന്നുവെന്നാണു യുഎസ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മേധാവി ജോസഫ് കന്‍ജസ് പറഞ്ഞത്.

ജനുവരിയില്‍ രൂപപ്പെട്ട സൌരജ്വാലകളെത്തുടര്‍ന്നുണ്ടായ സൌരവാതങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചിരുന്നു. ലോകം അന്ന് ഏറെ ആശങ്കയോടെയാണ് അതിനെ കണ്ടത്. സൂര്യനില്‍നിന്നു പുറപ്പെടുന്ന കണങ്ങളുടെ അതിതീവ്ര പ്രവാഹമായ സൌരവാതങ്ങളെ ഭയന്നു ചില വിമാനങ്ങളുടെ സഞ്ചാരപാത പുനഃക്രമീകരിച്ചു, ചിലതു റദ്ദാക്കി. ധ്രുവപ്രദേശങ്ങളിലൂടെയും ഏറെ ഉയരങ്ങളിലൂടെയും പറക്കുന്ന വിമാന സര്‍വീസുകള്‍ മിക്കവാറും നിര്‍ത്തിവച്ചു. രാജ്യാന്തര ബഹിരാകാശ നിയലത്തിലെ താമസക്കാരുടെ സുരക്ഷയ്ക്കു മുന്‍കരുതലെടുത്തു.

സൌരവാതം: സെക്കന്‍ഡില്‍ 1500 കിലോമീറ്റര്‍ വേഗം
നിയതമായ സ്വഭാവമില്ലാത്ത കൂറ്റന്‍ സൌരകളങ്കങ്ങളുടെ ചുറ്റുവട്ടത്തായി ഉണ്ടാകുന്ന സ്ഫോടനങ്ങളുടെ ഫലമായാണു സൌരജ്വാലകള്‍ ഉണ്ടാകുന്നത്. ഈ സ്ഫോടനങ്ങളുടെ ഫലമായി ചാര്‍ജുള്ള കണങ്ങളും റേഡിയേഷനുമൊക്കെയായി വൈദ്യുത കാന്തികതരംഗ രൂപത്തില്‍ സൌരവാതങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കും. ഭൌമാന്തരീക്ഷംവരെ എത്തിപ്പെടാനുള്ള ഇതിന്റെ കഴിവ് സ്ഫോടനതീവ്രത അനുസരിച്ചിരിക്കും. സെക്കന്‍ഡില്‍ 1500 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഇത് ഉപഗ്രഹ വാര്‍ത്താവിനിമയ ശൃംഖലകള്‍ ഉപയോഗിക്കുന്ന സിഗ്നലുകളുമായി ഏറ്റുമുട്ടുമെന്നാണു ശാസ്ത്രജ്ഞര്‍ ഭയപ്പെട്ടിരുന്നത്.

എന്നാല്‍, പ്രതീക്ഷിച്ചത്ര കന്നംതിരിവൊന്നും സൌരവാതങ്ങള്‍ കാണിച്ചില്ല. സൌരവാതങ്ങളുടെ സഞ്ചാരദിശ കൃത്യമായി ഭൂമിയുടെ കാന്തികമണ്ഡലത്തെ ബാധിക്കുന്ന തരത്തില്‍ വരാത്തതുകൊണ്ടാണ് ഗുരുതരമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകാതെ രക്ഷപ്പെട്ടത്.

സൌരവാതങ്ങളുടെ വരവോടെ കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ ധ്രുവദീപ്തി കാണപ്പെട്ടിരുന്നു. സൌരവാതത്തിലെ ചാര്‍ജിത കണങ്ങള്‍ ഭൂമിയുടെ മണ്ഡലവുമായി പ്രവര്‍ത്തിക്കുമ്പോഴാണു ധ്രുവദീപ്തിയുണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ധ്രുവപ്രദേശങ്ങളില്‍ ധ്രുവദീപ്തി ദൃശ്യമായിരുന്നു.

സൂര്യന്റെ ഉപരിതലത്തില്‍നിന്നു പ്രവഹിക്കുന്ന ചാര്‍ജുള്ള കണങ്ങളാണു സൌരവാതങ്ങള്‍. ഇതിന്റെ പ്രധാന ഘടകങ്ങള്‍ ഒന്നര കിലോ ഇലക്ട്രോണ്‍ വോള്‍ട്ടിനും പത്തു കിലോ ഇലക്ട്രോണ്‍ വോള്‍ട്ടിനും ഇടയില്‍ ഊര്‍ജമുള്ള പ്രോട്ടോണുകളും ഇലക്ട്രോണുകളുമാണ്. ഉയര്‍ന്ന ഗതികോര്‍ജവും സൌരോപരിതലത്തിലെ തീവ്രമായ താപവുമാണു സൂര്യന്റെ ഭീമമായ ഗുരുത്വാകര്‍ഷണബലത്തെ അതിജീവിച്ചു പുറത്തുകടക്കാന്‍ ഈ കണികകളെ പ്രാപ്തരാക്കുന്നത്. ഇവയുടെ ശരാശരി താപനില 8*(10)5 കെല്‍വിനായിരിക്കും. സൌരവാതങ്ങളുടെ കാരണം സൌരജ്വാലകളാണ്.
അബ്ദുല്‍ ജലീല്‍  (മനോരമ ഓണ്‍ലൈന്‍ പരിസ്ഥിതി ന്യൂസ് )

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക