.

.

Monday, April 9, 2012

പരിക്കേറ്റ കാട്ടാനയെ തേടി വനപാലകസംഘം കാട്ടിലെത്തി

കുളത്തൂപ്പുഴ:ഒരാഴ്ചയോളമായി പരിക്കേറ്റ നിലയില്‍ മലയോരഗ്രാമങ്ങളില്‍ അതിക്രമം കാട്ടുന്ന കൊമ്പനെത്തേടി വനപാലകസംഘം ഡാലിക്കരിക്കം വനത്തിലെത്തി.

കുളത്തൂപ്പുഴ വനം റേഞ്ചിലെ കിഴക്കേ ഡാലി ഗ്രാമത്തിലാണ് ശനിയാഴ്ച കാട്ടാനയെ അവസാനമായി കണ്ടത്. അതേത്തുടര്‍ന്നാണ് ഞായറാഴ്ച വനംവകുപ്പിന്റെ വെറ്ററിനറി സര്‍ജന്‍ ഡോ. സുനില്‍കുമാര്‍ ഉള്‍പ്പെട്ട സംഘം എത്തിയത്.
മടത്തറ-കുളത്തൂപ്പുഴ പാതയില്‍നിന്ന് കാട്ടിനുള്ളിലായി മൂന്ന് കിലോമീറ്ററോളം അകലെയാണ് ഡാലികരിക്കം ഗ്രാമം. ഇവിടെ, ജനവാസമേഖലയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലാണ് ആനയുള്ളത്. ഞായറാഴ്ച ആനയെ കണ്ടെത്തി ആരോഗ്യസ്ഥിതി നിരീക്ഷിച്ചശേഷം മയക്കുവെടിവച്ച് മുറിവ് പരിശോധിക്കാനായിരുന്നു നീക്കം. എന്നാല്‍ ആന ഈറ്റക്കാടുകളില്‍ ഒളിച്ചതുമൂലം ഇത് മുടങ്ങി. തുടര്‍ന്ന് വൈകിട്ടോടെ ഡോക്ടര്‍ മടങ്ങി.
കുളത്തൂപ്പുഴ റേഞ്ച് ഓഫീസര്‍ എം.അശോകന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ടി.എസ്.സജു, ഫോറസ്റ്റര്‍മാരായ ഫസലുദ്ദീന്‍, രഞ്ജിത്ത്, വിജയരംഗന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ആനയെ നിരീക്ഷിക്കാന്‍ വനത്തില്‍ തങ്ങുകയാണ്. ഡോക്ടര്‍ നല്‍കിയ മരുന്ന് ഉപ്പില്‍ കലര്‍ത്തി നല്‍കാനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നുണ്ട്. പരിക്കേറ്റ ആന ആക്രമണസ്വഭാവം കാട്ടുന്നതുമൂലം അതീവ സുരക്ഷയോടെയാണ് വനംവകുപ്പ് ജീവനക്കാര്‍ വനത്തില്‍ കഴിയുന്നത്. പ്രദേശവാസികളായ താത്കാലിക വാച്ചര്‍മാരും വനംവകുപ്പ് ജീവനക്കാരുടെ സഹായത്തിനുണ്ട്. ആനയുടെ ആക്രമണം ഭയന്നാണ് ഗ്രാമീണര്‍ കഴിയുന്നത്.
09 Apr 2012 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക