.

.

Tuesday, April 17, 2012

വിഷു അവധിക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയത് ആയിരങ്ങള്‍

കല്പറ്റ: വയനാടിന്റെ പച്ചപ്പും കുളിരും തേടി വിഷു അവധി ദിനങ്ങളില്‍ സന്ദര്‍ശക പ്രവാഹം. വേനല്‍ചൂടില്‍ കത്തിയെരിയുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇത്തിരി കുളിരുതേടി വയനാടിന്റെ വനവിശാലതയിലേക്ക് ഒഴുകിയെത്തിയത്.

സ്വച്ഛശീതളമായൊഴുകുന്ന ജലാശയങ്ങളും പാല്‍നുര പതയുന്ന വെള്ളച്ചാട്ടങ്ങളും വന്യജീവികള്‍ വിരഹിക്കുന്ന നിത്യഹരിതവനങ്ങളും കുന്നുകളും പുല്‍മേടുകളും വിശാലമായ കൃഷിയിടങ്ങളുമൊക്കെ സന്ദര്‍ശകര്‍ക്ക് സ്വര്‍ഗീയാനുഭൂതിയാണ് പകരുന്നത്.

സ്വാഭാവിക പ്രകൃതിഭംഗി ചൊരിഞ്ഞൊഴുകുന്ന വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക് അനുദിനം വര്‍ധിച്ചുവരികയാണ്.

വിഷു അവധിദിനങ്ങളില്‍ പൂക്കോട് തടാകത്തിലാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത്. ശനിയാഴ്ച 61,550 രൂപയും വിഷുദിനത്തില്‍ 1,76,055 രൂപയും വരുമാനം ലഭിച്ചു. പ്രവേശനഫീസും ബോട്ടുസവാരിക്കുള്ള ഫീസും ഉള്‍പ്പെടെയാണിത്. പ്രവേശനഫീസ് പത്തുരൂപയും ബോട്ടിന് രണ്ടു സീറ്റുമുള്ളതിന് 100 രൂപയും ഏഴു സീറ്റുള്ളതിന് 250 രൂപയുമാണ് ഈടാക്കുന്നത്.

മൂന്നു ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട പൂക്കോട് തടാകത്തില്‍ സുരക്ഷിതമായ ബോട്ടു സവാരിക്കാണ് കൂടുതല്‍ പേരും എത്തുന്നത്. വനചാരുത നുകര്‍ന്ന് ബോട്ടിലൂടെ തടാകത്തില്‍ ചുറ്റി സഞ്ചരിക്കുന്നത് വേറിട്ട കുളിരനുഭവമാണ്. തടാകത്തിന് ചുറ്റും സഞ്ചരിക്കാന്‍ വനപാതയുമുണ്ട്. ആവശ്യത്തിന് ബോട്ടുകളില്ലാത്തതിനാല്‍ സന്ദര്‍ശകര്‍ക്ക് ഏറെനേരം ഊഴംകാത്ത് നില്‍ക്കേണ്ട സ്ഥിതിയാണിവിടെ. സൂര്യാസ്തമയത്തിന് മുമ്പ് ബോട്ടിങ് അവസാനിക്കുന്നതിനാല്‍ കാത്തുനിന്ന പലര്‍ക്കും നിരാശരായി മടങ്ങേണ്ടിവന്നു. രണ്ട് സീറ്റുള്ള അഞ്ചു പെഡല്‍ബോട്ടുകളും ഏഴു സീറ്റുള്ള ഒമ്പത് തുഴ ബോട്ടുകളുമാണ് ഇവിടെയുള്ളത്. ഡി.ടി.പി.സി.ക്ക് കീഴിലുള്ള ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിത്.

വനംവകുപ്പിന് കീഴിലുള്ള സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലും വിഷുദിനത്തില്‍ നല്ല തിരക്കനുഭവപ്പെടും. കാനനത്തിന് നടുവിലെ രണ്ടു വെള്ളച്ചാട്ടങ്ങളാണ് ഇവിടത്തെ ആകര്‍ഷണം. ഏറെ താഴ്ചയിലുള്ള വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. അല്പം ക്ലേശമുണ്ട്. സാഹസിക വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടം മികച്ച കേന്ദ്രമാണ്.

മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ സന്ദര്‍ശകര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് 24 മുതല്‍ സൂചിപ്പാറയും സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരുന്നു. വിഷുദിനത്തിലാണ് വീണ്ടും തുറന്നത്. വിഷുദിനത്തില്‍ 636 മുതിര്‍ന്നവരും 21 കുട്ടികളും ഉള്‍പ്പെടെ 657 പേര്‍ ഇവിടെയെത്തി. ഞായറാഴ്ച 1491 മുതിര്‍ന്നവരും 72 കുട്ടികളും ഉള്‍പ്പെടെ 1563 പേരുമെത്തി. ശനിയാഴ്ച 22,035-ഉം ഞായറാഴ്ച 50,505-ഉം രൂപ വരുമാനം ലഭിച്ചു. മുതിര്‍ന്നവര്‍ക്ക് മുപ്പതും കുട്ടികള്‍ക്ക് പതിനഞ്ചും രൂപയാണ് പ്രവേശനഫീസ്.

കെ.എസ്.ഇ.ബി നടത്തുന്ന പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ അണക്കെട്ടിനോടനുബന്ധിച്ചുള്ള ജലവിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും വിഷു ആഘോഷത്തിന് സന്ദര്‍ശകര്‍ ഒഴുകിയെത്തി.

ശനിയാഴ്ച 1746-ഉം ഞായറാഴ്ച 3262-ഉം പേര്‍ ഇവിടെയെത്തി. യഥാക്രമം 64,860, 1,07,840 രൂപ വീതം വരുമാനം ലഭിച്ചു. അണക്കെട്ടിലൂടെയുള്ള സ്​പീഡ് ബോട്ട് സവാരിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. അഞ്ചുപേര്‍ക്ക് 15 മിനിറ്റിന് 450 രൂപയാണ് ഇതിനുള്ള ഫീസ്. പ്രവേശനഫീസ് മുതിര്‍ന്നവര്‍ക്ക് 15ഉം കുട്ടികള്‍ക്ക് പത്തും രൂപയാണ്.

കുറുവ ദ്വീപില്‍ രണ്ട് ദിവസങ്ങളിലുമായി രണ്ടുലക്ഷം രൂപ വരുമാനം ലഭിച്ചു.

വനംവകുപ്പും ഡി.ടി.പി.സി.യും ചേര്‍ന്ന് നടത്തുന്ന വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രവേശനഫീസും ഗൈഡിനുള്ള തുകയും ഉള്‍പ്പെടെ ഒരാളില്‍നിന്ന് 50 രൂപയാണ് ഈടാക്കുന്നത്.

ലോകത്തെ അറിയപ്പെടുന്ന പൈതൃക വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കല്‍ ഗുഹയിലും സന്ദര്‍ശക ബാഹുല്യമുണ്ടായി. ഗുഹാഭിത്തികളിലെ പ്രാചീന ശിലാ ലിഖിതങ്ങളാണ് ഇവിടത്തെ മുഖ്യ സവിശേഷത.
 17 Apr 2012  Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക