.

.

Friday, April 27, 2012

കാടുകളില്‍ വന്യമൃഗങ്ങള്‍ക്ക് പീഡനക്കാലം


നോക്കെത്താദൂരം കത്തിയെരിഞ്ഞ വനപ്രദേശങ്ങള്‍. പച്ചപ്പിന്റെ നാമ്പുപോലും കാണാനാവാതെ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ അലയുന്നു. കേരള- കര്‍ണാടക അതിര്‍ത്തി വനങ്ങളിലാണ് അതിജീവനത്തിനായി വനൃമൃഗങ്ങള്‍ പെടാപ്പാടുപെടുന്നത്. ബന്ദിപ്പൂര്‍, നാഗര്‍ഹൊള വനപ്രദേശങ്ങളില്‍ ഇത്തവണ നന്നായി കാട്ടുതീ പടര്‍ന്നു. വേനല്‍ നീണ്ടുനിന്നതോടെ കാട് കരിഞ്ഞ മണ്ണും ഇലകളുമായി വന്യമൃഗങ്ങളുടെ ഭക്ഷണം. നാഗര്‍ഹൊളയില്‍ ഭക്ഷണവും ശുദ്ധജലവും ലഭിക്കാതെ രണ്ട് കാട്ടാനകള്‍ ചത്തു.

പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ കണ്ടെത്തിയത് കരിഞ്ഞ ഇലകളും ചെളിവെള്ളവുമായിരുന്നു. ഗുണ്ടത്തൂര്‍, മേട്ടിക്കുപ്പ എന്നിവിടങ്ങളിലാണ് ആനകള്‍ രോഗം ബാധിച്ച് ചത്തത്. തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. വേനല്‍ ആരംഭത്തിലേ കാട്ടാനകളുള്‍പ്പെടെ വന്യജീവികള്‍ കൂട്ടമായി കബനിക്കരയിലെത്തും. പിന്നെ മഴക്കാലം വരെ വാസം അവിടെ.

വയനാട്ടിലും വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ലാത്ത പ്രശ്നം രൂക്ഷമാണ്. വനത്തിലെ മുളയപ്പാടെ പൂത്തുണങ്ങി നശിച്ചു. പച്ചപ്പ് കാണാനില്ലാത്ത അവസ്ഥ. വനാതിര്‍ത്തിയില്‍ ആനശല്യം കൂടാനും കാരണമിതാണ്. ആനകള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന പ്രവണതയേറിവരുന്നു. മുളയാണ് കാട്ടാനയുടെ പ്രധാന ആഹാരം. ആന വലിച്ചിടുന്ന മുളതന്നെയാണ് കാട്ടുപോത്തിന്റെയും മുഖ്യഭക്ഷണം.

കാട്ടാനകളും കാട്ടുപോത്തുകളുമെല്ലാം ആവശ്യത്തിന് ഭക്ഷണമില്ലാതെ വലയുന്നു. മഴ വൈകിയതിനാല്‍ വനപ്രദേശത്ത് പുല്ലുമില്ല. മണ്ണും കരിയിലയുമാണിവയുടെയും ഭക്ഷണം. എരണ്ടകെട്ടല്‍ എന്ന രോഗത്തിന് മുഖ്യകാരണവും ഇത് തന്നെ. കരിയിലയും മണ്ണും ദഹിക്കാതെ കുടലില്‍ പുഴുക്കളുണ്ടാകുന്നു. ഇത്തരം രോഗം വയനാട്ടിലും കാണുന്നുണ്ട്. വേനല്‍ രൂക്ഷമാകുമ്പോഴാണ് ഇത്തരം രോഗങ്ങള്‍ വന്യമൃഗങ്ങളെ പിടികൂടുന്നത്.

ഇളംപുല്ല് തിന്ന് കഴിയുന്ന മാനുകളുടെയും സ്ഥിതി വിഭിന്നമല്ല. മുത്തങ്ങയിലും തോല്‍പെട്ടിയിലും പാതയോരത്ത് നിരനിരയായി മാന്‍കൂട്ടങ്ങളെ കാണാനുണ്ട്. പാതയോരത്ത് പുല്ലുമുളയ്ക്കുന്നതുവരെ ഇവയും രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ അഭിമുഖീകരിക്കണം. ചേകാടിയിലും പരിസരങ്ങളിലും ചീയമ്പം വനപ്രദേശത്തും മാനുകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു. ചേനയും മറ്റ് കൃഷികളും മാനുകള്‍ തിന്നുതീര്‍ക്കുന്നു, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും വനത്തിന്റെ തകര്‍ച്ചയും വന്യമൃഗങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
മനോരമ  ഓണ്‍ലൈന്‍ പരിസ്ഥിതി ന്യൂസ് 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക