.

.

Monday, April 23, 2012

വയനാടന്‍ കാടുകളില്‍ തേന്‍ ഉത്‌പാദനം കുറയുന്നു

വെള്ളമുണ്ട: കാട്ടിലൊന്നും തേനില്ലാതായതോടെ തേന്‍ കുറുമരുടെ ജീവിതം ദാരിദ്ര്യത്തിന്റേതായി. പ്രതിവര്‍ഷം വയനാടന്‍ കാടുകളില്‍ തേന്‍ ഉത്പാദനം കുറയുകയാണ്. ഉള്‍വനങ്ങളില്‍ പോലും തേന്‍ തേടി നടന്ന കുറുമര്‍ക്ക് ഇത്തവണ പറയാന്‍ കദനകഥകള്‍ മാത്രമാണുള്ളത്. തേന്‍ കൂടുകള്‍ തേടിയായിരുന്നു കാട്ടുനായ്ക്കരുടെയും ഒരു കാലത്തെ ജീവിതം. ഇരുണ്ട വനത്തിലെ മാനംമുട്ടെ വളര്‍ന്ന മരത്തിനു മുകളിലെ ചാഞ്ഞ കൊമ്പില്‍ അറ്റത്തുനിന്നും ഇവര്‍ അതി സാഹസികമായാണ് തേന്‍ പാട്ടകള്‍ അടര്‍ത്തുക. വര്‍ഷത്തില്‍ ഒരു തവണ മാത്രം ലഭിക്കുന്ന തേന്‍ വിപണിയില്‍ നല്‍കിയാണ് ഇവര്‍ ജീവിത വരുമാനം കണ്ടെത്തിയിരുന്നത്.
സര്‍ക്കാറിന്റെ കണക്കുപുസ്തകത്തില്‍ കൃഷ്ണമണിപോലെ സംരക്ഷിക്കേണ്ട ചോലനായ്ക്കരുടെ ബന്ധുക്കളാണ് ഇവര്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ ജീവിതതാളത്തിന്റെ തായ്‌വേരുകള്‍ മുറിഞ്ഞ് വാടി നില്‍ക്കുകയാണ് ഇന്ന് ഈ വംശവൃക്ഷം. പരിഷ്‌കൃത സമൂഹത്തെ ഇന്നും വിസ്മയിപ്പിക്കുന്നതാണ് ഇവരുടെ 'ഗുഡമന'മെന്ന ആചാരം പോലും. ആദിവാസികള്‍ക്കിടയിലെ ഏറ്റവും മനോഹരമായ തെരണ്ടുകല്യാണമാണിത്. കുടിയിലെ പെണ്‍കുട്ടി തെരണ്ടാല്‍ ഊരുമൂപ്പനായ മൊതാലിയെ വിവരം അറിയിക്കുക എന്നതാണ് ആദ്യ ചടങ്ങ്. മൊതാലി അവര്‍ക്കായി ഒരു കുടില്‍ ഉയര്‍ത്തും. അതുതന്നെയാണ് കാട്ടുനായ്ക്കരുടെ ശുദ്ധമന. ആചാരക്രമത്തിന്റെ ചിട്ടവട്ടങ്ങളോടെ തെരണ്ടുകല്യാണം മൊതാലി നടത്തിത്തരുന്നതുവരെക്കും പെണ്‍കുട്ടിയുടെ വാസസ്ഥലം ഈ ഗുഡമനയിലാണ്. ആചാര സവിശേഷതയുടെ ഈ ചടങ്ങുകളൊക്കെ നടത്താന്‍ തേന്‍വിറ്റു കിട്ടുന്ന വരുമാനമായിരുന്നു കാലങ്ങളോളം പിന്‍ബലം. ബന്ധുക്കളെയെല്ലാം പങ്കെടുപ്പിച്ച് വളരെ ചെലവ് ഏറിയതാണ് ഇവര്‍ക്ക് ഓരോ ആചാരങ്ങളും. സാമ്പത്തിക സ്ഥിതി കൈവരുന്നവരെ തെരണ്ടുകല്യാണം നടത്തിയില്ലെങ്കില്‍ കുടുംബത്തിലെ പെണ്‍കുട്ടി ഏറെക്കാലം ഗുഡമനയില്‍ തന്നെ കഴിയേണ്ടിവരും. സംഘം ചേര്‍ന്നാണ് ഇവര്‍ തേനിനായി പുറപ്പെടുക. ഇതിനു മാസങ്ങള്‍ മുമ്പേ കാട്ടുനായ്ക്കര്‍ ഒരുക്കങ്ങള്‍ തുടങ്ങും. 'ജേനു കിഡ്ഡിയുടെയും കൈരികിഡ്ഡിയുടെയും' കമ്പുകളും ഇലയും ഉണക്കി സൂക്ഷിക്കും. ഇവകൊണ്ടാണ് തേന്‍കൂടുകള്‍ പുകയ്ക്കാനുള്ള ചൂട്ടുണ്ടാക്കുന്നത്. മരത്തിനു മുകളില്‍ കയറുന്നതിനു മുന്‍പ് കാട്ടുനായ്ക്കര്‍ പ്രാര്‍ഥന നടത്തും. രണ്ടാളാണ് തേനിനായി മരത്തില്‍ കയറുക. ഒരാള്‍ ചൂട്ടുകത്തിച്ച് തേനീച്ചകളെ ഓടിച്ചുകൊണ്ടിരിക്കും. ഈ സമയം മറ്റൊരാള്‍ തേന്‍പാട്ട മുളച്ചീന്തുകൊണ്ട് അടര്‍ത്തിയെടുക്കും. കയറിലൂടെ തേന്‍ പാട്ടകള്‍ ഓരോന്നായി നിലത്തിറക്കും. ജീവിത സ്വപ്നങ്ങള്‍ അധികമില്ലാത്ത ഇവര്‍ക്ക് തേന്‍ വിറ്റുള്ള ലളിതമായ ജീവിതമാണ് ലക്ഷ്യം. തേനും കാടും നഷ്ടമായതോടെ ഗോത്ര ജീവിതത്തിന്റെ ഒത്തൊരുമയും ഇവര്‍ക്കിടയില്‍ നിന്നും അന്യമാവുകയാണ്. സ്വന്തം ഭാഷയും ആചാരവുമെല്ലാം ഒന്നായി നഷ്ടമായതോടെ മറ്റുതൊഴിലുകള്‍ തേടിയാണ് ഇവരുടെ പ്രയാണം. പട്ടികവര്‍ഗ സൊസൈറ്റികളിലും വനസംരക്ഷണ സമിതിക്കുമെല്ലാം ഇവര്‍ തേന്‍ എത്തിച്ചുകൊടുക്കുന്നതുപതിവായിരുന്നു. തുച്ഛമായ വരുമാനമാണ് ഇവര്‍ക്കിതില്‍ നിന്നും ലഭിച്ചത്. വിനോദ സഞ്ചാരികളുടെ എണ്ണം കൂടി വര്‍ധിച്ചതോടെ വയനാടന്‍ തേനിന് ആവശ്യക്കാര്‍ ഏറെയാണ്. ചെറിയ കുപ്പി തേനിന് നൂറ് രൂപയാണ് വില ഈടാക്കുന്നത്. എന്നാല്‍ ശുദ്ധമായ തേന്‍ ഇപ്പോള്‍ വിപണിയില്‍ പോലും ലഭിക്കുന്നില്ല എന്നതാണ് അവസ്ഥ. കര്‍ണാടകയില്‍ നിന്നും കൊണ്ടുവരുന്ന ചെറുതേനും വളര്‍ത്തുതേനും ആവശ്യക്കാരെ കബളിപ്പിക്കുകയാണ്. വെല്ലം തുടങ്ങിയവ ഉരുക്കിച്ചേര്‍ത്ത് മായം കലര്‍ത്തുന്നതും പതിവായിരിക്കുകയാണ്. ആധുനിക രീതയിലുള്ള തേനെടുക്കല്‍ പരിശീലനം യൂത്ത് ഡെവലപ്‌മെന്റ് സൊസൈറ്റി വഴി തേന്‍ കുറുമര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ തേനിന്റെ ക്ഷാമം ഇവയുടെയെല്ലാം പ്രാധാന്യം നഷ്ടപ്പെടുത്തി. മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന്‍ പ്രസരണമാണ് വയനാടിന്റെ തേന്‍ കാലത്തിന് വെല്ലുവിളിയെന്ന് നിഗമനമുണ്ട്. എന്നാല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടന്നിട്ടില്ല. പരമ്പരാഗത ഗോത്ര ജീവിതത്തോട് പൊരുത്തപ്പെട്ട വംശീയ തൊഴിലുകള്‍ അടരുന്നതോടെ മറ്റൊരു ചരിത്രമാണ് പിന്നിലാവുന്നത്.
23 Apr 2012 Mathrubhumi Wayanad News

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക