.

.

Monday, April 16, 2012

പുല്ലിപ്പുഴയോരത്ത് ആര്‍ക്കും എന്തും ആവാം?

ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ ഫറോക്ക് പെരുമുഖം പുല്ലിപ്പുഴയോരത്തെ കണ്ടല്‍ വനമേഖലയില്‍ കയ്യേറ്റങ്ങളും കണ്ടല്‍ നശീകരണവും ഏറുന്നു. സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ അധികൃതരുടെ ഭാഗത്തു നിന്നില്ല.പ്രകൃതി സ്നേഹികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചെറുത്തുനില്‍പ്പ് മാത്രമാണ് കണ്ടലുകളെ നിലനിര്‍ത്തുന്നത്.


കടലുണ്ടിപ്പുഴയുടെ കൈവഴിയായ കനോലി കനാലും ചാലിയാറിന്റെ കൈവഴിയായ വടക്കുമ്പാട് പുഴയും ചേരുന്നതാണ് പുല്ലിപ്പുഴ. കല്ലംപാറ പാലം മുതല്‍ ചേലേമ്പ്ര സില്‍ക് പാലം വരെയുള്ള രണ്ടു കിലോമീറ്ററോളം തീരം കണ്ടല്‍ വനങ്ങളാല്‍ സമൃദ്ധമാണ്. ഉപ്പട്ടി, കണ്ണാമ്പൊട്ടി, നക്ഷത്രക്കണ്ടല്‍, ചുള്ളിക്കണ്ടല്‍, പീക്കണ്ടല്‍ എന്നീ ഇനങ്ങളാണ് പ്രധാനമായുമുള്ളത്.

പുറമെ കണ്ടലുമായി ബന്ധമുള്ള വള്ളിമുല്ല, പൊന്നുംവള്ളി, പുഴമുഞ്ഞ, ചെള്ളിപ്പുല്ല് തുടങ്ങിയ ഒട്ടേറെ സസ്യങ്ങളും പുല്ലിപ്പുഴയോരത്ത് വളരുന്നുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ നടത്തിയാല്‍ കൂടുതല്‍ ഇനങ്ങള്‍ കണ്ടെത്താനാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ മുസ്തഫ കേളപ്പാട്ടില്‍ പറഞ്ഞു.

പുഴയോരത്ത് ദേശാടനക്കിളികളും എത്തുന്നുണ്ട്. കടലുണ്ടി പക്ഷിസങ്കേതത്തില്‍ നിന്നാണ് കൂട്ടത്തോടെ ഇവ എത്തുന്നത്. മത്സ്യ സമ്പത്തും ഇഷ്ടം പോലെ. നിയന്ത്രണമില്ലാത്ത കണ്ടല്‍ നശീകരണം പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.

വനം വകുപ്പ് ഉടന്‍ സംരക്ഷണപദ്ധതി തയാറാക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക