.

.

Friday, April 20, 2012

പൂക്കോട് വിനോദസഞ്ചാരകേന്ദ്രം നവീകരിക്കുന്നു

കല്പറ്റ: വയനാട്ടിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു. ഇതിന്റെ നവീകരണത്തിന് സംസ്ഥാന ടൂറിസം വകുപ്പ് 2.98 കോടി രൂപയുടെ ഭരണാനുമതി നല്കി. ഒരുവര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കിറ്റ്‌കോയ്ക്കാണ് നിര്‍മാണച്ചുമതല.


അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ദേശീയരും വിദേശീയരുമായ വിനോദസഞ്ചാരികള്‍ പൂക്കോട്ടുവന്ന് അസംതൃപ്തരായി മടങ്ങുന്ന സ്ഥിതിയാണ് ഉണ്ടായരിുന്നത്. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന പൂക്കോടിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് എം.വി. സ്രേയാംസ്‌കുമാര്‍ എം.എല്‍.എ. നിയമസഭയിലും മറ്റ് അധികാര കേന്ദ്രങ്ങളിലും നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചത്. പൂക്കോട്ടെ അസൗകര്യങ്ങളെക്കുറിച്ച് 'മാതൃഭൂമി'യും പലതവണ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

തടാകത്തിന് ചുറ്റുമുള്ള നടപ്പാത ഗതാഗതയോഗ്യമാക്കല്‍, തടാകക്കരയില്‍ സന്ദര്‍ശകര്‍ക്ക് ഇരിപ്പിടങ്ങളും റസ്റ്റോറന്റുമൊരുക്കല്‍, കുട്ടികളുടെ പാര്‍ക്ക് നവീകരണം, ബോട്ട്‌ജെട്ടി, ഇ ടോയ്‌ലറ്റ്, തെരുവുവിളക്കുകളും ബോര്‍ഡുകളും സ്ഥാപിക്കല്‍, ഫ്‌ളോട്ടിങ് റസ്റ്റോറന്റ്, നിലവിലുള്ള ടോയ്‌ലറ്റ് ബ്ലോക്ക് നവീകരണം, നിലവിലുള്ള കെട്ടിടത്തിന്റെ വൈദ്യുതീകരണം നവീകരിക്കല്‍, പ്ലംബിങ് നവീകരണം, കെട്ടിടം പെയിന്റിങ്, പുല്‍ത്തകിടി തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചത്.

നിലവില്‍ അശാസ്ത്രീയമായി നിര്‍മിച്ച താത്കാലിക ബോട്ടുജെട്ടിയാണ് തടാകത്തിലുള്ളത്. ഇതില്‍ത്തട്ടി ബോട്ടുകള്‍ കേടാവുന്നത് പതിവാണ്. തടാകത്തിലെ ഭൂരിഭാഗം ബോട്ടുകളും കേടായതിനാല്‍ കരയില്‍കൂട്ടിയിട്ടിരിക്കയാണ്. തടാകത്തിലൂടെയുള്ള ബോട്ടുസവാരിയാണ് പൂക്കോട്ടെ മുഖ്യ ആകര്‍ഷണം. ബോട്ടുകള്‍ കുറവായതിനാല്‍ തിരക്കുള്ള ദിവസങ്ങളില്‍ പലരും സവാരി നടത്താനാകാതെ നിരാശരായി മടങ്ങുന്ന സ്ഥിതിയാണ്. ഈ അവസ്ഥയ്ക്കും പരിഹാരമുണ്ടാകും.

തടാകത്തില്‍ ശാസ്ത്രീയമായ ബോട്ട്‌ജെട്ടിയാണ് നിര്‍മിക്കുന്നത് ജെട്ടിയില്‍ തട്ടി ബോട്ടുകള്‍ കേടാവുന്ന പ്രശ്‌നത്തിന് ഇതോടെ പരിഹാരമുണ്ടാകും. വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ പൂക്കോട്ട് കുറവാണ്. ടോയ്‌ലറ്റുകള്‍ വൃത്തിഹീനവും പൊട്ടിപ്പൊളിഞ്ഞതുമാണ്. നിലവിലുള്ള ടോയ്‌ലറ്റുകള്‍ അറ്റകുറ്റപ്പണി നടത്തുകയും ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ സന്ദര്‍ശകരുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അറുതിയാകും. സന്ദര്‍ശകര്‍ക്ക് സ്വസ്ഥമായിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടെയില്ല. സാധാരണ റെസ്റ്റോറന്റും ഫേ്‌ളാട്ടിങ് റെസ്റ്റോറന്റും സ്ഥാപിക്കുന്നത് സന്ദര്‍ശകര്‍ക്ക് അനുഗ്രഹമാകും.
തടാകത്തിലെ കുട്ടികളുടെ പാര്‍ക്കിന്റെ അവസ്ഥ പരിതാപകരമാണ്. ഇവിടെയുള്ള വിനോദോപകരണങ്ങളെല്ലാം തുരുമ്പെടുത്തതാണ്. മികച്ച സൗകര്യങ്ങളൊരുക്കിയാകും കുട്ടികളുടെ പാര്‍ക്ക് നവീകരിക്കുക.
മൊത്തത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തിന്റെ ചന്തം കൂട്ടുന്ന പ്രവൃത്തികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളുടെ പറുദീയായ വയനാട്ടില്‍ ഇവര്‍ക്ക് ഏറ്റവും കൂടുതല്‍ ഹരംപകരുന്നത് പൂക്കോടാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് പൂക്കോടിന്റെ കീര്‍ത്തികേട്ട് എത്തുന്നത്. 13 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ശുദ്ധജല തടാകത്തിന്റെ ആഴം 40 മീറ്ററാണ്.

ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്ന് നോക്കുമ്പോള്‍ തടാകത്തിന് ഇന്ത്യുടെ ഭൂപടത്തിന്റെ ആകൃതിയാണ്. തടാകത്തിലെ സ്വച്ഛശീതളമായ ജലവിതാനത്തില്‍ നോക്കി മുഖം മിനുക്കുപോലെ മൂന്നുഭാഗത്തും വൃക്ഷങ്ങളാണ്. തടാകത്തിന് അതിരിടുന്ന ഈ നിത്യഹരിത വനങ്ങള്‍ ഒട്ടേറെ ജീവിവര്‍ഗങ്ങളുടെ ആവാസ വ്യവസ്ഥയാണ്. മലയണ്ണാന്‍ ഉള്‍പ്പെടെയുള്ള അപൂര്‍വ ജീവികളെ തടാകക്കരയില്‍ കാണാം. തടാകത്തിനകത്ത് ചിതറിക്കിടക്കുന്ന നീല ആമ്പല്‍പൂക്കള്‍ സന്ദര്‍ശകരുടെ മനംകവരുന്നു. ഒട്ടേറെ നാടന്‍ മത്സ്യങ്ങളും തടാകത്തില്‍ വളരുന്നു. പൂക്കോടിന്റെ സ്വാഭാവിക വനഭംഗിക്ക് കോട്ടംതട്ടാത്ത രീതിയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാവും നടത്തുക.
20 Apr 2012 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക