.

.

Thursday, April 19, 2012

ചുരം കാണാം


കോഴിക്കോട്-മൈസൂര്‍ ദേശിയപാത 212ല്‍  താമരശ്ശേരി ചുരം റോഡ് ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദ കേന്ദ്രമായി മാറുന്നു. ദിനം പ്രതി ടൂറിസ്റ്റുകളുടെ തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒന്‍പത് ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ താമരശ്ശേരി ചുരത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന വനം വകുപ്പും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പ്രകൃതി മനോഹരമായ കാനന പാതയിലൂടെ കാടിന്റെ കുളിര്‍മ നുകര്‍ന്ന് താമരശ്ശേരി ചുരത്തിന്റെ മലമടക്കുകള്‍ നടന്നു കയറുന്നതു സാഹസികരായ ടൂറിസ്റ്റുകള്‍ക്ക് ഇഷ്ട വിനോദമാണ്. തിരക്കേറിയ ടൌണിലെ പൊടിനിറഞ്ഞ ചുറ്റുപാടില്‍ നിന്നും  വേനല്‍ചൂടിന്റെ കാഠിന്യത്തില്‍ നിന്നും രക്ഷ തേടി കാടിന്റെ കുളിര്‍മയില്‍ വൈകുന്നേരങ്ങളില്‍ മലമുകളില്‍ നിന്നുമുള്ള സൂര്യാസ്തമയവും കാണാന്‍ കുടുംബ സമേതമാണ് ജനം വാഹനങ്ങളില്‍ ചുരത്തിലെത്തുന്നത്. അവധി ദിവസങ്ങളിലും ആഘോഷ ദിനങ്ങളിലും സന്ദര്‍ശകരുടെ തിരക്കുമൂലം ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടാകാറുണ്ട്. പ്രകൃതിയുടെ വരദാനമായ വനഭംഗിയും മലമുകളില്‍ നിന്നുള്ള കണ്ണെത്താ ദൂരത്തേക്കുള്ള താഴ്വാരകാഴ്ച്ചകളും പാതോയരങ്ങളിലെ കുട്ടിക്കുരങ്ങന്മാരുടെ വികൃതികളും വര്‍ണവാലുള്ള മലയണ്ണാനുകളും വിവിധയിനം വേഴാമ്പലുകളും കൂട്ടത്തോടെ എത്തുന്ന കരിംകുരങ്ങുകളുമാണ് ടൂറിസ്റ്റുകളെ പ്രധാനമായി ആകര്‍ഷിക്കുന്നത്. ചുരത്തിലെ ഹെയര്‍പിന്‍ വളവുകളില്‍
ഇരുവശങ്ങളിലുമായി ഇടതൂര്‍ന്നു നില്‍ക്കുന്ന ഉയരംകൂടിയ വന്‍

വൃക്ഷങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതും കൌതുകകാഴ്ച്ചയാണ്. മഴക്കാലങ്ങളില്‍ മലമുകളിലെ പാറകളിലൂടെയുള്ള വെള്ളച്ചാട്ടങ്ങളും കാട്ടുചോലകളും നീര്‍ച്ചാലുകളും മനോഹര കാഴ്ച്ചകളാണ്.  തിരക്കേറിയ വീതി കുറഞ്ഞ ചുരം റോഡില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൌകര്യമില്ലാത്തത് ടൂറിസ്റ്റുകള്‍ക്ക് അസൌകര്യമുണ്ടാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്‍പതാം വളവിനു മുകളില്‍ നിര്‍മിച്ച ചെറിയ വ്യൂ പോയിന്റ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് ആകെ ഒരുക്കിയിരിക്കുന്ന സൌകര്യം. ഇപ്പോള്‍ പുതുപ്പാടി ഗ്രാമ പഞ്ചായത്തും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും ചേര്‍ന്ന് ടൂറിസ്റ്റു വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനും ചുരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത് തടയുന്നതിനുമായി ഗ്രീന്‍ ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. ചുരത്തില്‍ വിവധയിടങ്ങളില്‍ നാടന്‍ ഭക്ഷണ ശാലകളും ടൂറിസ്റ്റുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ചുരം റോഡില്‍ മിക്കിയിടങ്ങളിലും ഐസ്ക്രീം വില്‍ക്കുന്ന വാഹനങ്ങളും ധാരാളമായി കാണാം.

വനം വകുപ്പും ടൂറിസം വകുപ്പും ഒത്തൊരുമിച്ച് പ്രകൃതിയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാതെയുള്ള ഇക്കോ ടൂറിസം വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകേണ്ടതുണ്ട്.

ടൂറിസം വികസന പദ്ധതികള്‍ക്ക് തുടക്കം
പ്രകൃതിമനോഹരമായ ചുരത്തില്‍ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി പറഞ്ഞു. ആദ്യപടിയായി ചുരത്തില്‍ ഒന്‍പതാം വളവിനു മുകളില്‍ വ്യൂപോയിന്റിന് സമീപം പാതയോരത്ത് ഇന്റര്‍ലോക്ക് വിരിക്കുന്നതിനും സുരക്ഷാ വേലി സ്ഥാപിക്കുന്നതിനുള്ള 31 ലക്ഷം രൂപയുടെ പ്രോജക്ടിന് ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

അടിവാരം മുതല്‍ 29-ാം മൈല്‍ ഒന്നാം വളവുവരെ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിച്ചു വരുന്നതായും വൈസ് പ്രസിഡന്റ് പറഞ്ഞു. ചുരത്തിലെ ഒന്‍പത് ഹെയര്‍പിന്‍ വളവുകളിലും സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിന് കോഴിക്കോട് എന്‍ഐടി രൂപകല്‍പന ചെയ്ത 43,43000 രൂപയുടെ പ്രോജക്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ചുരത്തില്‍  കേന്ദ്ര ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസ്റ്റുകള്‍ക്കായി ഡെറാഡൂണിലെ  സഹസ്രദാര മോഡല്‍ റോപ്പ് വെ നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ചുരം റോഡില്‍ വിവിധയിടങ്ങളില്‍ കുറ്റിച്ചെടികളും പൂമരങ്ങളും അടുത്ത സാമ്പത്തിക വര്‍ഷം നട്ടു പിടിപ്പിക്കുമെന്നും ബിജു താന്നിക്കാക്കുഴി പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചുരത്തില്‍ തകരപ്പാടിയില്‍ ടൂറിസ്റ്റുകള്‍ക്ക് ലഘു ഭക്ഷണ ശാലയും ടോയ്ലറ്റ് ബ്ളോക്കും നിര്‍മിക്കാനും പദ്ധതിയുണ്ട്.

പ്രവര്‍ത്തനം മന്ദഗതിയില്‍
ചുരം മേഖയുടെ വനം സംരക്ഷണത്തിനും ഇക്കോ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 2001-ല്‍ വനം വകുപ്പ് സ്ഥാപിച്ച മരുതിലാവ് വന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ചുരം മേഖല പൂര്‍ണമായും മരുതിലാവ് വന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തന പരിധിയിലാണെങ്കിലും കാര്യമായ യാതൊരു പ്രവര്‍ത്തനങ്ങളും ചുരം മേഖലയില്‍ നടക്കുന്നില്ല. ഇക്കോ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ വന സംരക്ഷണ സമിതികള്‍ മുഖേനയാണ് വനം വകുപ്പ് നടപ്പാക്കുന്നത്. ചുരം മേഖലയെ വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററായി പ്രഖ്യാപിക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകേണ്ടതുണ്ട്.

പാര്‍ക്കിങ്ങിന് നിയന്ത്രണം
ചുരത്തില്‍ വാഹനങ്ങള്‍ക്ക് 15 മിനിറ്റ് സമയം മാത്രമാണ് പാര്‍ക്കിങ്ങിന് അനുവദിച്ചിട്ടുള്ളത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ബസിന് 50 രൂപ, ടെമ്പോ ട്രാവലര്‍, മിനി ബസുകള്‍ക്ക് 20 രൂപ,  കാര്‍, ജീപ്പ്- 10 രൂപ. ദിവസവും രാവിലെ 7.30 മുതല്‍ വൈകിട്ട് 7.30 പച്ച യൂണിഫോം ധരിച്ച ഗ്രീന്‍ ഗാര്‍ഡുകളാണ് വാഹനങ്ങളുടെ ഫീസ് ഈടാക്കുന്നതും വാഹനങ്ങളുടെ പാര്‍ക്കിങ് സംവിധാനം ക്രമീകരിക്കുന്നതും. ചുരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത് തടയാനും നടപടിയെടുക്കാനും ഗ്രീന്‍ ഗാര്‍ഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബെനീറ്റോ ചാക്കോ (മനോരമ ഓണ്‍ലൈന്‍ വയനാട് ന്യൂസ്‌)

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക