.

.

Wednesday, April 18, 2012

അട്ടപ്പാടിയില്‍ രണ്ടുമാസത്തിനിടെ കത്തിനശിച്ചത് അരലക്ഷം ഏക്കര്‍ വനം

അഗളി: രണ്ടുമാസത്തിനിടെ അട്ടപ്പാടിയില്‍ കത്തിയമര്‍ന്നത് 50,000ഏക്കറിലേറെ വനം. നീലഗിരി ജൈവവൈവിധ്യ മേഖലയ്ക്ക് കനത്ത ആഘാതമായ തീപ്പിടിത്തത്തില്‍ സൈലന്റ്‌വാലി കരുതല്‍മേഖലയ്ക്കും നാശമുണ്ടായി.ഏഴുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ തീപ്പിടിത്തമാണ് ഈവര്‍ഷത്തേത്. അഹാഡ്‌സിന്റെ പിന്‍വാങ്ങലും വനംവകുപ്പ് കൃത്യമായി ഫയര്‍ലൈന്‍ വെട്ടാത്തതുമാണ് പ്രധാനകാരണമായി വിലയിരുത്തുന്നത്.


സൈലന്റ്‌വാലി കരുതല്‍മേഖലയില്‍ താഴെതുടുക്കി, ആനവായ മേഖലകളില്‍ 1,000 ഹെക്ടറിലേറെ വനം കത്തിനശിച്ചു. പ്രാക്തന ഗോത്രവിഭാഗമായ കുറുംബ വിഭാഗക്കാര്‍ വനത്തില്‍ കൃഷിഭൂമിയൊരുക്കിയപ്പോള്‍ തീ നിയന്ത്രണാതീതമായിരുന്നു. ആദിവാസികളുടെ കൃഷിഭൂമി (പഞ്ചക്കാട്) ഒരുക്കിയപ്പോള്‍ ഇത്തവണ ഊരിനോടുചേര്‍ന്നുള്ള വന്‍മരങ്ങള്‍ക്കും ചിലര്‍ തീയിട്ടിരുന്നു.

മേലേഭൂതയാര്‍ഭാഗത്ത് വന്‍മരങ്ങള്‍ വെട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഈ തീപടര്‍ന്നത് അണയാന്‍ നാല് ദിവസമെടുത്തു. ആദിവാസികള്‍ക്കുവേണ്ട ബോധവത്കരണം നടത്താത്തതും കൃഷിഭൂമിക്കുചുറ്റും ഫയര്‍ലൈന്‍ വെട്ടാത്തതും കാരണമായി. അതേസമയം, കാട്ടില്‍ വ്യാജവാറ്റ് നടത്തുന്നവര്‍ ശെന്തവന്‍മുടിയുടെ താഴ്‌വാരത്ത് തീയിടുകയായിരുന്നു. എകൈ്‌സസ് റെയ്ഡ്‌നടത്തിയതിലുള്ള പ്രതികാരമായാണ് മാര്‍ച്ച് ആദ്യവാരം ഇവര്‍ തീയിട്ടത്. ഗൊട്ടിയാര്‍കണ്ടി വനമേഖലയിലും ഇവരുടെ ക്രൂരതയുണ്ടായി.

അട്ടപ്പാടി റെയ്ഞ്ചിനുകീഴിലെ ഗലസി, മേലേതുടുക്കി, കുറുക്കത്തിക്കല്ല്, പുതൂര്‍, ഉമ്മത്താംപടി, സ്വര്‍ണഗദ്ദ, വെന്തവെട്ടി തുടങ്ങിയ വനപ്രദേശങ്ങളിലും കനത്ത തീപ്പിടിത്തമുണ്ടായി. ചെറിയ ചന്ദനത്തോട്ടങ്ങളും കത്തിനശിച്ചു. ചെന്തുമ്പി, മുള്ളി, ചാളയൂര്‍ ഭാഗത്തും കാട്ടുതീയുണ്ടായി. പലയിടത്തും കിലോമീറ്ററുകള്‍ വനത്തിനുള്ളിലേക്ക് തീപടര്‍ന്നു.

വനാതിര്‍ത്തിയില്‍ ഫയര്‍ലൈന്‍ വെട്ടാതിരുന്ന വനംവകുപ്പാണ് പ്രധാനകുറ്റക്കാര്‍. കഴിഞ്ഞവര്‍ഷംവരെ അഹാഡ്‌സിന്റെ സംയുക്ത വനപരിപാലനസമിതിയും വാച്ചര്‍മാരും ചേര്‍ന്ന് വേനല്‍ തുടങ്ങുംമുമ്പേ ഫയര്‍ലൈന്‍ വെട്ടിയിരുന്നു. മാത്രമല്ല, ചെറിയ തീപ്പിടിത്തങ്ങള്‍പോലും ഉടനടി അണയ്ക്കാന്‍ ഇവര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, അഹാഡ്‌സ് പദ്ധതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വാച്ചര്‍മാരെ പിന്‍വലിക്കുകയും വനംവകുപ്പിന് കൈമാറുകയുംചെയ്തു. ഇതിനുശേഷം കാര്യക്ഷമമായ വനപരിപാലനം ഉണ്ടായില്ല. ഇത് സമീപവര്‍ഷങ്ങളിലെ ഏറ്റവുംവലിയ തീപ്പിടിത്തത്തിന് കാരണവുമായി.
18 Apr 2012 Mathrubhumi Palakkd News

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക