.

.

Wednesday, April 4, 2012

ഗവി യാത്രയ്ക്കു കര്‍ശന നിയന്ത്രണം

പത്തനംതിട്ട ആങ്ങമൂഴിയില്‍ നിന്നു ഗവി വഴി വിനോദസഞ്ചാരികളുടെ യാത്രയ്ക്കു 15 വരെ കര്‍ശന നിയന്ത്രണം. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചത് ഈ ജൈവവൈവിധ്യ മേഖലയെ ദോഷകരമായി ബാധിക്കുന്നതിനാലാണു വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിയന്ത്രണത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ അടുത്തിടെ ആങ്ങമൂഴി ചെക്ക് പോസ്റ്റില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍, നിയന്ത്രണം ആരെയും തടയാനല്ലെന്നും വനം സംരക്ഷിക്കാനാണെന്നും എല്ലാവരും ഇതുമായി സഹകരിക്കണ മെന്നുമാണ് അധികൃതരുടെ അഭ്യര്‍ഥന.
ഏപ്രില്‍ 15ന് ശേഷമുള്ള നിയന്ത്രണത്തെപ്പറ്റി തീരുമാനിച്ചിട്ടില്ല. അതു സംബന്ധിച്ചു സര്‍ക്കാരില്‍ നിന്നു നിര്‍ദേശം പിന്നീടുണ്ടാകും.ഗവി മേഖലയിലേക്ക് അടുത്തിടെ വാഹന സഞ്ചാരം വളരെ കൂടിയെന്ന് വനം അധികൃതര്‍ പറയുന്നു.
വേനലില്‍ പലപ്പോഴും കാട്ടുതീ പടരാനും ഇതു കാരണമാകുന്നു. പ്ളാസ്റ്റിക് വസ്തുക്കള്‍ വനത്തില്‍ ഉപേക്ഷിക്കുന്നതും വര്‍ധിച്ചു.എന്നാല്‍, ഇതുവഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസിനും മറ്റും നിയന്ത്രണമില്ല. ഗവി മേഖലയിലെ താമസക്കാര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും മറ്റും പ്രയാസമുണ്ടാകാതിരിക്കാനാണിത്. ഇപ്പോള്‍ അമിത വാഹന സഞ്ചാരം നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ ദോഷമുണ്ടാകാം എന്നതിനാലാണു നടപടി.

സ്വകാര്യ വാഹനങ്ങളില്‍ പോകുന്ന പലരും അനിയന്ത്രിതമായി പ്ളാസ്റ്റിക് വലിച്ചെറിയുന്നു. മദ്യപിക്കാനെത്തുന്നവരുടെ എണ്ണവും വളരെ കൂടി. അടുത്തിടെ കാട്ടാനകളുടെ പിണ്ടത്തില്‍പ്പോലും പ്ളാസ്റ്റിക് കണ്ടെത്തിയിരുന്നു. മനുഷ്യന്റെ അമിത ഇടപെടല്‍ വന്യജീവികള്‍ക്കും ഭീഷണിയാകുന്നതിന്റെ തെളിവാണിതെന്ന് അധികൃതര്‍ പറഞ്ഞു. ലോകത്തെവിടെയും ഇത്തരം പ്രദേശങ്ങളില്‍ സഞ്ചാരികള്‍ക്കു നിയന്ത്രണമുണ്ട്.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക