.

.

Monday, April 23, 2012

അല്‍ഫോണ്‍സ മുതല്‍ മല്ലിക വരെ

തൊടുപുഴ: അല്‍ഫോണ്‍സ, സുവര്‍ണരേഖ, അന്‍മോള്‍, സിന്ധു, മല്ലിക..... ഇവരെ അറിയാന്‍ തൊടുപുഴ കാസ്ഡിന്റെ ഗ്രീന്‍ഫെസ്റ്റില്‍ എത്തിയാല്‍ മതി. കോളേജ് ബ്യൂട്ടികളൊന്നുമല്ല ഇവരാരും. മറിച്ച് ആരും കൊതിക്കുന്ന മാമ്പഴങ്ങളുടെ പേരുകളാണ്. പേരിലെ വൈവിധ്യം ഇവിടെ തീരുന്നില്ല. പ്രീയോള്‍, നമ്പ്യാര്‍, ബങ്കനപ്പള്ളി, ഫിമാപസന്ത്, ചന്ദ്രക്കാരന്‍, കുദൂസ്, കര്‍പ്പൂരം, മുണ്ടപ്പ, നീലാന്തി പസന്ത്, കല്ലുനീലം, കാലാപ്പാടി...... ഇങ്ങനെ തുടരുന്നു. 39 ഇനം മാങ്ങകള്‍ കാണാനും പരിചയപ്പെടാനും ഗ്രീന്‍ ഫെസ്റ്റില്‍ അവസരമുണ്ട്. ചെറുനാരങ്ങയുടെ വലിപ്പം മുതല്‍ പൊതിച്ചതേങ്ങയുടെ അത്രയും വരെ വലിപ്പമുള്ളവ ഇക്കൂട്ടത്തിലുണ്ട്.
ഇതില്‍ പലതും ഇന്നാട്ടുകാര്‍ക്ക് അത്ര പരിചയമുള്ളതല്ല. ബ്ലാക്ക്‌റോസ്, ജൂവാരി, സിന്ദൂരം, വെള്ളകോമങ്ങ, കോശേരി, കാഷ്യൂനട്ട്, മല്‍ഗോവ, കോട്ടേപ്പറമ്പന്‍, ആന്ധ്രാസ്‌പെഷല്‍, മൈലാപ്പ്, നടച്ചേല, ഗുദാദത്ത്, കിളിമൂക്ക്, ഓച്ചര്‍, നീലം, കുറുക്കന്‍, ജഹാംഗീര്‍, ചീറി, ദുമാനിയ എന്നിവയ്‌ക്കൊപ്പം മൂന്നിനം രാജഗിരി ഇനങ്ങളും വേറിട്ട കാഴ്ച ഒരുക്കുന്നു. തൊടുപുഴ സ്വദേശിയായ മാത്യു മഠത്തിക്കണ്ടമാണ് കൊതിയൂറുന്ന മാമ്പഴശേഖരത്തിന്റെ ഉടമ. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് വിളയിച്ചെടുത്ത കാര്‍ഷിക ഉല്‍പ്പനങ്ങളുടെ വന്‍ശേഖരവും ഇവിടെ കാണാം. സംസ്ഥാന വിത്തുവികസന അതോറിട്ടി, നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് ഫൗണ്ടേഷന്‍ എന്നിവിടങ്ങളില്‍ നല്ലയിനം വിത്തുകള്‍ ലഭിക്കും. മുള്ളങ്കി, ബീന്‍സ്, പാവല്‍, തക്കാളി, ചെറിയ ഉള്ളി എന്നീ വിത്തുകളാണ് നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഫൗണ്ടേഷന്റെ പ്രത്യേകത. വൈവിധ്യങ്ങളായ നൂറിലധികം സ്റ്റാളുകളും ഓട്ടോഷോയും മേളയുടെ ആകര്‍ഷകങ്ങളാണ്. 1942, 1959 വര്‍ഷങ്ങളില്‍ ഇറങ്ങിയ വില്ലീസ് ജീപ്പുകളും പുതുപുത്തന്‍ വാഹനശ്രേണിക്കൊപ്പം കാണാം. മൃഗപരിപാലനം എന്ന വിഷയത്തില്‍ മേളനഗരിയില്‍ നടത്തിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്തു. കേരള ഫീഡ്‌സ് ചെയര്‍മാന്‍ പി.സി.ജോസഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ്.മധു മുഖ്യപ്രഭാഷണം നടത്തി. ഡോ. വി.എന്‍.വാസുദേവന്‍, ടി.ജി.അനന്തന്‍, ഡോ. അജിത് ബാബു, ഡോ. ഷൈന്‍കുമാര്‍, ഡോ. പി.പി.നരേന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ സ്വാഗതവും ആന്റണി കണ്ടിരിക്കല്‍ നന്ദിയും പറഞ്ഞു.
23 Apr 2012 mathrubhumi Idukki News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക