.

.

Tuesday, April 10, 2012

'സസ്യ സര്‍വസ്വ'ത്തിന് ശനിദശ

കോഴിക്കോട്: ഫണ്ട് ലഭിക്കാതെയും പരിചരണത്തിന് ആവശ്യമായ സംവിധാനങ്ങളില്ലാതെയും ചാലിയത്തെ ഹോര്‍ത്തൂസ് മലബാറിക്കസ് സസ്യസര്‍വസ്വം പാര്‍ക്ക് നാശത്തിലേക്ക്.

2010 ജൂണില്‍ ഉദ്ഘാടനംചെയ്ത പാര്‍ക്കിന് തുടര്‍ഫണ്ടുകള്‍ ലഭ്യമാകാത്തതാണ് പ്രതിസന്ധിയായിരിക്കുന്നത്. മലബാറിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആന്‍ട്രിയന്‍ വാന്റീഡ് തയ്യാറാക്കിയ ഹോര്‍ത്തൂസ് മലബാറിക്കസില്‍ (മലബാറിന്റെ പൂന്തോട്ടം) രേഖപ്പെടുത്തിയിട്ടുള്ള മുഴുവന്‍ സസ്യജാലങ്ങളെയും ഒരുകുടക്കീഴില്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് പദ്ധതി നടപ്പാക്കിയത്.

വനം വകുപ്പിന്റെ ചാലിയത്തെ തടിഡിപ്പോയോടനുബന്ധിച്ചുള്ള പത്തേക്കറിലാണ് പാര്‍ക്ക് തയ്യാറാക്കിയിട്ടുള്ളത്. വാന്റീഡ് രേഖപ്പെടുത്തിയ 742 ഇനം സസ്യജാലങ്ങളില്‍ 590 ഇനങ്ങള്‍ ഇവിടെ നട്ടുപിടിപ്പിച്ചുകഴിഞ്ഞു. എന്നാല്‍, ഉദ്ഘാടനശേഷം 19 മാസം കഴിഞ്ഞിട്ടും പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്ന മുഴുവന്‍ കാര്യങ്ങളും ഇനിയും നടപ്പാക്കാനായിട്ടില്ല. ഫണ്ടിന്റെ ലഭ്യതക്കുറവാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നത്.
നട്ടുവളര്‍ത്തിയ തൈകളുടെ നിലനില്പ്‌പോലും ഫണ്ടിന്റെ കുറവ് കാരണം പ്രതിസന്ധിയിലാണ്. കാര്യമായ പരിചരണങ്ങള്‍ ലഭിക്കാതെ, നട്ടുവളര്‍ത്തിയവയില്‍ ഒട്ടുമുക്കാലും വളര്‍ച്ച മുരടിച്ച് കിടക്കുകയാണ്. ആരംഭകാലത്ത് ലഭിച്ച ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടാണ് സസ്യസര്‍വസ്വത്തിന്റെ ഇതുവരെയുള്ള നിലനില്‍പ്പിന് താങ്ങായത്. പുതിയ ഫണ്ട് ലഭിക്കാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സ്ഥിതിയാണിപ്പോള്‍.

പദ്ധതി ആസൂത്രണത്തില്‍വന്ന പാകപ്പിഴകളും തുടര്‍പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ചിലയിനം സസ്യങ്ങള്‍ വളര്‍ത്തിയെടുക്കണമെങ്കില്‍ അവയ്ക്കനുയോജ്യമായ സ്വാഭാവികാന്തരീക്ഷം കൂടി പ്രധാനമാണ്. ഇത്തരം മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയാണ് ഇവിടെ തൈകള്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നത്.

അനുയോജ്യമായ മണ്ണ്, നിയന്ത്രണ വിധേയമായ സൂര്യപ്രകാശം, സ്വാഭാവികമായ അന്തരീക്ഷം എന്നിവയൊക്കെയാണ് ഇതിനായി ഒരുക്കേണ്ടിയിരുന്നത്. എന്നാല്‍, തീരദേശ മേഖലയിലെ മണല്‍ നിറഞ്ഞ ഭൂമിയിലാണ് ഒട്ടുമിക്ക ചെടികളും വെച്ചുപിടിപ്പിച്ചിട്ടുള്ളത്. ഗ്രീന്‍ഹൗസ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇതിനെല്ലാം ഒരുപരിധിവരെ പരിഹാരമാകുമായിരുന്നു.

വാച്ച്ടവര്‍, മെച്ചപ്പെട്ട ജലസേചന സൗകര്യം എന്നിവയും ഒരുക്കേണ്ടതായുണ്ട്. പാമ്പ്‌സംരക്ഷണ കേന്ദ്രം, മത്സ്യവളര്‍ത്തുകേന്ദ്രം എന്നിവയും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ജനവാസ മേഖലയില്‍ നിന്ന് വനംവകുപ്പധികൃതര്‍ പിടികൂടുന്ന പാമ്പുകളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. കേന്ദ്രത്തില്‍ ഏതാനും ദിവസം സൂക്ഷിച്ചശേഷം പിടികൂടിയ പാമ്പുകളെ വനത്തില്‍ കൊണ്ടുവിടുകയാണ് ചെയ്യുന്നത്. ഇങ്ങനെ പിടികൂടുന്ന പാമ്പുകള്‍ക്ക് ഭക്ഷണത്തിനായി എലികളെയും തവളകളെയും പിടികൂടേണ്ട ചുമതലകൂടി കേന്ദ്രത്തിലെ വനം വകുപ്പുദ്യോഗസ്ഥര്‍ക്കാണ്. ഉദ്ഘാടന സമയത്ത് വിവിധയിനം മത്സ്യങ്ങളാല്‍ സമ്പന്നമായിരുന്ന ഫിഷ് ടാങ്കുകള്‍ ഇപ്പോള്‍ വെള്ളം വറ്റിയും ചണ്ടി അടിഞ്ഞുകൂടിയും വൃത്തിഹീനമായിക്കിടക്കുകയാണ്.

അധികൃതര്‍ അവഗണിക്കുമ്പോഴും സ്‌കൂള്‍-കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള പഠനസംഘങ്ങളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുകയാണിവിടെ. ഈ അധ്യയനവര്‍ഷം 140 പഠന സംഘങ്ങളാണ് ഇവിടെയെത്തിയത്. 

എന്നാല്‍, സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ പോലും ഇവിടെയില്ല.

സസ്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അവയുടെ തൈകള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക, ഗവേഷകര്‍ക്കും പഠന സംഘങ്ങള്‍ക്കും പഠനസൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരുന്നെങ്കിലും ഇവയൊന്നും ഇനിയും പ്രായോഗികമാക്കാന്‍ സാധിച്ചിട്ടില്ല.

വേനലവധിയായതോടെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെങ്കിലും വേണ്ടത്ര സൗകര്യങ്ങളും സംവിധാനങ്ങളുമില്ലാതെ ഈ സ്വപ്ന പദ്ധതി കാടുകയറി നശിക്കുകയാണ്.
10 Apr 2012 Mathrubhumi Kozhikkod news

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക