.

.

Friday, April 6, 2012

അശാസ്ത്രീയ മത്സ്യബന്ധനം - കടലാമകള്‍ ചത്തൊടുങ്ങുന്നു

ചാവക്കാട്‌: കടലിലെ അശാസ്ത്രീയമായ മത്സ്യബന്ധന രീതികളും, തീരത്തോടടുക്കുന്ന കപ്പലുകളും തുടങ്ങി നിരവധി പ്രശ്നങ്ങള്‍ കടലാമാകള്‍ക്ക് ദുരിതമാകുന്നു. കടല്‍തീരത്തേക്ക്‌ മുട്ടയിടാനെത്തുന്ന കടലാമകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. ഭീമന്‍ കടലാമകള്‍ ചാവക്കാട്‌ കടല്‍തീരത്ത്‌ ചത്തടിഞ്ഞ് കാക്കകള്‍ കൊത്തിവലിക്കുന്ന കാഴ്ച ദയനീയമാണ്. ആഴക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ മത്സ്യബന്ധനത്തിന് കപ്പലുകള്‍ ഭീഷണിയായപ്പോഴാണ് തീരക്കടലിലേക്ക് മത്സ്യബന്ധനം മാറ്റിയത്‌. കടലിന്‍റെ അടിഭാഗംവരെ അരിച്ചെടുക്കുന്ന മത്സ്യബന്ധന രീതിയാണ് കടല്‍ജീവികളുടെ വംശനാശത്തിനു കാരണമാകുന്നത്.
തീരക്കടലില്‍ ഇത്തരം മത്സ്യബന്ധനം നിരോധിച്ചിട്ടുള്ളതാണെങ്കിലും നടപടിയെടുക്കാന്‍ ഫിഷറീസ്‌ വകുപ്പ്‌ മടികാണിക്കുകയാണ്. വലകളിലും ബോട്ടുകളിലും എഞ്ചിന്‍റെ പ്രൊപ്പല്ലറുകളിലും കുടുങ്ങുന്ന ആമകള്‍ ചത്ത്‌ പോകാറാണ് പതിവ്‌. മത്സ്യത്തൊഴിലാളികള്‍ ഇവയെ കടലില്‍തന്നെ വലിച്ചെറിയും. തിരകള്‍ക്കൊപ്പം തീരത്തേക്കെത്തുന്ന ചത്ത കടലാമകള്‍ കാക്കകള്‍ക്കും പട്ടികള്‍ക്കും ഭക്ഷണമാകാറാണ് പതിവ്‌. ചാവക്കാട്‌ കടപ്പുറത്ത്‌ സീസണില്‍ നൂറുകണക്കിന് കടലാമകളാണ് കരയ്ക്ക്കയറി മുട്ടയിട്ട് പോകുന്നത്. കടലാമകളെ സംരക്ഷിക്കാനെന്നപേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ അമിതമായ ഇടപെടലുകളും കടലാമാകള്‍ക്ക് ദുരിതമാകുന്നുണ്ടെന്ന് ഫോറസ്റ്റ് അധികൃതര്‍ ചൂണ്ടിക്കാട്ടി. ചാവക്കാട് കടപ്പുറം കടലാമ സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിച്ച് കടലിലും കരയിലും കടലാമാകള്‍ക്ക് സംരക്ഷണമൊരുക്കാനുള്ള പദ്ധതികള്‍ ഉടന്‍ തുടങ്ങണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടു..
06-04-12 chavakkadonline.com News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക