.

.

Saturday, March 31, 2012

ഭൂമിക്കായി ഒരു മണിക്കൂര്‍

ആഗോളതാപനത്തിന്റെ രൂക്ഷത കുറയ്ക്കാനായി ലോകമെങ്ങും ഒരു മണിക്കൂര്‍ ലൈറ്റുകള്‍ അണയ്ക്കുക എന്നതാണ് ലോക ഭൌമ നാഴിക (എര്‍ത്ത് അവര്‍) എന്നത്. എല്ലാ മാര്‍ച്ചിലേയും അവസാനത്തെ ശനിയാഴ്ചയാണ് ലോക ഭൌമ നാഴിക ആഘോഷിക്കുന്നത്. രാത്രി 8.30 മുതല്‍ 9.30 വരെ അത്യാവശ്യമില്ലാത്ത ലൈറ്റുകള്‍ അണയ്ക്കുക എന്നതാണ് എര്‍ത്ത് അവര്‍ ആവശ്യപ്പെടുന്നത്. 2004ല്‍ ഓസ്ട്രേലിയയിലാണ് ആദ്യമായി ഭൌമ നാഴിക ആഘോഷിക്കാന്‍ തുടങ്ങിയത്. വേള്‍ഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) എന്ന സംഘടനയാണ് ലോക ഭൌമനാഴിക ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. 2004ല്‍ ചെറിയ തോതില്‍ ആരംഭിച്ച ഭൌമ നാഴിക ആചരണം 2006 മുതലാണ് ഒരു മണിക്കൂര്‍ നേരം ഭൂമിയിലെ ലൈറ്റുകള്‍ അണച്ചു ഭൂമിയെ സംരക്ഷിക്കാനായി ഒത്തുചേരുക എന്ന തലത്തിലേക്ക് എത്തിയത്. 2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന ഭൌമനാഴിക ആചരണം മുതലാണ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഈ ആഘോഷപരിപാടികള്‍ കടന്നു വന്നത്.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങള്‍ ഭൌമ നാഴിക ആചരണത്തില്‍ പങ്കെടുക്കുന്നുണ്ട്. 2009 മുതലാണ് ഇന്ത്യ ലോക ഭൌമ നാഴിക ആചരണത്തില്‍ പങ്കാളികളാകാന്‍ തുടങ്ങിയത്. 56 നഗരങ്ങളിലായി 50 ലക്ഷത്തോളം ജനങ്ങള്‍ 2009ല്‍ ഭൌമനാഴിക ആചരിക്കാന്‍ ഇന്ത്യയില്‍ തയാറായി എന്നാണ് കണക്കുകള്‍. ഒരു മണിക്കൂര്‍ അവര്‍ ലൈറ്റുകള്‍ അണച്ചതിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനായെന്നും കണക്കുകള്‍ പറയുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഭൌമനാഴിക ആചരണത്തിന് വന്‍ പ്രചാരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ 130 നഗരങ്ങളിലും ഒട്ടേറെ ഗ്രാമങ്ങളിലുമായി ലക്ഷകണക്കിനു ജനങ്ങള്‍ ലൈറ്റ് അണച്ച് ഈ ഉദ്യമത്തില്‍ പങ്കെടുത്തുതായാണു കണക്കുകള്‍. കേരളത്തിലും ഒട്ടേറെ ജനങ്ങള്‍ എര്‍ത്ത് അവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. കേരളത്തില്‍ മാത്രം 163 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞു. ആഗോള വ്യാപകമായി 135 രാജ്യങ്ങളിലായി 5251 നഗരങ്ങളിലെ രണ്ടു കോടിയോളം ജനങ്ങള്‍ 2011ലെ ഭൌമ നാഴികയില്‍ പങ്കെടുത്തതായി കണക്കുകള്‍ പറയുന്നു.
സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈവര്‍ഷം ഇന്ത്യയുടെ ഭൌമനാഴിക ആഘോഷങ്ങളുടെ അംബാസിഡര്‍. നൂറാം സെഞ്ചുറിയുടെ തിളക്കത്തില്‍ നില്‍ക്കുന്ന സച്ചിനെ കൂടാതെ കോലാവറി ഗാനത്തിലൂടെ ഇന്ത്യയിലും പുറത്തും പ്രസിദ്ധനായ തമിഴ് സിനിമാ നടന്‍ ധനുഷും എര്‍ത്ത് അവറിന്റെ പ്രചാരണത്തിനായി രംഗത്തുണ്ട്. \'ഐ വില്‍ ഇഫ് യു വില്‍ എന്നതാണ് ഈ വര്‍ഷത്തെ എര്‍ത്ത് അവറിന്റെ പ്രചാരണ മുദ്രാവാക്യം. ഫെയ്സ് ബുക്ക്, ടിറ്റ്വര്‍, ഗൂഗിള്‍ പ്ളസ്, യൂ ട്യൂബ് തുടങ്ങി വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ വന്‍തോതിലുള്ള പ്രചാരണ പരിപാടികളാണ് ഈ വര്‍ഷം ഇന്ത്യയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ലോകത്തൊട്ടാകെ കോടിക്കണക്കിനു ജനങ്ങള്‍ ഈ വര്‍ഷത്തെ എര്‍ത്ത് അവറില്‍ പങ്കെടുക്കുമെന്നാണ് സൂചനകള്‍.
Manoramaonline >> Environment >> News (നിഷാദ് കുര്യന്)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക