.

.

Thursday, December 1, 2011

ഈഫല്‍ ഗോപുരം ലോകത്തെ 'വലിയ വൃക്ഷ'മായേക്കും

ഫ്രാന്‍സിന്റെ സാംസ്കാരിക അടയാളമായ ഇൌഫല്‍ ഗോപുരം ലോകത്തെ ഏറ്റവും വലിയ വൃക്ഷമാകാനുള്ള സാധ്യത തെളിയുന്നു. 327 മീറ്റര്‍ പൊക്കമുളള ഗോപുരത്തെ ഒരു സസ്യജാലകേന്ദ്രമാക്കാനുളള പദ്ധതി 'ലെ ഫിഗാറോ' പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജൈവ ആര്‍ക്കിടെക്ചര്‍ രംഗത്ത് സ്പെഷലൈസ് ചെയ്യുന്ന ജിന്‍ജര്‍ എന്ന സ്ഥാപനമാണ് 72 ദശലക്ഷം യൂറോ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഈഫല്‍ ഗോപുരത്തില്‍ 600,000 സസ്യങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പഠനങ്ങള്‍ രണ്ടു വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്.

സസ്യങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ കൂടുതലായി വരുന്ന 378 ടണ്‍ ഭാരം ഈഫല്‍ ഗോപുരത്തിന് താങ്ങാനാവുമോ എന്നത് ഗോപുരത്തിന്റെ മാതൃകയില്‍ പരീക്ഷിച്ചു വരികയാണ്. ഇതിന്റെ ഫലം ഡിസംബറില്‍ ലഭ്യമാകും. വിജയകരമാണെന്നു കണ്ടാല്‍ അടുത്ത വര്‍ഷം ജൂണിനുള്ളില്‍ ഇതിനായുള്ള സസ്യോല്‍പാദനം നടത്താനും 2013 ല്‍ ഗോപുരത്തില്‍ ഇവ സ്ഥാപിക്കാനുമാണ് പദ്ധതി. ജനുവരി 2014 വരെ ഗോപുരത്തില്‍ വളര്‍ത്തുന്ന സസ്യങ്ങളെ 2016 ജൂലൈ വരെ അവിടെ നിലനിര്‍ത്തും. ഗോപുരത്തിന്റെ ഉരുക്ക് രൂപത്തില്‍ മണ്ണടങ്ങിയ ചാക്കുകള്‍ കെട്ടിയുറപ്പിച്ചാവും സസ്യങ്ങള്‍ വളര്‍ത്തുക. 12 ടണ്‍ റബര്‍ പൈപ്പുകളിലൂടെയാവും ഇവയ്ക്കുള്ള ജലസേചനം.

84.2 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തുവിടുമെങ്കിലും സസ്യങ്ങള്‍ 87.8 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കുമെന്നതിനാല്‍ പദ്ധതി കാര്‍ബണ്‍ നെഗറ്റീവ് ഗണത്തിലാവും ഉള്‍പ്പെടുക. 2002 മുതല്‍ ഈഫല്‍ ഗോപുരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പ്രകാശസംവിധാനത്തിന് ഈ പദ്ധതി തടസം സൃഷ്ടിക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഇലകള്‍ക്കിടയിലൂടെ ഈ പ്രകാശം ഗോപുരത്തെ വേറിട്ട പ്രകാശമാനത്തിലെത്തിക്കുമെന്നാണ് കരുതുന്നത്.

പാരീസിലെ സീന്‍ നദിക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇൌഫല്‍ ഗോപുരത്തിന്റെ ശില്‍പി ഗുസ്താവ് ഇൌഫല്‍ എന്ന എന്‍ജിനീയറാണ്. ഫ്രഞ്ച് വിപ്ളവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ സ്മരണാര്‍ഥം സംഘടിപ്പിക്കപ്പെട്ട യൂണിവേഴ്സല്‍ എക്സിബിഷന്റെ ഭാഗമായാണ് ഇൌഫല്‍ ഗോപുരം നിര്‍മിക്കപ്പെട്ടത്. ഇന്നു ഫ്രാന്‍സിലെ അഞ്ചാമത്തെ ഏറ്റവും ഉയരം കൂടിയ നിര്‍മിതിയാണിത്. ഇൌഫലിന്റെ ഭാരം ഏതാണ്ട് 10,100 ടണ്ണോളം വരും. ഏതാണ്ട് 18,038 ഇരുമ്പു ഭാഗങ്ങളും 2,500,00 ബോള്‍ട്ടുകളും ഇതിന്റെ നിര്‍മാണത്തിനുപയോഗിച്ചിട്ടുണ്ട്. കാറ്റിന്റെ പ്രതിരോധം, ഗണിതശാസ്ത്രപരമായ ചില കണക്കുകൂട്ടലുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇൌഫലിന്റെ ആകൃതി നിശ്ചയിച്ചത്.

ഗോപുരത്തിന്റെ അടിത്തറയുടെ വിസ്തൃതി 10,281.96 ചതുരശ്രമീറ്ററാണ്. ഗോപുരത്തിന്റെ മുകളിലെത്താന്‍ 1665 പടികള്‍ കയറണം. റെസ്റ്റോറന്റുകള്‍, റേഡിയോ സ്റ്റേഷന്‍ എന്നിവ പ്രവര്‍ത്തിക്കുന്ന ഗോപുരത്തില്‍ എഴുപത്തിരണ്ട് ഫ്രഞ്ചു ശാസ്ത്രജ്ഞന്‍മാരുടെ പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒാരോ ഏഴു വര്‍ഷം കൂടുമ്പോഴും ടവര്‍ പെയിന്റ് ചെയ്യാന്‍ മാത്രം 5060 ടണ്‍ പെയിന്റ് വേണം. ഗോപുരത്തിന്റെ നിര്‍മാണ ചെലവ് 7.8 ദശലക്ഷം ഫ്രാങ്ക് വരുമെന്നു കണക്കാക്കുന്നു. രണ്ടു വര്‍ഷവും രണ്ടു മാസവും അഞ്ചു ദിവസവുംകൊണ്ട് 300 ജോലിക്കാരാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്.

Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക