.

.

Monday, December 12, 2011

പുള്ളിപ്പുലി 'റാണി' യായി

കെണിയില്‍ വീണ പുള്ളിപ്പുലി അവശനിലയിലാണ്. തൃശ്ശൂര്‍ മൃഗശാലയിലെ കൂട്ടില്‍ എഴുന്നേറ്റുനില്‍ക്കാന്‍ ശേഷിയില്ലാത്തതിനാല്‍ കക്ഷി കിടപ്പുതന്നെയാണ്. മരുന്നും പരിചരണവുമൊക്കെ മുറയ്ക്ക് നല്‍കുന്നുണ്ടെങ്കിലും പുലിയുടെ മുഖം തെളിഞ്ഞിട്ടില്ല. കാട്ടില്‍ കഴിയേണ്ട എന്നെ എന്തിന് കൂട്ടിലാക്കിയെന്ന ഭാവത്തോടെയാണ് ചുറ്റുമുള്ളവരെ നോക്കുന്നത്. റാണിയെന്ന ഓമനപ്പേരും പുലിക്കിട്ടുകഴിഞ്ഞു.
കോതമംഗലത്തിനു സമീപം മാമലക്കണ്ടം എളമ്പളാശ്ശേരി ആദിവാസിക്കുടിക്കു സമീപത്തെ ഞണ്ടുകുളം ഭാഗത്താണ് പുലി കെണിയില്‍പ്പെട്ടത്. പന്നിയെ പിടിക്കാന്‍വെച്ച കെണിയില്‍ പുലി കുരുങ്ങിയത് കണ്ടത് ശനിയാഴ്ച രാവിലെയാണ്. വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ കുരുക്കഴിച്ച് കൂട്ടിലാക്കി അര്‍ദ്ധരാത്രിയോടെ തൃശ്ശൂര്‍ മൃഗശാലയിലെത്തിച്ചു.
കോന്നി ആനവളര്‍ത്തല്‍ കേന്ദ്രത്തിലെ വെറ്ററിനറി ഡോക്ടര്‍ വി. സുനില്‍കുമാര്‍. വെറ്ററിനറി സര്‍ജന്‍ ശ്യാം വേണുഗോപാല്‍ തുടങ്ങിയവര്‍ പുലിയെ പരിശോധിച്ച് മരുന്നു നല്‍കി.
രണ്ടുവയസ്സിലേറെയുള്ള പെണ്‍പുലിക്ക് മൃഗശാലയിലെ ജീവനക്കാരാണ് റാണി എന്നു പേരിട്ടത്. 64 സെ.മീറ്റര്‍ നീളവും ഇരുപത് കിലോയിലേറെ തൂക്കവുമുണ്ട്.
ഇരുമ്പ് കേബിള്‍കൊണ്ടുള്ള കുരുക്ക് മുറുകി തൊലി പൊളിഞ്ഞിട്ടുണ്ട്. കുരുക്കില്‍ രണ്ടുദിവസമെങ്കിലും കിടന്നതായാണ് പരിശോധനയില്‍ മനസ്സിലാകുന്നത്.
അവശതയായതുകൊണ്ടാകും അല്പം പോലും കുറുമ്പില്ല. സൂപ്പര്‍വൈസര്‍ ക്ലീറ്റസ് കൂട്ടിനുള്ളില്‍ കൈയിട്ട് തടവികൊടുത്തപ്പോഴും ആള്‍ അനങ്ങാതെ കിടന്നു. ചുറ്റും ആളുകൂടുമ്പോള്‍ മാത്രം ഗര്‍ര്‍.... എന്ന് മുരളുന്നുണ്ട്. കോഴിയിറച്ചിയൊക്കെ വെച്ചുനീട്ടിയെങ്കിലും കണ്ടമട്ട് വെച്ചില്ല.
രണ്ടുമൂന്നു ദിവസംകൊണ്ട് പുള്ളിപ്പുലി ഉഷാറാകുമെന്ന് മൃഗശാലയിലെ ക്യൂറേറ്റര്‍ ടി.വി. അനില്‍കുമാര്‍ പറഞ്ഞു. കൂടുതല്‍ ക്ഷീണം കാണിച്ചാല്‍ എക്‌സ്‌റേ എടുത്ത് വിശദ പരിശോധനകള്‍ നടത്തും.
സമീപകാലത്ത് കെണിയില്‍പ്പെട്ട് തൃശ്ശൂര്‍ മൃഗശാലയിലെത്തിയ മൂന്നാമത്തെ പുള്ളിപ്പുലിയാണ് റാണി. മുമ്പ് വന്ന രണ്ടും ആണ്‍പുലികളായിരുന്നു. അതിലൊന്ന് ഇപ്പോള്‍ തിരുവനന്തപുരം മൃഗശാലയിലുണ്ട്. മറ്റേയാള്‍ അപ്പു എന്ന പേരില്‍ തൃശ്ശൂരില്‍ത്തന്നെയുണ്ട്.

Posted on: 12 Dec 2011 Mathrubhumi Thrissur news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക