.

.

Wednesday, December 7, 2011

ഫോര്‍ട്ടുകൊച്ചി കടപ്പുറം വൃത്തിയാക്കാന്‍ ഫ്രാന്‍സില്‍ നിന്നൊരാള്‍

''ഒരാഴ്ചയ്ക്കകം ഞാനീ കടപ്പുറം വൃത്തിയാക്കും'' പറയുന്നത് ഫ്രാന്‍സുകാരന്‍ ടോണി.... കടലുകള്‍ കടന്ന് കൊച്ചി കാണാനെത്തിയതാണ് ടോണി. ഫോര്‍ട്ടുകൊച്ചി കടപ്പുറത്തിന്റെ സ്ഥിതി കണ്ട് ടോണിക്ക് ഇരിപ്പുറക്കുന്നില്ല.

പ്ലാസ്റ്റിക് മാലിന്യം ഇങ്ങനെ നിറഞ്ഞാല്‍ അത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ടോണി കടപ്പുറത്തേക്ക് ഇറങ്ങിയത്. ഒരൊറ്റ മണിക്കൂറിനകം കടപ്പുറത്ത് കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, പാഴ്‌വസ്തുക്കളുമെല്ലാം ടോണി പെറുക്കിയെടുത്തു. ഉപേക്ഷിക്കപ്പെട്ട ആയിരത്തോളം ചെരുപ്പുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, തെര്‍മോക്കോള്‍ രൂപങ്ങള്‍ തുടങ്ങിയവ ടോണി പെറുക്കിക്കൂട്ടി. വിവരമറിഞ്ഞ് നാട്ടുകാരും, നഗരസഭാംഗം അഡ്വ. ആന്റണി കുരീത്തറയും സ്ഥലത്തെത്തി.

ഹെറിറ്റേജ് സംരക്ഷണ സമിതിയും, ഡി.ടി.പി.സി.യും ചേര്‍ന്ന് കടപ്പുറം വൃത്തിയാക്കുന്നതിന് ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുകയാണ്. പ്രതിമാസം 60,000 രൂപയോളം ഇതിനായി ചെലവാക്കുന്നുമുണ്ട്. എന്നാല്‍ ശരിയായ മേല്‍നോട്ടം ഈ ജോലികള്‍ക്ക് ഇല്ലെന്നാണ് പരാതി.

മാലിന്യം നീക്കുന്നതിന് വേണ്ടത്ര ജീവനക്കാരെയും, വാഹനങ്ങളും നഗരസഭ അനുവദിക്കുന്നില്ലെന്ന് നഗരസഭാംഗം ആന്റണി കുരീത്തറ പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയോട് നഗരസഭ അവഗണന കാട്ടുകയാണ്. സായ്പ് കാണിക്കുന്ന ഈ താല്പര്യം പോലും നഗരസഭാധികൃതര്‍ കാട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒറ്റ ആഴ്ചകൊണ്ട് കടപ്പുറം ക്ലീനാക്കാനാണ് പരിപാടിയെന്ന് സായ്പ് പറഞ്ഞു. ഇതിനായി കൂട്ടുകാരുടെ സഹായവും തേടും. കടപ്പുറം വൃത്തിയാക്കുന്നതിന്റെ ചിത്രം എടുക്കാന്‍ പോസ് ചെയ്യാന്‍ ടോണിക്ക് സമ്മതമില്ലായിരുന്നു. തനിക്ക് മീഡിയാ ഇമേജ് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കടപ്പുറത്ത് ഫുട്‌ബോള്‍ കളിക്കുന്നവര്‍ പോലും പ്ലാസ്റ്റിക് മാലിന്യം കണ്ടാല്‍ എടുത്തുമാറ്റില്ല.

ചൊവ്വാഴ്ച സായ്പ് രംഗത്തിറങ്ങിയതോടെ കടപ്പുറത്തെ കളിക്കാരും അദ്ദേഹത്തെ സഹായിക്കാനെത്തി. സായ്പ് പെറുക്കിയ മാലിന്യം പിന്നീട് നഗരസഭാധികൃതര്‍ നീക്കം ചെയ്തു.

Posted on: 07 Dec 2011 Mathrubhumi Eranamkulam News     

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക