.

.

Friday, December 2, 2011

നിലമ്പൂര്‍ മേഖലയില്‍ ആനക്യാമ്പിന് പ്രസക്തിയേറുന്നു

നിലമ്പൂര്‍: മലബാറിലെ പ്രധാന വനമേഖലകളിലൊന്നായ നിലമ്പൂര്‍മേഖല കേന്ദ്രീകരിച്ച് ആനക്യാമ്പ് തുടങ്ങണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നു. നേരത്തെ നിലമ്പൂര്‍ കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന ആനക്യാമ്പ് നിലച്ചതോടെ മേഖലയില്‍ ഈ ആവശ്യം വീണ്ടും കൂടിയിട്ടുണ്ട്.

മുക്കുഴി സമ്പ്രദായമനുസരിച്ച് മുമ്പ് വാരിക്കുഴികളില്‍ വീഴുന്ന ആനകളെ പിടിച്ചുകൊണ്ടുവന്ന് പരിശീലിപ്പിച്ചിരുന്ന കരുളായി വനത്തിലെ നെടുങ്കയത്തുണ്ടായിരുന്ന ആനക്യാമ്പ് 1993-ഓടെ പൂര്‍ണമായും നിര്‍ത്തലാക്കുകയായിരുന്നു. മുപ്പതോളം ആനകള്‍ വരെ ഇവിടെയുണ്ടായിരുന്നു. ആനകളെ പരിശീലിപ്പിക്കുന്ന കേന്ദ്രവും ഭക്ഷണവും മറ്റും നല്‍കിയിരുന്ന സ്രാമ്പിയുടെയും അവശിഷ്ടങ്ങള്‍ ഇവിടെയിപ്പോഴും കാണാം. ആനകളുടെ വിശ്രമകേന്ദ്രം കൂടിയായിരുന്നു നിലമ്പൂരിലേത്.

1972 ലെ വന്യജീവി നിയമം നടപ്പായതോടെയാണ് സര്‍ക്കാര്‍ ആനപിടിത്തം നിര്‍ത്തിയത്. നിലവില്‍ കോന്നി, കോടനാട്, മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളിലാണ് ആനവളര്‍ത്തല്‍ പരിശീലനകേന്ദ്രങ്ങളുള്ളത്. നിലമ്പൂര്‍ നെടുങ്കയത്തെ കേന്ദ്രത്തോടൊപ്പം പറമ്പിക്കുളത്തുണ്ടായിരുന്നതും നിര്‍ത്തലാക്കിയിരുന്നു. നിലമ്പൂരിലെ ക്യാമ്പില്‍ തൃശ്ശൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ആനകളെയും വിശ്രമത്തിനായി കൊണ്ടുവന്നിരുന്നു. ജനവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇവയ്ക്ക് വിശ്രമം നല്‍കിയിരുന്നത്. സ്വസ്ഥമായി മേഞ്ഞുനടക്കാന്‍ കാട്ടില്‍ വിടാമെന്നതും അനുകൂലമാണ്. അതോടൊപ്പം വനത്തില്‍ കരിമ്പുഴയുടെ സാന്നിധ്യവും അനുഗ്രഹമാണ്.

വനത്തില്‍നിന്ന് പലപ്പോഴും ഒറ്റപ്പെട്ടും മുറിവുപറ്റിയും വെള്ളത്തിലൂടെ ഒഴുകിയുമൊക്കെ വന്ന് വനംവകുപ്പിന് ആനകളെ കിട്ടാറുണ്ട്. ഇങ്ങനെ കിട്ടുന്നവയെ നിലവില്‍ കോടനാടോ മുത്തങ്ങയിലോ കൊണ്ടുപോകാറാണ് പതിവ്. ഇവയെ നിലമ്പൂരില്‍ തന്നെ വളര്‍ത്താനും പരിശീലിപ്പിക്കാനും തുടങ്ങിയാല്‍ ടൂറിസംമേഖലയിലും വലിയ നേട്ടമുണ്ടാക്കാനാകും. ക്യാമ്പിലെ ആനകളെ കൂപ്പില്‍ മരംവലിക്കാനുപയോഗിക്കുന്നതിലൂടെ വകുപ്പിന് വരുമാനമുണ്ടാക്കാം.

നിലവില്‍ ഡിപ്പോകളിലടക്കം ട്രാക്ടര്‍ ഉപയോഗിച്ച് നിയമവിരുദ്ധമായാണ് മരംവലിക്കുന്നത്.
കരുവാരകുണ്ട് പറയന്‍മേടില്‍ മാസങ്ങള്‍ക്കുമുമ്പ് കാട്ടാനകളുടെ രൂക്ഷമായ ആക്രമണമുണ്ടായപ്പോള്‍ ഇവയെ തുരത്താന്‍ കുങ്കിയാനകളെ തമിഴ്‌നാട് മുതുമലയില്‍ നിന്നാണ് കൊണ്ടുവരാന്‍ ആലോചിച്ചിരുന്നത്. ഇത് ഏറെ ചെലവുവരുന്നതും വനംവകുപ്പിന് വന്‍ ബാധ്യതയാവുന്നതുമാണ്. അതേസമയം കാട്ടാനകളെക്കൊണ്ട് ഏറെ കൃഷിനാശം ഉണ്ടാകുന്ന നിലമ്പൂര്‍ മേഖലയില്‍ കുങ്കിയാനകളെ കൂടി പരിശീലിപ്പിക്കുന്ന കേന്ദ്രമുണ്ടെങ്കില്‍ വനംവകുപ്പിനും പ്രദേശവാസികള്‍ക്കും അതൊരുനേട്ടമാകും. കാട്ടാനശല്യത്തിന് പരിഹാരംകാണാനും ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കാം. ആവശ്യത്തിന് പരിശീലനം നല്‍കിയാല്‍ മേഖലയിലെ ഒട്ടേറെ ക്ഷേത്രങ്ങളിലെ ഉത്‌സവങ്ങള്‍ക്കും ഇവയെ ഉപയോഗിക്കാം.

കഴിഞ്ഞതവണ വനംമന്ത്രി നിലമ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ എലിഫന്റ് ടൂറിസത്തെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. ടൂറിസംമേഖലയിലെ നിലമ്പൂരിന്റെ അനന്തസാധ്യതകളെ പരമാവധി ഉപയോഗിക്കാന്‍ ആന വളര്‍ത്തുകേന്ദ്രങ്ങള്‍ക്ക് സാധിക്കും. നിലമ്പൂരിന്റെ തനത് വനമേഖലകളും ഇതിന് പര്യാപ്തമാണ്.
Posted on: 02 Dec 2011 Mathrubhumi Malappuram News  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക