.

.

Wednesday, December 14, 2011

പറവൂരിലെ ക്ഷേത്രക്കുളങ്ങള്‍ നശിക്കുന്നു

പറവൂരില്‍ ദേവസ്വം ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള വിശാലമായ ശുദ്ധജല കുളങ്ങള്‍ നാശത്തിന്റെ വക്കില്‍.
ഒരുകാലത്ത് കണ്ണീരുപോലെ തെളിഞ്ഞ ശുദ്ധജലം നിറഞ്ഞു കിടന്നിരുന്ന കുളങ്ങള്‍ കാലങ്ങളായി അധികൃതരുടെ അവഗണനയില്‍ അനുദിനം നാശോന്മുഖമാകുന്നു. ഇത്തരത്തില്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഈ കുളങ്ങള്‍ തന്നെ ഇല്ലാതായേക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പറവൂരിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ വലിയ കുളങ്ങള്‍ ഉണ്ട്.

നഗരമധ്യത്തിലെ ദക്ഷിണ മൂകാംബി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള ശുദ്ധജല തടാകമാണുള്ളത്. പടവുകള്‍ കെട്ടാതെ ഇട്ടിരിക്കുന്ന കുളത്തിന്റെ ചിലഭാഗത്ത് മാലിന്യങ്ങളും തള്ളുന്നുണ്ട്.

പെരുവാരം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും രണ്ട് കുളങ്ങളുണ്ട്. ഇതില്‍ കിഴക്കേ നടയിലെ കുളം കാലങ്ങളായി സംരക്ഷിക്കപ്പെടാത്ത അവസ്ഥയിലാണ്. പായല്‍ നിറഞ്ഞ് വേനലായതോടെ അവ ഉണങ്ങിക്കിടക്കുന്നു.
കിഴക്കേ നടയിലെ കുളം ഒട്ടേറെപ്പേര്‍ മുങ്ങിക്കുളിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. പായല്‍ നിറഞ്ഞതോടെ കുളി അസാദ്ധ്യമായി. പായല്‍ മുട്ടിയാല്‍ ചൊറിച്ചിലുണ്ടാകും. അതിനാലിപ്പോള്‍ രണ്ട് പട്ടിക കഷ്ണങ്ങള്‍ വലിച്ച് വെള്ളത്തിന്റെ നിരപ്പില്‍ കെട്ടി പായല്‍ അകത്തിയ ശേഷമാണ് കുളിക്കുന്നത്.

ദേവസ്വം വക തോന്ന്യകാവ് ഭഗവതീക്ഷേത്രം, കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം, മന്നം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും വിശാലമായ കുളങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുകയാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കണ്ണന്‍കുളങ്ങര ക്ഷേത്രക്കുളം മുസരിസ് പൈതൃക പദ്ധതി പ്രകാരം സംരക്ഷിക്കണമെന്ന് ആവശ്യം ഉണ്ട്.
നഗരത്തില്‍ കുടിനീരിന് പലപ്പോഴും വലയുമ്പോഴും പ്രകൃതിദത്ത ശുദ്ധജലമുള്ള ക്ഷേത്രക്കുളങ്ങള്‍ സംരക്ഷണമില്ലാതെ കിടക്കുന്നു. ഇവ ശുചീകരിച്ച് ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം.

14.12.2011 Mathrubhmi eranamkulam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക