.

.

Saturday, December 24, 2011

കാഴ്ചയുടെ വസന്തമായി കാര്‍ഷിക വ്യവസായ പ്രദര്‍ശനം

 ആലപ്പുഴ: കണ്ണിലും മനസ്സിലും ഒരായിരം സുഗന്ധങ്ങള്‍ പരത്തി കാഴ്ചയുടെ വസന്തോത്സവം വിരിഞ്ഞു . വിദേശികളും സ്വദേശികളുമായ പൂക്കളുടെയും ചെടികളുടെയും വര്‍ണവിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത് . എസ്.ഡി.വി മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക, വ്യവസായിക പ്രദര്‍ശനത്തോടനുബന്ധിച്ചാണ് പൂക്കളുടെ ഈ ഉത്സവം അര ങ്ങേറിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ചെടികളും നടീല്‍ വസ്തുക്കളും വാങ്ങാന്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

ഒറ്റ നോട്ടത്തില്‍ത്തന്നെ ആരെയും ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന റോസാ ചെടികളാണ് മേളയിലെ മുഖ്യ ആകര്‍ഷണം . മഞ്ഞയും കടുംചുവപ്പും ഇളംചുവപ്പും വെള്ളയും റോസാ പുഷ്പങ്ങള്‍ മനംകവരും . വലിയ ചെടികള്‍ക്ക് 100രൂപയാണെങ്കില്‍ ചെറുതിന് 25മുതല്‍ 30 രൂപ വ രെയാണ് വില . ഇവരോട് മത്സരിക്കാന്‍ ഓര്‍ക്കിഡുകളും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. കാബേജ് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഓര്‍ണമെന്റ്കയില്‍, അരലിയ, ജപ്പാന്‍ പൈന്‍, വൈറ്റ്‌പൈന്‍, സില്‍വര്‍ സൈപ്രസ് , ഗോള്‍ഡ് സൈപ്രസ് എന്നീ ചെടികള്‍ പുഷ്പ -ഫലസസ്യ പ്രദര്‍ശനത്തിന് മിഴിവേകി. ഇവയ്ക്ക് 50 മുതല്‍ 200രൂപ വരെയാണ് വില. ഇതുകൂടാതെ പുഷ്പങ്ങളായ ജമന്തി, സൂര്യകാന്തി, നന്ത്യാര്‍വട്ടം, ചെത്തി, തുടങ്ങിയവയും സ്ഥാനം പിടിച്ചു. ടിഷ്യു വാഴ, തെങ്ങ് , രുദ്രാക്ഷം , മാവ് എന്നിവയുടെ തൈകളും വില്പനയ്ക്കുണ്ട് . ഇതുകൂടാതെ നാടന്‍ ,അലങ്കാര ചെടികളുടെയും വിപുലമായ ശേഖരവും പ്രദര്‍ശനത്തിനുണ്ട് .

നടീല്‍ വസ്തുക്കളുടെ പ്രദര്‍ശന- വിപണനത്തിന് സര്‍ക്കാര്‍ സ്ഥാപനമായ വി.എഫ്.പി.സി.കെയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. മുളക്, വഴുതന, തക്കാളി എന്നിവയുടെ വിത്തുകള്‍ രണ്ടുരൂപയ്ക്കും കാബേജ്, ക്വാളിഫ്‌ളവര്‍ എന്നിവ രണ്ടരരൂപയ്ക്കും ഇവിടെ കിട്ടും. റോബസ്റ്റാ ഇനത്തില്‍പ്പെട്ട ഗ്രാന്റ്‌നൈല്‍ വാഴയുടെ വിത്തിന് 20 രൂപയാണ് വില .കൃഷിരീതികളുമായി ബന്ധപ്പെട്ട നിരവധി കൈപ്പുസ്തകങ്ങളും വില്പനയ്ക്കുണ്ട് . ഏഴ് ദിവസത്തെ കാര്‍ഷിക,വ്യവസായിക പ്രദര്‍ശനത്തില്‍ 160തോളം സ്റ്റാളുകള്‍ ഉണ്ട്. ശനിയാഴ്ച മുതല്‍ പ്രദര്‍ശന നഗരിയിലേക്ക് എസ്.ഡി.വി സ്‌ക്കൂളിന്റ മുന്‍വശത്തെ ഗേറ്റ് വഴിയും പ്രവേശനമുണ്ടായിരിക്കും.

Posted on: 24 Dec 2011 Mathrubhumi Alappuzha news  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക