.

.

Friday, December 30, 2011

സ്റ്റാളുകള്‍ പറയുന്നത് കാര്‍ഷികരംഗത്തെ പുതുവിജ്ഞാനം

തൊടുപുഴ: മനുഷ്യാധ്വാനം ലഘൂകരിക്കുന്ന കാര്‍ഷിക ഉപകരണങ്ങള്‍, പാഴാക്കി ക്കളയുന്ന ഫലങ്ങളില്‍ നിന്നുണ്ടാക്കാവുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ടാപ്പിങ് മെഷീന്‍, കീടരോഗബാധയേല്‍ക്കാത്ത പച്ചക്കറികള്‍...
പുതുവിജ്ഞാനത്തിന്റെ കലവറയാണ് കാര്‍ഷികമേളയിലെ ഓരോ സ്റ്റാളും. കാര്‍ഷികമേഖലയിലെ നൂതനസാങ്കേതിക വിദ്യകളാണ് ഓരോസ്റ്റാളിന്റെയും പ്രത്യേകത. കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍വകുപ്പുകളുടെ58 സ്റ്റാളുകളാണ് മേളയുടെ ആകര്‍ഷണം. മുളകൊണ്ടുള്ള വിവിധ നിര്‍മ്മാണ സാമഗ്രികളും ഫര്‍ണിച്ചറുമാണ് കേരള സ്‌റ്റേറ്റ് ബാംബുകോര്‍പ്പറേഷന്റെ സ്റ്റാളിലുള്ളത്. സീലിങ്, പാനലിങ്, പാര്‍ട്ടീഷന്‍ എന്നിവയ്ക്കുപുറമെ വാഹനങ്ങളുടെ ബോഡിപണിയാന്‍ പറ്റുന്ന തരത്തിലുള്ള മുളബോര്‍ഡുകള്‍ ലഭിക്കും. വീടിന്റെ തറയില്‍ ഉപയോഗിക്കാവുന്ന മുളഷീറ്റ് ചതുരശ്ര അടിക്ക് 250 രൂപയാണ് വില.

കൊയ്ത്ത് മെഷീന്‍, ഗാര്‍ഡന്‍ടില്ലര്‍, ടില്ലര്‍ എന്നിവയാണ് കാംകോ സ്റ്റാളിന്റെ പ്രത്യേകത. എത്ര തറഞ്ഞുകിടക്കുന്ന സ്ഥലവും ആറിഞ്ച് ആഴത്തില്‍ കിളച്ചുമറിക്കാന്‍ 45000 രൂപവിലയുള്ള ഗാര്‍ഡര്‍ ടില്ലറിനാകും. കൊയ്ത്ത് യന്ത്രത്തിന് 67,000 രൂപയാണ് വില. 25 ശതമാനം സബ്‌സിഡിയുമുണ്ട്. മാലിന്യ സംസ്‌കരണം ഇനി ഒരു ബുദ്ധിമുട്ടല്ലെന്ന സന്ദേശമാണ് ഖാദിഗ്രാമവ്യവസായ കമ്മീഷന്‍ നല്‍കുന്നത്. ദിവസം മൂന്നുകിലോഗ്രാം വരെ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാന്റ് 15,000 രൂപയ്ക്ക് കിട്ടും. പാചകവാതകവും ഇതില്‍ നിന്നുണ്ടാക്കാം.

തെങ്ങില്‍ കയറ്റം ഇനി എത്ര അനായാസമാണെന്ന് കേരള തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ സ്റ്റാള്‍ ബോധ്യപ്പെടുത്തും. രണ്ട് ഉപകരണങ്ങളാണ് ഇവര്‍ പരിചയപ്പെടുത്തുന്നത്. തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളും പ്രതിവിധികളും ഇവിടെ നിന്ന് മനസ്സിലാക്കാം.

കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന് പരാതിപറയുന്നവര്‍ക്കുള്ള മറുപടിയാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍. മട്ടുപ്പാവില്‍ എങ്ങനെ കൃഷി ചെയ്യാമെന്നറിയാന്‍ സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ കണ്ടറിയാം. ചെടിച്ചട്ടികളില്‍ നിറയെ കായ്ഫലങ്ങളുമായി പച്ചക്കറികള്‍ ഹരിത വര്‍ണ്ണമണിഞ്ഞ് നില്‍ക്കുന്നു. കീടരോഗ ബാധയേല്‍ക്കാത്ത പച്ചക്കറി വിത്തുകള്‍ ഇവിടെ ലഭ്യമാണ്. അരമീറ്റര്‍ നീളമുള്ള വള്ളിപ്പയറും, ചതുരപ്പയറും, നിത്യവഴുതനയും ആരെയും കര്‍ഷകനാക്കാന്‍ പോന്നവയാണ്.

കാര്‍ഷികമേളയുടെ സംഘാടകരായ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ സ്റ്റാളില്‍ അത്യുത്പാദന ശേഷിയുള്ള പച്ചക്കറിവിത്തുകള്‍ മിതമായ നിരക്കില്‍ കിട്ടും. തെങ്ങില്‍ തീര്‍ത്ത കരകൗശല വസ്തുക്കളും ഗാര്‍ഹിക ഉപകരണങ്ങളുമാണ് നാളികേരവികസനബോര്‍ഡിന്റെ മുഖമുദ്ര.
മഴവെള്ളം തടഞ്ഞുനിര്‍ത്തി ഭൂമിക്കടിയിലെ ജലനിരപ്പ് ഉയര്‍ത്താമെന്ന മാതൃകയാണ് ഭൂജലവകുപ്പ് ഒരുക്കിയിരിക്കുന്നത്.

കപ്പ അരിയാനും, പൊളിക്കാനുമുള്ള ഉപകരണങ്ങളാണ് കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ സ്ഥാപനത്തിലുള്ളത്. മഴക്കൊയ്ത്ത്, ജലസേചന മാതൃകകള്‍, കുടിവെള്ള പരിശോധന, ജലശുദ്ധീകരണ മാതൃക.. ഇവ ജല അതോറിറ്റിസ്റ്റാളില്‍ കാണാം.

ഭൂചലന ഭീഷണിയില്‍ ജീവിക്കുന്ന ഇടുക്കി നിവാസികള്‍ക്ക്, അതിന്റെ കാരണങ്ങള്‍ മനസിലാക്കാം. ഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെ സ്റ്റാളില്‍. ഇതിന്റെ ഉപഗ്രഹചിത്രങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

അനെര്‍ട്ട്, കോഴിക്കോട് ഐ.ഐ.എസ്.ആര്‍., സിഡ്‌കോ, സ്‌പൈസസ് ബോര്‍ഡ്, കെ.ടി.ഡി.സി., റബ്ബര്‍ ബോര്‍ഡ്, കേരാഫെഡ്, റബ്‌കോ, അരീക്കനട്ട് ആന്‍ഡ് സ്‌പൈസസ് ഡവലപ്പ്‌മെന്റ് ബോര്‍ഡ്, കൃഷിവിജ്ഞാനകേന്ദ്രം, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്പ്‌മെന്റ് അതോറിറ്റി, ഓയില്‍പാം, സെന്‍ട്രല്‍ വാട്ടര്‍ റിസര്‍ച്ച് ഡവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് എന്നീ വകുപ്പുകളുടെ സ്റ്റാളുകളും അറിവിന്റെ ഖനികളാണ്. മത്സ്യബന്ധന ഉപകരണങ്ങളാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് സര്‍വ്വേ ഇന്‍സ്റ്റിറ്റിയൂട്ട് ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ സ്വകാര്യ സ്ഥാപനങ്ങളുടെ നൂറിലധികം സ്റ്റാളുകളും ഇവിടെയുണ്ട്.

Posted on: 30 Dec 2011 mathrubhumi Idukki News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക