.

.

Monday, December 26, 2011

കുപ്പത്തൊട്ടിയാകുന്ന കുറുവ

അപൂര്‍വ ജൈവവൈവിധ്യങ്ങളുടെ അക്ഷയ കലവറയായ കുറുവാ ദ്വീപ് മാലിന്യകേന്ദ്രമാകുന്നു. മൂന്നു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നീലഗിരി ജൈവവൈവിധ്യ മേഖലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് കുറുവാ ദ്വീപ്. പാല്‍വെളിച്ചം വഴി ടൂറിസം വകുപ്പും പാക്കം വഴി വനം വകുപ്പുമാണ് സഞ്ചാരികളെ ദ്വീപിലേക്കു കയറ്റിവിടുന്നത്. എന്നാല്‍, വംശനാശം നേരിടുന്ന അപൂര്‍വ ജീവജാലങ്ങളുടെ കലവറയായ കുറുവാ ദ്വീപില്‍ മാലിന്യം നിക്ഷേപിക്കുന്നതു തടയാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഒഴിഞ്ഞ മദ്യക്കുപ്പികളും പ്ളാസ്റ്റിക് ബാഗുകളും കുറുവാ ദ്വീപില്‍ നിറയുന്നു. അപൂര്‍വ ഇനം പക്ഷികളുടെയും ഇനിയും വേണ്ടത്ര പഠനം നടക്കാത്ത തരത്തിലുള്ള തരങ്ങളില്‍പ്പെട്ട മത്സ്യ ഇനങ്ങളുടെയും ഒാര്‍ക്കിഡുകള്‍ അടക്കമുള്ള കൊച്ചു സസ്യജാലങ്ങളുടെയും നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള പരിസ്ഥിതി മലിനീകരണമാണ് കുറുവാ തീരത്തു നടക്കുന്നത്.
വിദേശികള്‍ അടക്കമുള്ള ധാരാളം സഞ്ചാരികള്‍ എത്തുന്ന കുറുവാ ദ്വീപില്‍ അവര്‍ക്കു വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തിലും അധികൃതര്‍ പരാജയപ്പെട്ടിരിക്കയാണ്. ദ്വീപിനു സമീപങ്ങളിലെ ഹോട്ടലുകളില്‍ ഉൌണിനും ചായയ്ക്കും ലഘുഭക്ഷണത്തിനുമെല്ലാം അമിത വിലയാണ് ഇൌടാക്കുന്നത്. വിദേശികളായ വിനോദസഞ്ചാരികളില്‍ നിന്നു വന്‍തുക ഭക്ഷണത്തിനായി ഇൌടാക്കുന്നതു പലപ്പോഴും പ്രതിഷേധം ഉയരാന്‍ ഇടയാക്കുന്നുണ്ട്. വില ഏകീകരിക്കണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ ഇക്കാര്യം ഇനിയും ഗൌരവത്തില്‍ എടുത്തിട്ടില്ല.
പാര്‍ക്കിങ് സൌകര്യങ്ങളുടെ അപര്യാപ്തതയും ദ്വീപിലെത്തുന്ന സഞ്ചാരികളെ വലയ്ക്കുന്നുണ്ട്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട കരാറുകാരനുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ളതിനാല്‍ ഇപ്പോള്‍ പാര്‍ക്കിങ് ഫീസ് ഇൌടാക്കുന്നില്ല. ഇതു പാര്‍ക്കിങ് സൌകര്യങ്ങളുടെ ക്രമരാഹിത്യത്തിനും ഇടയാക്കുന്നു. 10 ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച ക്ളോക്ക്റൂമില്‍ വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാല്‍ ഇതില്‍ നിന്നു സര്‍ക്കാരിലേക്കു പ്രതിഫലം ലഭിക്കുന്നില്ല. മൂത്രപ്പുരയിലേക്കു പുഴയില്‍ നിന്നു വെള്ളം ചുമന്നു കൊണ്ടുവരികയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ദ്വീപിലെ അപൂര്‍വ ഒാര്‍ക്കിഡുകളും മറ്റും സഞ്ചാരികള്‍ പറിച്ചു കൊണ്ടുപോകുന്നതും സാധാരണ സംഭവമാണ്. കുറുവാ തീരത്തെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതും ദ്വീപിന്റെ സ്വാഭാവിക നിലനില്‍പ്പിനു ഭീഷണിയാകുന്നുണ്ട്. മദ്യപിച്ചെത്തുന്ന സഞ്ചാരികള്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇവിടെ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
വരുംതലമുറകള്‍ക്കായി നിധി പോലെ സൂക്ഷിക്കേണ്ട പ്രകൃതിയുടെ ഇൌ വരദാനത്തെ പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതു പോലെയാണ് ഇന്നു ചൂഷണം ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നുമില്ല. ജില്ലാ ഭരണകൂടവും വനം-ടൂറിസം വകുപ്പുകളും കുറ്റകരമായ അനാസ്ഥ പുലര്‍ത്തുന്നതു കുറുവാ ദ്വീപിന്റെ സ്വാഭാവിക ജൈവാവസ്ഥയെ അപകടത്തിലാക്കുകയാണ്. കുറുവാ ദ്വീപിന്റെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ഒരു അറിവും നല്‍കാതെ വിനോദസഞ്ചാര വികസനം എന്ന പേരില്‍ ദ്വീപിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ സഞ്ചാരികളെ കടത്തിവിടുക മാത്രമാണ് ഇപ്പോള്‍ അധികൃതര്‍ ചെയ്യുന്നത്. പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ചു ശാസ്ത്രീയവും ആധികാരികവുമായ പഠനം നടത്താനും പ്രകൃതിയെക്കുറിച്ചുള്ള കൂടുതല്‍ അറിവു പകരാന്‍ കുറുവാ സന്ദര്‍ശനം ഉപകരിക്കുന്നതിനും ഉതകുന്ന പദ്ധതികളാണ് ഇവിടെ ആവശ്യം.

Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക