.

.

Wednesday, December 28, 2011

സഞ്ചാരികളുടെ തിരക്കില്‍ നെല്ലിയാമ്പതി വീര്‍പ്പുമുട്ടുന്നു

നെല്ലിയാമ്പതി: ക്രിസ്മസ് അവധി ആഘോഷിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കില്‍ നെല്ലിയാമ്പതി വീര്‍പ്പുമുട്ടുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഇഴയുന്നതിനാല്‍ താമസസൌകര്യം കിട്ടാതെ ഒട്ടേറെപേര്‍ക്ക് ഇവിടേക്കുള്ള യാത്ര ഉപേക്ഷിക്കേണ്ടിവരുന്നുണ്ട്. ഗോവിന്ദാമലയില്‍ സര്‍ക്കാര്‍ കോട്ടേജ് പണി പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. പാടഗിരിയില്‍ ടിബി പണിയുമെന്ന പൊതുമരാമത്തു വകുപ്പിന്റെ പദ്ധതിയും ഉപേക്ഷിച്ച മട്ടാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലേക്ക് യാത്രപോകാനിരുന്ന പല വിനോദ സഞ്ചാരികളും നെല്ലിയാമ്പതിയിലേക്ക് ഒഴുകുന്നതിനാല്‍ ഇവിടെ പതിവില്‍ കവിഞ്ഞ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

പോത്തുണ്ടി ചെക്ക് പോസ്റ്റ് വഴി ദിവസേന ശരാശരി 300 വാഹനങ്ങള്‍ ചെക്ക് പോസ്റ്റ് കടക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഊട്ടിയിലേക്ക് പോകാനിരുന്ന ചില തെക്കന്‍ജില്ലയിലെ സഞ്ചാരികള്‍ ട്രിപ്പ് നെല്ലിയാമ്പതിയിലേക്ക് മാറ്റി. തമിഴ്നാട്ടില്‍ നിന്നും ഗോവിന്ദാപുരം വഴി മടങ്ങിവരികയായിരുന്ന കേരള റജിസ്ട്രേഷന്‍ വണ്ടികള്‍ക്കുനേരെയുള്ള അക്രമസംഭവം കൂടിയതായ വാര്‍ത്ത പരന്നതോടെയാണ് പലരും തമിഴ്നാട് യാത്ര റദ്ദാക്കി ഇതുവഴി വരുന്നത്.

പോത്തുണ്ടി ഡാമും ഉദ്യാനവും പുതുക്കിപ്പണിത റോഡും ആകാശകാഴ്ചകളും ധാരാളം ഹെയര്‍പിന്‍വളവുകള്‍ കയറിയുള്ള ഹൈറേഞ്ചിലെ കാലാവസ്ഥയുമെല്ലാം കാണികളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവിടത്തെ പ്രധാന ആകര്‍ഷണമായ മാന്‍പാറയിലേക്കുള്ള യാത്രാനിരോധനം സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്. വനംവകുപ്പിന്റെ സമീപനമാണ് ടൂറിസത്തെ സാരമായി ബാധിക്കുന്നതെന്ന പരാതിയുണ്ട്. എങ്കിലും മാന്‍പാറപോലെതന്നെ കാരാശൂരിയിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ സംതൃപ്തരാണ്.

നെല്ലിയാമ്പതി സഞ്ചാരികളുടെ ഇടത്താവളമായ പോത്തുണ്ടി ഡാമിലെ ഉദ്യാനത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് അണക്കെട്ടിനു മുകളിലെത്തി തെക്കുഭാഗത്ത് പുതിയതായി സ്ഥാപിച്ച കവാടം വഴി പുറത്ത് കടക്കാന്‍ നിലവില്‍ സംവിധാനമില്ല. ഇത് സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എന്നാല്‍ തിരക്കുള്ള സീസണില്‍ അടച്ചിടുന്ന കവാടത്തില്‍ കാവല്‍ക്കാരെ നിര്‍ത്തി തുറന്നിടാന്‍ നടപടിയെടുത്തുവരുന്നതായി അധികൃതര്‍ പറഞ്ഞു.

28.12.11 Manoramaonline Palakkad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക