.

.

Thursday, December 1, 2011

വന്യജീവികള്‍ക്കിഷ്ടം നഗരജീവിതം

'ഈ ഫോറസ്റ്റ് നിറയെ കാടാണല്ലോ എന്നു ജഗതി സ്റ്റൈലില്‍ പറയണമെങ്കില്‍ കാട്ടില്‍ത്തന്നെ പോകണം. പക്ഷേ കാട്ടുമൃഗങ്ങളെ കാണാന്‍ നഗരത്തിലിരുന്നാല്‍ മതിയെന്ന കാലം വിദൂരമാവില്ല. കാട്ടിnലും നാട്ടിലുമുള്ള ആവാസ വ്യവസ്ഥകള്‍ തകരുമ്പോള്‍ പരക്കംപായുന്ന മൃഗങ്ങളും പാമ്പുകളുമൊക്കെ നഗരത്തില്‍ വന്നുപെടുന്നതു പതിവായിട്ടുണ്ട്. പ്രതിവര്‍ഷം മുന്നൂറിലധികം വന്യജീവികളെ വനംവകുപ്പ് നഗരത്തില്‍ നിന്നു കണ്ടെത്തുന്നുണ്ടെന്നാണ് കണക്ക്. ഇവയെ മാത്തോട്ടം വനശ്രീയില്‍ എത്തിച്ചതിനു ശേഷം വനത്തില്‍ വിടുകയാണു പതിവ്.

നഗരത്തില്‍നിന്നു പിടിയിലാകുന്നവയിലേറെയും പെരുമ്പാമ്പുകളാണ്. വയനാട് റോഡില്‍ രാത്രിയില്‍ റോഡിലകപ്പെട്ട പെരുമ്പാമ്പ് വാഹനങ്ങളുടെ ബഹളത്തില്‍ സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് കയറിപ്പോയത് അടുത്തിടെയാണ്. പറമ്പ് വെട്ടിത്തെളിച്ചെങ്കിലും കണ്ടെത്താനായില്ല. വെള്ളയിലും തുടര്‍ച്ചയായി പെരുമ്പാമ്പിനെ കണ്ടു. നഗരത്തില്‍ ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തുന്ന രാജവെമ്പാലകളുടെ എണ്ണവും കൂടുകയാണ്. രണ്ടു ദിവസം മൂന്ന് എന്ന തോതിലാണ് നഗരത്തില്‍ നിന്നു പാമ്പുകളെ പിടിക്കുന്നതെന്ന് ഡിഎഫ്ഒ: വി.കെ. ശ്രീവല്‍സന്‍ പറഞ്ഞു. വെള്ളിക്കെട്ടന്‍, അണലി, മൂര്‍ഖന്‍ തുടങ്ങിയ വിഷപ്പാമ്പുകളും നഗരപരിധിയില്‍ കുറവല്ല.

കാട്ടുപൂച്ചയെയും പനമെരുകിനെയും പലപ്പോഴും പിടികൂടാറുണ്ട്. മുന്‍പ് മാങ്കാവില്‍ കാട്ടുപൂച്ച വണ്ടിക്കടിയില്‍പ്പെട്ട് ചത്തു. ദേശീയപാതയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിനു സമീപമാണ് കഴിഞ്ഞ ദിവസം കാട്ടുപൂച്ചയെ പിടിച്ചത്. കോര്‍പറേഷന്‍ പരിധിയിലെ ചിലയിടങ്ങളില്‍ കുരങ്ങന്‍മാരെയും കാണാം. വെള്ളിമൂങ്ങയെ പോലെ നിരുപദ്രവകാരികളായ പക്ഷികള്‍ ജനവാസകേന്ദ്രങ്ങളില്‍ കുടുങ്ങിപ്പോകാറുണ്ട്. കല്ലായിയില്‍ നിന്നു പുലിയെ പിടിച്ചതും മാങ്കാവ്, ഫറോക്ക് എന്നിവിടങ്ങളില്‍ പുലിയെ വെടിവച്ചുകൊന്നതും നഗരവാസികള്‍ മറന്നിട്ടില്ല.

വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മുള്ളന്‍പന്നിയെയും കാട്ടുപന്നിയെയും കണ്ടെത്തുന്നുണ്ടെങ്കിലും നഗരപരിധിയില്‍ നിന്ന് ഇവയെ പിടിച്ചതായി ഇതുവരെ ഔദ്യോഗിക വിവരമൊന്നുമില്ല. നിര്‍മാണപ്രവൃത്തികള്‍ക്കു വേണ്ടി ഉള്‍പ്രദേശങ്ങളില്‍ നിന്നു ലോറിയില്‍ കൊണ്ടുവരുന്ന മണ്ണിനൊപ്പമാണ് പാമ്പുകളെത്തുന്നത് എന്നാണ് നിഗമനം. പുഴയിലൂടെ ഒഴുകിയെത്തുന്നവ വേറെ.

നഗരത്തിനുള്ളില്‍ തന്നെ ദീര്‍ഘകാലമായി ആളനക്കമില്ലാതെ കിടക്കുന്ന സ്ഥലങ്ങളില്‍ പാമ്പുകളും മറ്റും പെരുകാനിടയുണ്ട്. ഇവിടെ പിന്നീട് നിര്‍മാണപ്രവൃത്തികള്‍ നടക്കുമ്പോള്‍ ഇവ പുറത്തുവരാനും സാധ്യതയേറെയാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ തണല്‍മരങ്ങള്‍ മുറിക്കുകയും പരസ്യബോര്‍ഡുകള്‍ക്കു വേണ്ടി വെട്ടിമാറ്റുകയും ചെയ്യുമ്പോള്‍ വെള്ളിമൂങ്ങ ഉള്‍പ്പെടെ ഒട്ടേറെ പക്ഷികള്‍ക്കും താവളം നഷ്ടമാവുന്നുമുണ്ട്.

Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക