.

.

Saturday, December 3, 2011

അയല്‍പക്കത്തെ അഗ്നിപര്‍വതം

ന്യിരഗോംഗോ(Nyiragongo) അഗ്നിപര്‍വതത്തെ പറ്റി ഏറെ പേര്‍ കേട്ടു കാണില്ല. അതില്‍ തെറ്റില്ല, കാരണം ഈ അഗ്നിപര്‍വതം ഏറെയൊന്നും വാര്‍ത്തകള്‍ ഉണ്ടാക്കിയിട്ടില്ല, അതിനെ പറ്റി ശാസ്ത്രജ്ഞന്മാര്‍ വരെ അധികമൊന്നും പഠിച്ചിട്ടുമില്ല. അഗ്നിപര്‍വതം നിസ്സാരമായതു കൊണ്ടല്ല. ഡി.ആര്‍.സി. എന്നു ചുരുക്കി വിളിക്കുന്ന ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ കിഴക്കന്‍ അതിര്‍ത്തിയിലെ ഗോമ നഗരത്തിനടുത്തുള്ള പര്‍വതങ്ങളിലൊന്നിന്റെ മുകളില്‍, സമുദ്രനിരപ്പില്‍ നിന്നും രണ്ട് മൈല്‍ (ഏതാണ്ട് മൂന്നേകാല്‍ കിലോമീറ്റര്‍) പൊക്കത്തില്‍ നിലനില്‍ക്കുന്ന ഈ അഗ്നിപര്‍വതം ഭൂമിയിലെ ഏറ്റവും സക്രിയമായ അഗ്നിപര്‍വതങ്ങളിലൊന്നാണ്. 1977-ല്‍ ന്യിരഗോംഗോ പൊട്ടിത്തെറിച്ചപ്പോള്‍ മണിക്കൂറില്‍ 100 കി.മി. വേഗത്തിലാണ് ലാവ സ്‌ഫോടനമുഖത്തു നിന്ന് കീഴോട്ടൊഴുകിയത്. ലാവ ഒഴുക്കിന്റെ കാര്യത്തില്‍ ഇത് നിരീക്ഷക്കപ്പെട്ടിട്ടുള്ളതില്‍ വെച്ചേറ്റവും കൂടിയ വേഗമാണ്. നഗരത്തിലെ ജനവാസകേന്ദ്രങ്ങളില്‍ എത്തും മുമ്പ് തന്നെ ലാവ തണുത്തുറഞ്ഞു പോയതുകൊണ്ട് മാത്രമാണ് മരണസംഖ്യ 'നൂറുകണക്കിന്' മാത്രമായി ചുരുങ്ങിയത്. 2002-ല്‍ സ്‌ഫോടനമുണ്ടായപ്പോള്‍ പുറത്തേക്ക് തെറിച്ചത് നാലര കോടി ഘനയടി ലാവയാണ്. തല്‍ഫലമായി ഗോമോ നഗരത്തിലെ കെട്ടിടങ്ങളുടെ ആദ്യത്തെ രണ്ട് നിലകള്‍ ലാവയ്ക്കടിയിലായി. അന്ന് ജീവന്‍ രക്ഷിക്കാന്‍ മൂന്നര ലക്ഷം ആളുകള്‍ക്ക് പാലായനം ചെയ്യേണ്ടി വന്നു.

കാര്യങ്ങളിങ്ങനെ ആണെങ്കിലും ആരും ആ വഴിക്ക് പോയില്ല, അഗ്നി പര്‍വതത്തെ പേടിച്ചല്ല, അന്നാട്ടിലെ മനുഷ്യരെ പേടിച്ച്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ആഭ്യന്തരകലാപങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. ഇതേ കാരണത്താല്‍ തന്നെ, ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ ശാന്തിസേനാവിഭാഗങ്ങളിലൊന്ന് താവളമടിച്ചിരിക്കുന്നതും ഇവിടെ തന്നെ.

എങ്കിലും ന്യിരഗോംഗോയെ അങ്ങനെ അവഗണിക്കാനാവില്ല. വീണ്ടും ഉണ്ടായേക്കാവുന്ന സ്‌ഫോടനത്തില്‍ മരണസംഖ്യ വെറും 'നൂറുകണക്കിന്' ആയിരിക്കില്ല എന്നതു തന്നെ കാരണം. ഇന്ന് ഗോമോ നഗരത്തില്‍ തിങ്ങിപ്പാര്‍ക്കുന്നവരുടെ എണ്ണം പത്തുലക്ഷത്തിലേറെയാണ്. ഇക്കാരണത്താലാണ് ദാരിയോ തെദസ്‌കോ, കിം സിംസ് എന്നീ രണ്ട് അഗ്നിപര്‍വത ഗവേഷകര്‍ പഠനങ്ങള്‍ക്കായി ന്യിരഗോംഗോയുടെ മുഖം വരെ ചെന്നത്. അവരെടുത്ത വിസ്മയകരായ ചിത്രങ്ങള്‍ ബോസ്റ്റണ്‍ ഗ്ലോബില്‍ പ്രസിദ്ധീകരിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Mathrubhumi News

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക