.

.

Friday, December 2, 2011

ജലനിരപ്പ് ഉയര്‍ന്നാല്‍ കടുവാ സങ്കേതത്തിനു നാശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതു പെരിയാര്‍ കടുവാ സങ്കേതത്തില്‍ വന്‍ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നു പീച്ചി വനം ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്. അണക്കെട്ടിലെ ജലനിരപ്പു 136ല്‍ നിന്നു 152 അടി ആക്കി ഉയര്‍ത്തണമെന്നു തമിഴ്നാട് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ വനം ഗവേഷണ കേന്ദ്രത്തെ പഠനത്തിന് ഏല്‍പ്പിച്ചത്. അപൂര്‍വങ്ങളായ സസ്യങ്ങളും ജന്തുക്കളുമുള്ള ജൈവവൈവിധ്യ മേഖലയായ പെരിയാര്‍ കടുവാ സങ്കേതത്തില്‍ 14.308 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ് അണക്കെട്ടിന്റെ നിര്‍മാണത്തോടെ വെള്ളത്തിനടിയിലായത്. ജൈവവൈവിധ്യ മേഖലയുടെ സംരക്ഷണം കണക്കിലെടുക്കുമ്പോള്‍ അണക്കെട്ടിലെ ജലനിരപ്പു 110 അടിയില്‍ നിര്‍ത്തുന്നതാണ് ആശാസ്യമെന്നു പഠനം പറയുന്നു. എന്നാല്‍ സ്പില്‍വേ ആരംഭിക്കുന്നതു 136 അടിയിലായതിനാല്‍ ജലനിരപ്പു താഴ്ത്തുക എളുപ്പമല്ല. കൂടാതെ, ജലനിരപ്പു താഴ്ത്തുന്നതോടെ അധികമാകുന്ന വെള്ളം കൊണ്ടുപോകാന്‍ വലിയ കനാലോ സംഭരിക്കാന്‍ അണക്കെട്ടോ തമിഴ്നാടിന് ഇല്ലെന്നതാണു മറ്റൊരു പ്രശ്നം.
ജലനിരപ്പു കുറയ്ക്കണമെന്ന കേരളത്തിന്റെ വാദത്തിന് അനുകൂലവും ജലനിരപ്പ് ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ വാദത്തിന് എതിരുമാണു വനം ഗവേഷണ കേന്ദ്രത്തിന്റെ പഠനം.
ഒരു കാരണവശാലും ജലനിരപ്പ് ഉയര്‍ത്തരുതെന്ന ശക്തമായ ശുപാര്‍ശയോടെയാണു വനം ഗവേഷണ കേന്ദ്രം റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. തമിഴ്നാടിന്റെ ആവശ്യം പരിഗണിച്ചു ജലനിരപ്പ് 152 അടിയായി ഉയര്‍ത്തിയാല്‍ 11.219 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി കൂടി വെള്ളത്തിനടിയിലാകും. ഇതു പെരിയാര്‍ കടുവാ സങ്കേതത്തിലെ ഭൂപ്രകൃതിയെ മാറ്റി, മൃഗങ്ങള്‍ക്കു തീറ്റപോലും ലഭിക്കാത്ത സാഹചര്യത്തില്‍ എത്തിക്കും. മാത്രമല്ല, ഈ സാഹചര്യം കടുവാ സങ്കേതത്തില്‍ നിന്നു മൃഗങ്ങള്‍ കൂടുമാറുന്നതിന് ഇടയാക്കും. മൃഗങ്ങളുടെ സാന്നിധ്യം കുറയുന്നതു തേക്കടിയുടെ വിനോദസഞ്ചാര സാധ്യത കുറയ്ക്കും. പ്രതിവര്‍ഷം അഞ്ചുലക്ഷം വിനോദ സഞ്ചാരികളാണ് ഇവിടെ വന്നുപോകുന്നത്. കടുവാ സങ്കേതവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ഏകദേശം 4000 കുടുംബങ്ങള്‍ ഇവിടെ നിന്നു മാറി താമസിക്കേണ്ടി വരും. ഡയറക്ടര്‍ ഡോ. എസ്. ശങ്കര്‍, ഡോ. പി.എസ്. ഈസ, ഡോ. എ.ആര്‍.ആര്‍. മേനോന്‍, ഡോ. എന്‍. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടത്തിയത്.

ആര്‍. കൃഷ്ണരാജ് Manoramaonline >> Environment >> News (2.11.2011)

 ജലബോംബ്  >>

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക