.

.

Wednesday, December 7, 2011

അലങ്കാരപ്പക്ഷികളുമായി മൃഗസംരക്ഷണവകുപ്പ് പവിലിയന്‍

 കൊല്ലം:ശബ്ദാനുകരണ സാമര്‍ത്ഥ്യമുള്ള ആഫ്രിക്കന്‍ ചാരത്തത്തമുതല്‍ പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്ന ചൈനീസ് ഫെസന്റ് വരെ...കുള്ളന്‍ പശുക്കള്‍മുതല്‍ കുട്ടനാടന്‍ താറാവുകള്‍വരെ... അരുമപ്പക്ഷികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും നീണ്ടനിരയുമായി കൊല്ലം ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള മൃഗസംരക്ഷണവകുപ്പിന്റെ പ്രദര്‍ശന-വില്പന പവിലിയന്‍ ശ്രദ്ധേയമാകുന്നു.

160 മുതല്‍ 25,000 രൂപവരെ വിലവരുന്ന വളര്‍ത്തുപക്ഷികളും അലങ്കാരപ്പറവകളും പവിലിയനിലെത്തുന്ന കാഴ്ചക്കാരുടെ മനം കവരുന്നു. ഫിഞ്ചസ് എന്ന ചെറുകുരുവികള്‍ സ്റ്റാളിലെ കൗതുകക്കാഴ്ചയാണ്. നമ്മുടെ നാട്ടിലുള്ള തൂക്കണം കുരുവികളെപ്പോലെ കൂടുകെട്ടി പാര്‍ക്കുന്നവയാണ് ഫിഞ്ചസും. ജോടിക്ക് 160 രൂപയാണ് വില.

പ്രകൃതിയിലെ മിമിക്രിക്കാരനായ ആഫ്രിക്കന്‍ ചാരത്തത്തകള്‍ ഏത് ശബ്ദവും അനുകരിക്കാന്‍ സാമര്‍ത്ഥ്യമുള്ള പക്ഷിയാണ്. ആഫ്രിക്കന്‍ തത്തയായ സണ്‍ കൊമ്പൂറും മേളയിലുണ്ട്. പക്ഷേ ഇതിന് വില അല്പം കൂടും. 25,000 രൂപയാണ് ഒരെണ്ണത്തിന് വില.

സുനാമി, ഭൂകമ്പം എന്നീ പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നവയാണ് പെസന്റ് പക്ഷികള്‍. ഒരു മീറ്ററോളം നീളുന്ന വാലാണ് ഈയിനത്തില്‍പ്പെട്ട ആണ്‍പക്ഷികളുടെ പ്രത്യേകത. രണ്ടുവര്‍ഷംകൊണ്ട് ഇവ പൂര്‍ണവളര്‍ച്ചയെത്തും. ഇരുപത്തയ്യായിരത്തോളം വരും ഇതിന്റെ വിലയും. സില്‍വര്‍, ഗോള്‍ഡന്‍ റിങ് തുടങ്ങിയ ചൈനീസ് പക്ഷികള്‍ക്ക് പതിനായിരം രൂപയാണ് വില.

മധുരമായി പാടുന്ന കൊക്കറ്റിലുകള്‍, വയല്‍ക്കുരുവികളായ ജാവ, ഓസ്‌ട്രേലിയന്‍ ചെറുതത്തയായ ബസ്ജീസ് എന്നിവയും പ്രദര്‍ശനത്തിലെ ആകര്‍ഷണങ്ങളാണ്. മൂന്നുമാസം പ്രായമുള്ള എമുപക്ഷികളും പ്രദര്‍ശന-വില്പന മേളയിലുണ്ട്. 15,000 രൂപയാണ് ജോടിക്ക് വില. അലങ്കാരക്കോഴികളുടെയും വളര്‍ത്തു മുയലുകളുടെയും വന്‍ ശേഖരവുമുണ്ട്. അലങ്കാരക്കോഴികള്‍ക്കും പ്രാവുകള്‍ക്കുമായി പ്രദര്‍ശനവാരം നടത്തുന്നുണ്ട്. ഭീമന്‍ മുയലുകളായ ചിഞ്ചില, ന്യൂസിലാന്‍ഡ് വൈറ്റ്, ഗ്രേ ജയന്റ് എന്നിവയും പ്രദര്‍ശനത്തിലുണ്ട്.

ടര്‍ക്കിക്കോഴികളും താറാവുകളും പ്രദര്‍ശനത്തിനും വില്പനയ്ക്കുമുണ്ട്. കുട്ടനാടന്‍ താറാവിനങ്ങളായ ചാരാ, ചെമ്പല്ലി എന്നിവയും അരയന്നസൗന്ദര്യം പേറുന്ന വിയറ്റ്‌നാം താറാവായ ഫിഗോവയും പവിലിയനിലെത്തുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഫിഗോവയുടെ കുഞ്ഞിന് 400 രൂപയാണ് വില. മുന്നൂറ് രൂപയാണ് കുട്ടനാടന്‍ താറാവിന്റെ കുഞ്ഞിന്റെ വില. ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളും വില്പനയ്ക്കുണ്ട്.

കേരളത്തിന്റെ തനത് പശുക്കളായ വെച്ചൂര്‍ പശു, കാസര്‍കോട് ഡ്വാര്‍ഫ് എന്നിവയും മലബാറി, സിരോഹി, ജംനാപ്യാരി, തോത്തപ്പുലി എന്നീ ആടുകളും പ്രദര്‍ശനത്തിലുണ്ട്. വിവിധയിനം വിദേശനായ്ക്കളെ ആഴ്ചതോറും ഇടവിട്ട് പ്രദര്‍ശിപ്പിക്കുന്നുണ്ട്. പരിശീലനം ലഭിച്ച നായ്ക്കളുടെ പ്രകടനവും പ്രദര്‍ശനത്തോടനുബന്ധിച്ച് ദിവസവും നടത്തുന്നുണ്ട്.

ഒട്ടകപ്പക്ഷിയുടെ മുട്ടമുതല്‍ പല്ലിമുട്ടവരെ അണിനിരത്തി എഗ് ഗാലറിയും പ്രദര്‍ശനത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

യുഗാന്തരങ്ങള്‍ പഴക്കമുള്ള, പക്ഷിമൃഗാദികളെ ആലേഖനം ചെയ്ത നാണയങ്ങള്‍, കന്നുകാലികളെ അണിയിച്ചൊരുക്കാന്‍ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാഗവട്ട, ആടയാഭരണങ്ങള്‍ എന്നിവയുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

ഡിസംബര്‍ 20 മുതല്‍ പവിലിയനില്‍ 'പീജിയന്‍ ഫെസ്റ്റ്' എന്ന പേരില്‍ വിവിധതരം പ്രാവുകളുടെ പ്രദര്‍ശനം ഉണ്ടാകുമെന്ന് മൃഗസംരക്ഷണവകുപ്പ് പി.ആര്‍.ഒ. ഡോ. ഡി.ഷൈന്‍കുമാര്‍ അറിയിച്ചു.

രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം.

Posted on: 07 Dec 2011 Mathrubhimi Kollam News   

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക