.

.

Monday, December 19, 2011

പുഴകളുണ്ടായിട്ടും കേഴുന്നു കേരളം- എം.പി. വീരേന്ദ്രകുമാര്‍


ആലപ്പുഴ: 44 നദികളുണ്ടായിട്ടും കുടിക്കാന്‍ വെള്ളമില്ലാതെ കേഴുന്നവരുടെ നാടായി കേരളം മാറിയെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.
അഡ്വ. പി.ജെ. ഫ്രാന്‍സിസ് രചിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച 'ആലപ്പുഴ കിഴക്കിന്റെ വെനീസ്' പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 44 പുഴകളെ സംരക്ഷിച്ചാല്‍മാത്രം സമ്പന്നത നേടാവുന്ന ജനതയാണ് നാം. കുവൈറ്റില്‍ ഒരു ലിറ്റര്‍ പെട്രോളിന് 60 ദിനാറാണ്. കുടിവെള്ളത്തിന് 90 ദിനാറും. നദികളിലെ വെള്ളം കയറ്റിയയച്ചാല്‍ നമുക്ക് സുഭിക്ഷമായി കഴിയാം. പക്ഷേ, ഇപ്പോള്‍ പമ്പയും മീനച്ചിലാറും ഒഴുകുന്നില്ല. ഏതു മാലിന്യവും കൊണ്ടിടേണ്ട സ്ഥലമായി പുഴ മാറി. കാടിന്റെ വിസ്തൃതി അറിയാത്തവരാണ് വനസംരക്ഷകര്‍. കാട്ടിലെ മരംവെട്ടുന്നതും പുഴയുടെ ഉത്ഭവസ്ഥാനം നശിക്കുന്നതും അവരറിയുന്നില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ 75 കൊല്ലം കഴിയുമ്പോള്‍ ശ്വസിക്കാന്‍ വായു പോലും നമുക്കില്ലാതാകും.
ഒരുനവോത്ഥാന പ്രസ്ഥാനവും ആലപ്പുഴയില്‍ ഉണ്ടായിട്ടില്ല. പക്ഷേ, അതിന്റെ അലയൊലികള്‍ ഇവിടെയുണ്ടായി. ഭിന്നസംസ്‌കാരങ്ങള്‍, വണിക്കുകള്‍, ജനപഥങ്ങള്‍ എല്ലാംചേര്‍ന്ന് വളര്‍ച്ചയുടെ സംസ്‌കാരം ഇവിടെ വളര്‍ന്നു. വെനീസ് ഇന്നൊരു വിനോദസഞ്ചാരകേന്ദ്രമാണ്. വെനീസിന്റെ മഹിമ ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നത് കിഴക്കിന്റെ വെനീസിനെ സാധൂകരിക്കാനാണ്. വെനീസ് ഈ നൂറ്റാണ്ടിനവസാനം കാണില്ലെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ, ആലപ്പുഴ കാണും- മലിനമായിട്ടാണെങ്കിലും.
സംസ്‌കാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ നാം പണ്ടേ വിമുഖരാണ്. മദ്യഷാപ്പുകളല്ലാതെ ഏതുസംസ്‌കാരമാണ് നമുക്ക് കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
മാതൃഭൂമി ആലപ്പുഴ മുന്‍ ബ്യൂറോചീഫ് ജോയ്‌വര്‍ഗീസിന്റെ സ്മരണകള്‍ പങ്കുവച്ചാണ് വീരേന്ദ്രകുമാര്‍ പ്രസംഗം അവസാനിപ്പിച്ചത്. പി.ജെ. ഫ്രാന്‍സിസിന്റെ പുസ്തകം ജോയ്‌വര്‍ഗീസിനാണ് സമര്‍പ്പിച്ചിട്ടുള്ളത്.
ആലപ്പുഴയെ പുനര്‍നിര്‍മിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് പുസ്തകം ഏറ്റുവാങ്ങി ജി.സുധാകരന്‍ എം.എല്‍.എ. പറഞ്ഞു. ഒരുപാടുസര്‍ക്കാറുകള്‍ വന്നുപോയെങ്കിലും ആലപ്പുഴയുടെ വികസനത്തിന്‌വേണ്ടി ആത്മാര്‍ഥമായ ഒരു പരിശ്രമവും ഉണ്ടായിട്ടില്ല. ഒരു സെമിനാറും പ്രസംഗവും നടത്താതെയാണ് ദിവാന്‍ രാജ കേശവദാസന്‍ ആലപ്പുഴയെ വികസിപ്പിച്ചത് -സുധാകരന്‍ പറഞ്ഞു.
വെനീസ് പഴമകളെയെല്ലാം കാത്തുസൂക്ഷിച്ചാണ് പെരുമ നേടിയതെന്ന് ഗ്രന്ഥകര്‍ത്താവ് അഡ്വ. പി.ജെ. ഫ്രാന്‍സിസ് പറഞ്ഞു. സമാനതകളോടെ വളര്‍ന്ന സംസ്‌കാരങ്ങള്‍ക്ക് എങ്ങനെയാണ് വളര്‍ച്ചയും തളര്‍ച്ചയും ഉണ്ടായതെന്ന് പരിശോധിക്കുന്നത് ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.
 

Posted on: 19 Dec 2011 Mathrubhumi Alappuzha News 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക