കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് പറയുന്നത്. എന്നാല്‍, ഇരുപത്തിയേഴാം
വര്‍ഷത്തിലും സങ്കീര്‍ണമാവുന്ന ഭോപ്പാല്‍ ദുരന്തം കാലത്തിനുതന്നെ മുറിവേല്‍പ്പിക്കുന്നു.
വര്‍ഷത്തിലും സങ്കീര്‍ണമാവുന്ന ഭോപ്പാല്‍ ദുരന്തം കാലത്തിനുതന്നെ മുറിവേല്‍പ്പിക്കുന്നു.
ദുരന്തങ്ങള്‍ അങ്ങനെയാണ്. നിശ്ശബ്ദമായ മുന്നറിയിപ്പുകള്‍ പോലെ നിരന്തരം സൂചനകളുണ്ടാകും. പലരും അതൊന്നും ശ്രദ്ധിച്ചെന്ന് വരില്ല - ശ്രദ്ധിച്ചാലും കാര്യമായി എടുത്തെന്നും വരില്ല. യാദൃച്ഛികമായി മറ്റു ചിലര്‍ ഗൗരവത്തോടെ കാണുമ്പോഴാണ് സ്ഥിതിമാറുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇവിടെ ദുരന്തങ്ങള്‍ വന്ന വഴിയും വരാവുന്ന വഴിയും തമ്മില്‍ ഏറെ ദൂരമില്ല.
ഡിസംബര്‍ 3. ഭോപ്പാല്‍ വിഷവാതകദുരന്തത്തിന് ഇരുപത്തിയേഴ് വര്‍ഷം പൂര്‍ത്തിയാവുന്നു. ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തം. കൊന്നൊടുക്കിയവരും ദുരിതബാധിതരുമായ പതിനായിരങ്ങളുടെ മണ്ണിലേക്കുള്ള ആറാമത്തെ തീര്‍ഥാടനമാണിത്. ഓരോ തവണ വരുമ്പോഴും ഭോപ്പാല്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. തീരാദുരിതങ്ങള്‍ക്ക് ഒരവസാനമില്ലെന്ന് മരണത്തോട് മല്ലിടുന്ന പതിനായിരങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് പറയുന്നത്. എന്നാലിവിടെ ഭോപ്പാല്‍ വിഷവാതകദുരന്തം കാലത്തിന് തന്നെ മുറിവേല്‍പ്പിക്കുന്നു.
ഒന്നുമറിയാതെ പഴയ ഭോപ്പാല്‍ ചേരികളിലെ കുടിലുകളില്‍ ഉറങ്ങിക്കിടന്ന പാവങ്ങള്‍ ഉണരാതെ പോയ രാത്രിയില്‍, വീഥികളിലെന്നോണം തലങ്ങും വിലങ്ങും കിടന്ന ശവങ്ങള്‍ക്കിടയിലൂടെ മരവിച്ച മനസ്സുമായി ഒഴുകിനടന്നതൊക്കെ വീണ്ടും ഓര്‍മയിലെത്തുന്നു - ഒരിക്കലും മറക്കാനാവാത്തവിധം മരണം വേതാളനൃത്തം ചവിട്ടിയ മണിക്കൂറുകള്‍. നാലായിരത്തിന്നപ്പുറമെത്തിയ ഔദ്യോഗിക മരണക്കണക്കുകളുമായി ചോളാറോഡ് ശ്മശാനത്തിലെ കൂട്ടശവദാഹത്തില്‍ ആയിരങ്ങളൊന്നിച്ച് വെന്തെരിയുന്നത് നോക്കിനില്‍ക്കുമ്പോള്‍ പതഞ്ഞുപൊന്തിയ ആത്മരോഷം അമേരിക്കല്‍ ബഹുരാഷ്ട്രകുത്തകകളായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയോടായിരുന്നു. എന്നാലിന്ന് ഒടുങ്ങാത്ത ദുരിതങ്ങളുമായി നരകിക്കുന്ന പതിനായിരങ്ങളെ കാണുമ്പോള്‍ കാര്‍ബൈഡ് ഏറ്റെടുത്ത ഡൗ കെമിക്കല്‍സിനോടൊപ്പം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട തദ്ദേശഭരണകൂടങ്ങളും പ്രതിക്കൂട്ടിലെത്തുന്നു. കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ സ്വതന്ത്രനാക്കി കുത്തകകള്‍ക്ക് കുടപിടിക്കുന്ന കേന്ദ്രഭരണകൂടം ജനാധിപത്യസംസ്‌കാരത്തിന്റെ ശപിക്കപ്പെട്ട അധ്യായമായി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് നീങ്ങിക്കൂടായ്കയില്ല.
കാര്‍ബൈഡ് ഫാക്ടറിയുടെ അറുനൂറ്റിപ്പത്താം ടാങ്കിലെ നാല്പത്തിരണ്ട് ടണ്‍ മീതൈല്‍ ഐസോസൈനേറ്റ് മിശ്രിതത്തിലേക്ക് ഇടവേളകളില്‍ അല്പാല്പമായി വെള്ളം ചേരുമ്പോള്‍ ഉടക്കിനിന്ന സേഫ്റ്റി വാള്‍വുകള്‍ നല്‍കിയത് വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനകളായിരുന്നില്ലേ? ഒടുവില്‍ സേഫ്റ്റി വാള്‍വുകള്‍ തകര്‍ത്തുകൊണ്ട് കുത്തിയൊഴുകിയ വെള്ളം ഇരുനൂറ് ഡിഗ്രി ചൂടില്‍ വിഷവാതകമായി പുറത്തേക്കൊഴുകിയപ്പോള്‍ തൊട്ടടുത്ത കുടിലുകളില്‍ ഉണരാതെ പോയവരോടൊപ്പം പാതിയുറക്കത്തില്‍നിന്ന് ജീവനും കൊണ്ടോടുന്നതിനിടയില്‍ വീഥികളില്‍ വീണുമരിച്ച സ്ത്രീകളും കുട്ടികളും വേറെയും. ഔദ്യോഗിക കണക്കുകളനുസരിച്ച് ആദ്യ മണിക്കൂറില്‍ മരിച്ച 3,787 പേര്‍ മൂന്നു ദിവസത്തിനുള്ളില്‍ പതിനായിരത്തോടടുത്തെത്തി. കാല്‍ നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ വാതകദുരന്തമരണങ്ങള്‍ അവിടെ നിന്ന് നാലിരട്ടി കവിഞ്ഞു. പിന്നെയും മരിച്ചിട്ടില്ലാത്ത പതിനായിരങ്ങളുടെ തീരാദുരിതങ്ങള്‍ തലമുറകളിലൂടെ പടരുന്നു - ചികിത്സതേടി ആസ്പത്രികളിലെത്തുന്ന പതിനായിരങ്ങളുടെ നിസ്സഹായാവസ്ഥയെ എത്രകാലം കണ്ടില്ലെന്ന് നടിക്കാനാവും?
നന്നേ രാവിലെത്തന്നെ പുറത്തിറങ്ങുമ്പോള്‍ ലക്ഷ്യം യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി തന്നെ. പുറത്ത് തണുപ്പ് കുറവാണ്. പരിചിതമായ വീഥികളിലൂടെ അപരിചിതമായ മനുഷ്യരെയും പിന്നിട്ടുകൊണ്ട് ബരിസിയ റോഡിലൂടെ നീങ്ങുമ്പോള്‍ മാറുന്ന ഭോപ്പാലിന്റെ മുഖം ശ്രദ്ധിക്കാതിരിക്കാനായില്ല. ഉറക്കം നടിച്ചു കിടക്കുന്ന ഈ തടാകനഗരം വാതകദുരന്തത്തെപ്പറ്റി ഓര്‍ക്കുന്നേയില്ല - എല്ലാവരും മറക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. ദുരന്തബാധിതരെല്ലാം ഇവിടെനിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു.
പഴയ ദ്രവിച്ച കാര്‍ബൈഡ് ഫാക്ടറി കെട്ടിടവും കാമ്പസും കാടുപിടിച്ചു കിടക്കുന്നു. 'കാല്‍ നൂറ്റാണ്ടിന്റെ വഞ്ചന'യുടെ ചുവരെഴുത്തുകള്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. പുതിയതൊന്നും എഴുതി വെക്കാന്‍ ആരും മിനക്കെട്ടിട്ടില്ല. ഫാക്ടറിക്ക് മുന്നിലെ രക്തസാക്ഷി സ്മാരകമായ അമ്മയുടെയും കുഞ്ഞിന്റെയും ശില്പം മാത്രം എല്ലാറ്റിനും സാക്ഷി. നഷ്ടപരിഹാരത്തിന്റെ മറവില്‍ സമ്പന്നരായ വലിയ വിഭാഗമുണ്ട്. അച്ഛനുമമ്മയും ഭാര്യയും കുട്ടികളുമായി ആറുപേരെ നഷ്ടപ്പെട്ട കുടുംബത്തിലെ ഏക അവകാശിയായ യുവാവിന് അറുപത് ലക്ഷം കിട്ടിയപ്പോള്‍ പുതിയ ബിസിനസ്സ് തുടങ്ങി - അങ്ങനെ വാതകദുരന്തം മാറ്റിമറിച്ച ജീവിതങ്ങള്‍ക്കിടയില്‍ വാതകദുരന്തം ഒരു പ്രത്യേക പീഡിതവര്‍ഗത്തെയും സൃഷ്ടിച്ചിട്ടുണ്ട്. ദുരിതബാധിതരെ സഹായിക്കാന്‍ അവര്‍ മാത്രമേയുള്ളൂവെന്ന ബോധം ശക്തിപ്രാപിച്ചുകഴിഞ്ഞു. ഒരു മതംപോലെ അവര്‍ ഇഴപിരിയാത്ത കണ്ണികളായി മാറിയിരിക്കുകയാണ്. വാതകദുരന്തവും അത് വരുത്തിവെച്ച ദുരിതങ്ങളും തങ്ങളുടെതല്ലെന്ന് കരുതുന്ന വലിയൊരു വിഭാഗം ഇവിടെ വളര്‍ന്നുവന്നിരിക്കുന്നു. ദുരിതബാധിതര്‍ പൊതുവേ സാധാരണക്കാരായതിനാല്‍ അവരെയാരും ഗൗനിക്കുന്നേയില്ല. അമേരിക്കന്‍ കമ്പനിയില്‍ നിന്നുള്ള നഷ്ടപരിഹാരം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം നടത്തിയതെന്ന് അവര്‍ മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകി. അര്‍ഹരായവര്‍ക്ക് ഒന്നും കിട്ടിയില്ല. ജീവിക്കാനും ചികിത്സിക്കാനും വേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങളുടേതല്ലെന്ന കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്നവരെല്ലാം.
അര്‍ബുദ രോഗികളായാലും വൃക്കരോഗികളായാലും ദിനം പ്രതിയെന്നോണം വര്‍ധിച്ചുവരികയാണ്. ഇവര്‍ക്ക് നിയമാനുസൃതം പ്രഖ്യാപിച്ച സഹായധനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഫലപ്രദമായ ചികിത്സ കിട്ടാത്ത ദുരിതബാധിതര്‍ മരണത്തോട് മല്ലിടുന്നു. ജവാഹര്‍ലാല്‍ നെഹ്രു ഗ്യാസ് റിലീഫ് ആസ്പത്രിയിലായാലും കമലാ നെഹ്രു-ഹമീദിയ- നെഹ്രു കാന്‍സര്‍ ആസ്പത്രികളിലായാലും ആവശ്യമായ മരുന്നില്ല. ഡോക്ടര്‍മാരില്ല. പാരാമെഡിക്കല്‍ ജീവനക്കാര്‍ പോലുമില്ല. വാതക ദുരിതബാധിതരെ ചികിത്സിക്കാന്‍ ഏറെ കൊട്ടിഗ്‌ഘോഷിച്ച് തുടങ്ങിയ ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലും സ്ഥിതിഗതികള്‍ ഇതില്‍ നിന്നും വ്യത്യസ്തമല്ല. മനുഷ്യജീവന്‍ ഇത്രയേറെ ലാഘവത്തോടെ പന്താടുന്നത് കണ്ടുനില്‍ക്കാന്‍ തന്നെ കരളുറപ്പ് വേണം.
നഷ്ടപരിഹാരത്തിന്റെ കാര്യമാണ് ഏറെ പരിതാപകരം. കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്ന 120 കോടി ഡോളറിന് പകരം 820 കോടി ഡോളര്‍ ആവശ്യപ്പെടണമെന്നാണ് ദുരിതബാധിതരുടെ സംഘടനകളുടെ ആവശ്യം. കുടുംബം മുഴുവന്‍ മരിച്ചവരുണ്ട്. എത്രയോ കുട്ടികള്‍ അനാഥരായി. മരിച്ചതിനൊക്കുമേ ജീവിച്ചിരിക്കുന്നതെന്ന നിലയില്‍ കഴിയുന്നവര്‍ക്ക് ജോലി ചെയ്യാനാവുന്നില്ല. കിട്ടിയ നഷ്ടപരിഹാരം മുഴുവന്‍ ചെലവഴിച്ചുകഴിഞ്ഞ അവരൊക്കെ ചികിത്സയ്ക്കും നിത്യവൃത്തിക്കുമെല്ലാം ഗതിമുട്ടിനില്‍ക്കുന്നു. വിഷവാതകമേറ്റവര്‍ക്കുതന്നെ തോന്നിയപോലെയാണ് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്. അര്‍ഹമായ നഷ്ടപരിഹാരത്തിന് ഡൗ കെമിക്കല്‍സില്‍ സമ്മര്‍ദം ചെലുത്താനാണ് അവരുടെ ഒളിമ്പിക് ഗെയിംസ് സ്‌പോണ്‍സര്‍ഷിപ്പിന് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. മരിച്ചവരുടെയും ദുരിതബാധിതരുടെയും ശരിയായ കണക്കുകള്‍ പ്രഖ്യാപിച്ച് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിന് 'റെയില്‍ രോക്കോ' പ്രക്ഷോഭത്തിലൂടെ കേന്ദ്രസര്‍ക്കാറിനെയും പ്രതിക്കൂട്ടിലാക്കുന്നു.
ഭോപ്പാല്‍ വല്ലാതെ മാറിപ്പോയി, ഉറങ്ങുകയാണെന്ന് തോന്നുമ്പോഴും ഉള്ളില്‍ നീറുകയാണ്. വാതകദുരന്തം മരണങ്ങള്‍ക്കും ദുരിതങ്ങള്‍ക്കുമപ്പുറം മനുഷ്യമനഃസാക്ഷിയെ ഇളക്കിമറിക്കുന്ന സാമൂഹികപ്രശ്‌നമായി വളരുകയാണ്. ഇങ്ങനെപോയാല്‍ കാര്യങ്ങള്‍ എവിടെ ചെന്നെത്തുമെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ വിലയിരുത്തേണ്ട സമയമായെന്ന് തോന്നുന്നു. എണ്ണിയാലൊടുങ്ങാത്ത അനാഥക്കുട്ടികളും വിധവകളും സമാന്തരമായി വളരുന്നു. ആരും വിവാഹം കഴിക്കാന്‍ സന്നദ്ധരാകുന്നില്ല. അഥവാ മുതിരുന്നില്ല. ഗര്‍ഭമുണ്ടാകുന്നില്ല. ഗര്‍ഭമുണ്ടായാല്‍ത്തന്നെ അലസിപ്പോവുന്നു. ഇനി പ്രസവിച്ചാല്‍ത്തന്നെ വൈകല്യമുള്ള കുഞ്ഞുങ്ങള്‍. ചുണ്ടും കണ്ണും മൂക്കുമില്ലാത്തവര്‍, വലിയ തലയുള്ളവര്‍. മനോരോഗികള്‍ പെരുകുന്നു. വാതക ദുരന്തബാധിതരുടെ പിന്‍തലമുറയില്‍പ്പെട്ട ഇവര്‍ക്കൊന്നും ചികിത്സയോ സഹായധനത്തിനോ അര്‍ഹതയില്ല. നരകയാതന മാത്രം ഇവരുടെ കൈമുതല്‍. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി കാമ്പസില്‍ കുഴിച്ചിട്ട 200 ടണ്‍ വിഷമാലിന്യശേഖരത്തില്‍ നിന്ന് വെള്ളത്തില്‍ കലരുന്ന രാസപദാര്‍ഥങ്ങള്‍ കാന്‍സറിനും മസ്തിഷ്‌ക ശോഷണത്തിനും വഴിവെക്കുമെന്ന ഗ്രീന്‍ പീസ് ഇന്റര്‍നാഷണലിന്റെ പഠനം ആരും ഗൗനിക്കുന്നില്ല. ഇവിടെ നിന്നുള്ള കുടിവെള്ളം കഴിക്കുന്നവര്‍ രോഗവിമുക്തരായാല്‍ മാത്രമേ അത്ഭുതമുള്ളൂ. അതുകൊണ്ടുതന്നെ ചികിത്സയ്‌ക്കൊപ്പം സാമ്പത്തിക പുനരധിവാസവും ഇവിടത്തെ ചെറുപ്പക്കാരുടെ അവകാശമായി മാറുന്നു.
ദുരന്തഭൂമിയിലെത്തുമ്പോള്‍ അബ്ദുല്‍ ജബ്ബാര്‍ എന്ന ജബ്ബാര്‍ ഭായിയെ കാണാതെ മടങ്ങാനാവില്ല. ദുരിതബാധിതരുടെ കാണപ്പെട്ട ദൈവം. ഭോപ്പാലിനെ പുറംലോകത്തിന് പരിചയപ്പെടുത്തുന്ന ഡോ. സതീനാഥ് സാരംഗിയും ഫോറന്‍സിക് വിദഗ്ധനായ ഡോ. സി.കെ. സത്പതിയുമെല്ലാം ദുരിതബാധിതരോടൊപ്പമുണ്ട്. അവര്‍ പോരാളികളാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ എത്തിപ്പെട്ട വഴിത്തിരിവില്‍ പ്രതീക്ഷകളുടെ ദീപവുമായി അവര്‍ മുമ്പേ നടക്കുന്നു.
ഡി.ഐ.ജി. ബംഗ്ലാവ് റോഡിലൂടെ ചോള ശ്മശാനത്തിലെത്തുമ്പോള്‍ ഏറെ വൈകി. കൂറ്റന്‍ അശോക മരങ്ങളുടെ നിഴലുകള്‍ പതിഞ്ഞുകിടന്ന ശ്മശാനത്തില്‍ ഒറ്റപ്പെട്ട ശവദാഹം നടക്കുന്നുണ്ട്. ദുരന്തത്തിനിരയായ ആയിരങ്ങളെ സംസ്‌കരിച്ച ശിവചരണ്‍ ദൗള്‍ പുരിയയെ കാണാനാണ് നാം ഇവിടെ വരുന്നത്. മൂന്ന് തലമുറകളായി ഇവിടെ ശവദാഹം നടത്തുന്ന കുടുംബങ്ങളിലെ ശിവചരണിനെ ആദ്യം കണ്ടത് മുതല്‍ 'കാലത്തിന്റെ സാക്ഷി' എന്ന് വിളിക്കുന്നു. രണ്ടുകൊല്ലം മുമ്പേ കണ്ടപ്പോള്‍ ''ഞാനിനി മരിക്കുന്നതും ഇവിടെ തന്നെയാകണം, അല്ലെങ്കില്‍ എന്റെ ആത്മാവിന് സ്വസ്ഥത കിട്ടില്ലെ''ന്ന് പറഞ്ഞ ശിവചരണെവിടെ? കാണുന്നില്ല, അയാളെ കാത്തിരുന്നു.
ഇരുപത്തിരണ്ട് കൊല്ലം മുമ്പ് ആറാം വാര്‍ഷിക വേളയില്‍ ഇവിടെ സംസ്‌കരിച്ച ആയിരങ്ങളുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച 'സ്മൃതി ഉദ്യാന'ത്തിലെ സിമന്റ് ബെഞ്ചില്‍ വെറുതെയിരുന്നു. ഒടുവില്‍ സമയം പോയതറിഞ്ഞില്ല. പുറത്ത് ഇരുട്ട് പരക്കുകയാണ്. ദൂരെ ചിതയിലെ തീയണഞ്ഞുതുടങ്ങി. ശിവചരണ്‍ദൗള്‍ പുരിയ മാത്രം വന്നില്ല. ഇനി കാത്തുനിന്നിട്ട് കാര്യമില്ലെന്ന് തോന്നി. നിരാശയോടെ തെരുവുവിളക്കുകളുടെ പ്രകാശത്തിലേക്ക്.
**********
ഓരോ തവണ വരുമ്പോഴും മനസ്സില്‍ ദുഃഖവും അമര്‍ഷവും നിരാശയും നിറയുന്നു. വാതക ദുരന്തബാധിതരുടെ ഒടുങ്ങാത്ത ദുരിതങ്ങളും തേടിയുള്ള മറ്റൊരു യാത്രയ്ക്ക് ഇനി അര്‍ഥമില്ലെന്ന് കഴിഞ്ഞതവണ വന്നപ്പോള്‍ തോന്നിയിരുന്നതാണ്. എന്റെ മനസ്സിലെ 'ശവങ്ങളുടെ നഗര'മായി ഭോപ്പാലിനോട് വിടപറയാന്‍ സമയം ബാക്കി കിടക്കുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഇനിയും വരും. വരാതിരിക്കില്ല. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ജീവിതം ഹോമിച്ചവരുടെയും ജീവന്‍ നിലനിര്‍ത്താന്‍ പൊരുതുന്നവരുടെയും മണ്ണിലേക്ക് തിരിച്ചുവരാനാവുന്നത് തന്നെ സുകൃതം.
കാലത്തിന് മുറിവേല്‍പ്പിക്കുന്ന ഭോപ്പാല്‍
Posted on: 03 Dec 2011 വി. രാജഗോപാല്‍ Mathrubhumi >> News special
വികസനം എന്ന പേരില്‍ ഇനിയും നമ്മള്‍ എത്രയെത്ര താണ്ഡവങ്ങള്‍ സഹിയ്ക്കണം
ReplyDelete