.

.

Monday, December 19, 2011

പാടത്തെ 'പഴമയും പുതുമയും'

തൃശ്ശൂര്‍: ആധുനിക യന്ത്രങ്ങളും പഴമയുടെ ശൈലിയും കൈകോര്‍ത്ത് ചേനം തരിശ് പടവില്‍ ഞാറ് നട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നടീല്‍ പദ്ധതിക്ക് ചേനം സാക്ഷിയായത്. കര്‍ഷകന്റെ കഷ്ടനഷ്ടങ്ങളെ കടപുഴക്കുന്ന പുതിയ സമ്പ്രദായത്തെ ആഘോഷപൂര്‍വമാണ് ചേനം ഗ്രാമം എതിരേറ്റത്. പഴമയുടെ പ്രൗഢിയും ആചാരവും കോര്‍ത്തിണക്കിയായിരുന്നു നടീല്‍ പദ്ധതി സമര്‍പ്പിച്ചത്.

വടക്കാഞ്ചേരി ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തിലായിരുന്നു നടീല്‍ പദ്ധതി. ചേനം തരിശ് പടവിലെ 540 ഏക്കറില്‍ ഞാറ് നടീലിനായി 140 പേര്‍ അണിനിരന്നു. പണിക്കിടെ പറളിക്കാട് അയ്യപ്പന്‍, പടവില്‍ കുഴഞ്ഞുവീണ് മരിച്ചു.

ചോറിനായി ചേറിനോട് മല്ലിട്ട് ചോരവിയര്‍പ്പാക്കിയ ആ 73 കാരന്‍ മരണത്തിലും മണ്ണിന്റെ മകനെന്ന് വിളിച്ചുപറഞ്ഞു. നൊമ്പരത്തെ ഞാറ്റുപാട്ടിന്റെ ഈണംകൊണ്ട് അതിജീവിച്ച കര്‍ഷകര്‍ 15 ദിവസംകൊണ്ട് തരിശ്പടവ് മുഴുവന്‍ ഞാറ് പാവി.

അത്യുത്പാദനശേഷിയുള്ള ജ്യോതി നെല്‍വിത്ത് അതത് കണ്ടങ്ങളില്‍ മുളപ്പിച്ച് ആദ്യം നഴ്‌സറി തയ്യാറാക്കി. ഈ ഞാറ്റടിയില്‍നിന്ന് 12 ദിവസം പ്രായമായ ഞാറ് യന്ത്രം ഉപയോഗിച്ച് നട്ടു. ഉത്പാദനവര്‍ധന, കളനിയന്ത്രണം, വരിനെല്‍ നിര്‍മാര്‍ജനം എന്നിവ ഈ നടീല്‍ പദ്ധതി മുഖേന പൂര്‍ണ വിജയമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടത്തുന്നു. കൂടാതെ ഓരോ കര്‍ഷകനും ഈ ഘട്ടത്തിലെ പ്രതിസന്ധികള്‍ നേരിടേണ്ടിവരില്ലെന്ന വലിയ ആശ്വാസവും.

സമാപനത്തിന്റെ ഭാഗമായി ഞാറ്റൂട്ട് മഹോത്സവം നടത്തി. 'പഴമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം' എന്ന പേരിലായിരുന്നു ചടങ്ങ്.

പടവില്‍ മരണപ്പെട്ട അയ്യപ്പന്‍ എന്ന ആ കര്‍ഷകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൗനപ്രാര്‍ത്ഥനയോടെയായിരുന്നു ചടങ്ങ്. വാഴയും ചെത്തിപ്പൂക്കളും കണ്ടത്തിലെ ചെളിയില്‍ മുക്കി ആര്‍പ്പുവിളികളോടെയായിരുന്നു ഞാറ്റൂട്ട് മഹോത്സവം.

ചേനം തരിശ്പടവ് പ്രസിഡന്റ് എ.ജി. ജ്യോതിബാസു അധ്യക്ഷനായി. ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. രാജു ഉദ്ഘാടനം ചെയ്തു. കെ.കെ. ജലാലുദ്ദീന്‍, പി.പി. ബിജു, അനൂപ് കിഷോര്‍, ടീം ലീഡര്‍ സുരേഷ്, ശോഭനന്‍ എന്നിവര്‍ പ്രസംഗിച്ചു.

പിന്നെ പടവില്‍ നാടന്‍പാട്ടിന്റെ ശീലുകള്‍ ഒഴുകി. പടിഞ്ഞാറുനിന്ന് അസ്തമയസൂര്യന്റെ ശോഭ തരിശ്പടവിനെ അഭിവാദ്യം ചെയ്തു. പഴമയും പുതുമയും ഇഴചേര്‍ന്ന ഒരു കൃഷിസംസ്‌കാരത്തിന്റെ ഉദയം കൂടിയായിരുന്നു അത്.

Posted on: 19 Dec 2011 Mathrubhmi News >> ബിജു ആന്റണി       

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക