.

.

Friday, December 2, 2011

'എ പെസ്റ്ററിങ് ജേര്‍ണി' മികച്ച പരിസ്ഥിതി ചിത്രം

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ നേര്‍സാക്ഷ്യമായി ചിത്രീകരിച്ച 'എ പെസ്റ്ററിങ് ജേര്‍ണിക്ക് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയിലും മികവിന്റെ അംഗീകാരമുദ്ര. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കെ. ആര്‍. മനോജ് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2.45 ലക്ഷം രൂപയുടെ വസുധ പുരസ്കാരമാണു സ്വന്തമാക്കിയത്. മലയാളി സംവിധായകനായ ശിവന്‍ അധ്യക്ഷനായ ജൂറി ഏകസ്വരത്തില്‍ ഈ ചിത്രം തിരഞ്ഞെടുക്കുകയായിരുന്നു.

മല്‍സരവിഭാഗത്തിനു പുറമേ മേളയിലെ ഇന്ത്യന്‍ പനോരമയിലും പ്രദര്‍ശിപ്പിച്ച എ പെസ്റ്ററിങ് ജേര്‍ണി ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കിയ ചിത്രം ആദ്യം പ്രദര്‍ശിപ്പിച്ചത് എന്‍ഡോസള്‍ഫാന്‍ നിരോധനം ചര്‍ച്ച ചെയ്ത സ്റ്റോക്കോം കണ്‍വന്‍ഷനില്‍ രാജ്യാന്തര പ്രതിനിധികള്‍ക്കു മുന്നിലായിരുന്നു. പിന്നീട് എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിക്കു മുന്നിലും തെളിവായി സമര്‍പ്പിക്കപ്പെട്ടു.

കഴിഞ്ഞ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അന്വേഷണാത്മക ചിത്രത്തിനും മികച്ച സൌണ്ട് ഡിസൈനിങ്ങിനുമുള്ള പുരസ്കാരവും തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റില്‍ മികച്ച ഡോക്യുമെന്ററി, മികച്ച സിനിമാട്ടോഗ്രഫി അവാര്‍ഡുകളും പെസ്റ്ററിങ് ജേര്‍ണി നേടിയിരുന്നു.

''ഇന്ത്യന്‍ പാര്‍ലമെന്റില്‍ കീടനാശിനി നിയന്ത്രണ ബില്‍ ചര്‍ച്ചചെയ്യാനിരിക്കേ അതിനു മുന്‍പ് ഈ ചിത്രം പരമാവധി പാര്‍ലമെന്റ് അംഗങ്ങളെ കാണിക്കുക എന്ന ദൌത്യമാണ് ഇപ്പോള്‍ ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. അവാര്‍ഡ് തുക അതിനായി വിനിയോഗിക്കാനും ആലോചിക്കുന്നു. - മനോജ് പറഞ്ഞു.

66 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം മലയാളത്തിനു പുറമേ ഇംഗിഷ്, പഞ്ചാബി, ഹിന്ദി, തുളു ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. രഞ്ജിനി കൃഷ്ണനാണ് നിര്‍മാതാവ്.

രാജ്യാന്തര ഹ്രസ്വചിത്ര മല്‍സരവിഭാഗത്തില്‍ സ്മിത ബിദെയുടെ 'അനദര്‍ പ്ളാനറ്റ് നാലു ലക്ഷം രൂപയുടെ ഗോള്‍ഡന്‍ ലാംപ് ട്രീ പുരസ്കാരം നേടി. മൂന്നു ലക്ഷം രൂപയുടെ സില്‍വര്‍ ലാംപ് ട്രീ അവാര്‍ഡ് അമേരിക്കയില്‍നിന്നുള്ള മൂണ്‍ മോള്‍സണ്‍ സംവിധാനം ചെയ്ത 'ക്രേസി ബീറ്റ്സിനാണ്. ഈ വിഭാഗത്തില്‍ സ്പെഷല്‍ ജൂറി പുരസ്കാരം ആശിഷ് പാണ്ഡെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ഖൂലെ ദര്‍വാസെ നേടി. തിരുവനന്തപുരം രാജ്യാന്തര ഹ്രസ്വചിത്ര മേളയിലും ഈ ചിത്രം സ്പെഷല്‍ ജൂറി അവാര്‍ഡ് നേടിയിരുന്നു.

നാളെയാണു മേള കൊടിയിറങ്ങുന്നത്. രാജ്യാന്തര സിനിമാ മല്‍സര വിഭാഗത്തിലെ പുരസ്കാരങ്ങള്‍ സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കും. മലയാള ചിത്രമായ 'ആദാമിന്റെ മകന്‍ അബുവാണ് ഈ വിഭാഗത്തില്‍ ഇന്ത്യന്‍ എന്‍ട്രി. മ്യാന്‍മറിലെ സമരനായിക ഒാങ് സാന്‍ സൂ ചിയുടെ ജീവിതകഥ പറയുന്ന ലുസ് ബെസണ്‍ സംവിധാനം ചെയ്ത 'ദ് ലേഡി ആണു സമാപന ചിത്രം.

അനീഷ് നായര്‍

Manoramaonline >> Environment >> News 2-12-2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക