.

.

Saturday, December 17, 2011

ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പദ്ധതി-മന്ത്രി കെ.പി.മോഹനന്‍

അമ്പലപ്പുഴ:കേരളത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കും. മാലിന്യസംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകളിലൂടെ ജൈവവളം ഉത്പാദിപ്പിച്ച് കാര്‍ഷിക മേഖലയില്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന വിത്തുവികസന അതോറിറ്റിയുടെ ആലപ്പുഴ സീഡ് ഗോഡൗണ്‍ കോംപ്ലക്‌സിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കുട്ടനാട്ടിലെ കര്‍ഷകരെ സഹായിക്കാതെ ഒരുസര്‍ക്കാരിനും മുന്നോട്ട് പോവാനാവില്ല. തൊഴിലുറപ്പ് പദ്ധതി കാര്‍ഷികമേഖലയില്‍ നടപ്പാക്കിയാലേ കാര്‍ഷികമേഖലയിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകൂ. തൊഴിലുറപ്പ് പദ്ധതിയെയും കുടുംബശ്രീയെയും കാര്‍ഷിക മേഖലയുമായി ബന്ധിപ്പിക്കുന്നതിന് മാത്രമേ കരാര്‍കൃഷി അനുവദിക്കുകയുള്ളു.

പരമാവധി കര്‍ഷകരില്‍നിന്ന് പച്ചക്കറി മാര്‍ക്കറ്റ് വിലയ്ക്കുവാങ്ങി സബ്‌സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്നും കൃഷിമന്ത്രി പറഞ്ഞു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് വിപണി വിപുലപ്പെടുത്തുകയും കൂടുതല്‍ ഉത്പാദനം നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെയുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജി.സുധാകരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആര്‍.അജിത്കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ വി.വി.പുഷ്പാംഗദന്‍, തൃശ്ശൂര്‍ സംസ്ഥാന വിത്ത് വികസന അതോറിറ്റി ജോയിന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ അശോക്കുമാര്‍ തെക്കന്‍, പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ത്യാഗരാജന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.നളിനകുമാര്‍, ഡി.സി.സി.പ്രസിഡന്റ് എ.എ.ഷുക്കൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം സുവര്‍ണ പ്രതാപന്‍, ഗ്രാമപ്പഞ്ചായത്തംഗം ഉഷ ഉണ്ണിക്കൃഷ്ണന്‍, സോഷ്യലിസ്റ്റ് ജനത ജില്ലാപ്രസിഡന്റ് പ്രൊഫ. ഡി.നാരായണന്‍കുട്ടി, ഓണാട്ടുകര വികസന ഏജന്‍സി വൈസ്‌ചെയര്‍മാന്‍ കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, പുറക്കാട് കരിനില വികസന ഏജന്‍സി വൈസ്‌ചെയര്‍മാന്‍ സി.രാധാകൃഷ്ണന്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് ജോണി മുക്കം എന്നിവര്‍ പ്രസംഗിച്ചു.

ശാസ്ത്രീയമായ വിത്തുത്പാദനം, സംഭരണം, വിതരണം, എന്ന വിഷയത്തില്‍ മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിലെ പ്രൊഫസര്‍ ഡോ.എസ്.ലീനാകുമാരി, സംസ്ഥാന വിത്ത് വികസന അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ രഞ്ജനാ ദാമോദരന്‍, സീഡ് അനലിസ്റ്റ് സി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Posted on: 17 Dec 2011 Mathrubhumi Alappuzha News  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക