.

.

Sunday, December 11, 2011

'മാലിന്യ നിക്ഷേപത്തിന്റെ കാര്യത്തില്‍ പൊന്നാനിയെ തോല്‍പ്പിക്കാനാവില്ല മക്കളേ..'

പൊന്നാനി: മാലിന്യമില്ലാത്ത തെരുവ് പൊന്നാനിയിലെ അപൂര്‍വകാഴ്ചയാണ്. എവിടെ തിരിഞ്ഞുനോക്കിയാലും അവിടെ മാലിന്യക്കൂമ്പാരങ്ങളുമുണ്ട്. നഗരത്തിലെ നിളാതീരത്തേക്കു പോയാല്‍ മാലിന്യം ഒരു കുന്നായി കിടക്കുന്നു. ഒപ്പംതന്നെ ദുര്‍ഗന്ധവും പകര്‍ച്ചവ്യാധികളും അന്തരീക്ഷത്തില്‍ പടര്‍ന്നുകിടക്കുന്നുണ്ട്. ദിനംപ്രതി മാലിന്യം വിഴുങ്ങിക്കൊണ്ടിരിക്കുന്ന പൊന്നാനിയെ കരകയറ്റാന്‍ അധികൃതര്‍ രംഗത്തു വരുമോയെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. നഗരസഭാ ഭരണസമിതികള്‍ മാറിമാറി വന്നിട്ടും ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ പ്ളാന്റ് നിര്‍മിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു കഴിഞ്ഞിട്ടില്ല.
പൊന്നാനിക്ക് മാലിന്യം ശാപമായി തുടരുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും രംഗത്തിറങ്ങുന്നില്ലെന്നാണ് ആക്ഷേപം. മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുകയെന്നത് പതിറ്റാണ്ടുകളായി തുടരുന്ന പൊന്നാനിയിലെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. ഒരു ഭരണസമിതിയും ഇത് യാഥാര്‍ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ല. പവിത്രമായ നിളാതീരവും മാലിന്യക്കൂമ്പാരത്തില്‍ മുങ്ങുമ്പോള്‍ നഗരം നാശത്തിലേക്കാണ് നീങ്ങുന്നത്. ജനസംഖ്യയിലും കെട്ടിടങ്ങളുടെ കാര്യത്തിലും വാണിജ്യമേഖലയിലും വന്‍ മുന്നേറ്റമുണ്ടായെങ്കിലും നഗരത്തിന്റെ അടിസ്ഥാനവികസനം ശൈശവാവസ്ഥയില്‍ തുടരുകയാണ്. താല്‍ക്കാലിക തട്ടിക്കൂട്ടലുകള്‍ മാത്രമേ തുറമുഖ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഇതുവരെയുണ്ടായിട്ടുള്ളൂ. ചമ്രവട്ടം ജംക്ഷന്‍, കോരവളവ്, കിണര്‍ ജംക്ഷന്‍, 

തെക്കേപ്പുറം തുടങ്ങിയ നഗരത്തിലെ പ്രധാന തെരുവുകളും തിരക്കേറിയ പ്രദേശവുമെല്ലാം മാലിന്യമയമാണ്.
കടകളില്‍നിന്നുള്ള മാലിന്യങ്ങളും മാര്‍ക്കറ്റിലെ അവശിഷ്ടങ്ങളും കന്നുകാലികളുടെ വിസര്‍ജ്യങ്ങളും എല്ലാം ചേര്‍ന്ന് പൊന്നാനി പട്ടണം ദുര്‍ഗന്ധപൂരിതമായി. ഹോട്ടലുകളില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും തെരുവുകളിലേക്കുതന്നെ തള്ളുന്നു. പച്ചക്കറിക്കടകളിലെയും മാംസക്കടകളിലെയും അവശിഷ്ടങ്ങള്‍ നിറഞ്ഞ മാലിന്യക്കൂമ്പാരത്തില്‍ കടിപിടികൂടുന്ന തെരുവുനായ്ക്കളും പെറ്റുപെരുകുന്ന രോഗാണുക്കളും പരിസരവാസികള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. താലൂക്ക് ആശുപത്രിക്കും ടിബി ആശുപത്രിക്കും അടുത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ പൊന്നാനിയുടെ സ്ഥിരം കാഴ്ചയാണ്.                                                                                                

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക