.

.

Thursday, December 22, 2011

കഴുകന്‍ പാവമാണ്

കൊച്ചുകുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടു പോകുന്ന പക്ഷികളെപ്പറ്റി ചില കഥകളുണ്ട്. നെടുംകാലന്‍ കൊക്കും കഷണ്ടിത്തലയന്‍ കഴുകനും അതില്‍ കഥാനായകന്മാരായിരുന്നിരിക്കാം. അത്തരം കഥകള്‍ കേട്ടിട്ടും വായിച്ചിട്ടുമുള്ളവര്‍ക്ക് ഈ പക്ഷികളോട് കഠിനമായ വിരോധം തോന്നാനും ഇടയുണ്ട്. പക്ഷേ കഥകള്‍ പലതും വെറും കെട്ടുകഥകളായിരിക്കും. കഴുകനെ കണ്ടാല്‍ ആള് ഭയങ്കരനാണെന്നേ തോന്നൂ. ഹീനകൃത്യം ചെയ്യുന്നവനാണെന്നും കരുതാനിടയുണ്ട്. പക്ഷേ പാവമാണ്. ഭീരുവുമാണ്. അന്യരെ കടന്നാക്രമിക്കുന്ന ശീലക്കാരല്ല. മനുഷ്യകുഞ്ഞിനെയെന്നല്ല ഒരു എലിക്കുഞ്ഞിനെപ്പോലും റാഞ്ചാനുള്ള ധൈര്യമോ കഴിവോ കഴുകനില്ല. പലപ്പോഴും പഴികള്‍ ചാരാന്‍ പറ്റുന്നത് പാവങ്ങളുടെ തലയിലാണല്ലോ. കഴുകന്‍െറ കഷണ്ടിത്തല പോലെ പറ്റിയ സ്ഥാനം ഇതിനു വേറെ എവിടെ കിട്ടാന്‍.

അധികം മഴപെയ്യാത്ത പ്രദേശങ്ങളോടു താത്പര്യമുള്ളവരാണ് കഴുകന്മാര്‍. കേരളത്തില്‍ പൊതുവെ നന്നേ കുറവാണ് ഇക്കൂട്ടര്‍. കൃഷ്ണപ്പരുന്തിനെ കൂടുതലായി കേരളത്തില്‍ കാണാം. പുറംനാടുകളില്‍ കഴുകന്മാരെ കാണാന്‍ പ്രയാസമില്ല.

നാറ്റമോ മണമോ തിരിച്ചറിയാന്‍, ഘ്രാണശേഷി നന്നേ കുറവാണ്. അകത്താക്കുന്നതെന്തും അഗ്നിപോലെ ദഹിപ്പിക്കുവാന്‍ ഉഗ്രമായ ശക്തിയുണ്ട് ആമാശയത്തിന്. എന്തിന് കുറുക്കനോ നായോ മാന്തിപ്പുറത്തിടുന്ന ശവത്തിന്‍െറ അവശിഷ്ടം പോലും അമൃതുപോലെ അകത്താക്കാന്‍ കഴുകന് ആര്‍ത്തിയാണ്.

ആകാശത്ത് അത്യുന്നതങ്ങളില്‍ വട്ടമിട്ടുപറക്കുന്ന കഴുകന്‍െറ കണ്ണ്, താഴെ നിലത്തായിരിക്കും. കാഴ്ചയുടെ കഴിവിന്‍െറ കാര്യത്തില്‍ മറ്റൊരു ജീവിയും കഴുകന്‍െറ അടുത്തു പോലും എത്തുകയില്ല. ചിറകടിക്കാതെയാണ് സഞ്ചാരം. ഒഴിവാക്കാനാവാത്ത വേളകളിലേ ചിറകടിച്ചു പറക്കാറുള്ളു. തറയില്‍ ഇറങ്ങിയാല്‍ ഇരിക്കാനാണ് ഇഷ്ടം. നടപ്പ് നന്നേ വിമ്മിട്ടമുള്ള വേലയാണ്.

സവിശേഷമായ ആഹാരരീതിയിലൂടെ കഴുകന്മാര്‍ കാര്യമായ സേവനം സമൂഹത്തിനു ചെയ്യുന്നുണ്ട്. ആരും അറിയാത്തതും കാണാത്തതും കണ്ടറിയാന്‍ കരുത്തുള്ളതിനാല്‍ നാം അറിയാത്ത മാലിന്യം പോലും കഴിച്ച് പരിസരം വൃത്തിയാക്കും. അതു കൊണ്ടുതന്നെ പരിസര ശുചീകരണത്തിനുള്ള സ്വര്‍ണ്ണപ്പതക്കത്തിന് മറ്റാരേയുംകാള്‍ അര്‍ഹതയുളളവര്‍ കഴുകന്മാര്‍ തന്നെ.

Manoramaonline >> Environment >> Wonders

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക