.

.

Friday, December 9, 2011

അതിജീവനം തേടി ബാണാസുരമല

 കല്പറ്റ: എതിര്‍പ്പുകളെ മറികടന്ന് ബാണാസുര മലയിലെ ബപ്പനത്ത് പാറഖനനം തുടങ്ങി. 120 അടിയോളം താഴ്ചയില്‍ സമീപത്ത് തന്നെ വര്‍ഷങ്ങളായി പാറഖനനം നടത്തിയ സ്വകാര്യ വ്യക്തി തന്നെയാണ് അധികൃതരെ സ്വാധീനിച്ച് ക്വാറി തുറന്നത്.

ഭൗമശാസ്ത്ര പഠനം ബാണാസുര മലയിലെ കരിങ്കല്‍ ക്വാറി പരിസ്ഥിതിയെ തകിടം മറിക്കുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. 2008-ല്‍ പഞ്ചായത്ത് വകുപ്പ് സെക്രട്ടറിക്ക് സെസ്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ പാടെ തള്ളിയാണ് പുതിയ ക്വാറിക്ക് അനുമതി നല്‍കിയത്. പഴയ ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ ഈയിടെ നടത്തിയ ശ്രമങ്ങളെയെല്ലാം സമീപവാസികള്‍ ചെറുത്തു തോല്പിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതി പോലും ബാണാസുര മലയിലെ ക്വാറികള്‍ക്ക് തുടര്‍ അനുമതി നല്‍കുന്നതില്‍ രണ്ട് തട്ടിലായിരുന്നു.

വയനാട്ടിലെ ചെമ്പ്രമല നിരകളികളില്‍ നിന്ന് വ്യത്യസ്തമായി ജൈവവൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ് ബാണാസുര മലനിരകള്‍. ഒരു പതിറ്റാണ്ടായി മത്സരാടിസ്ഥാനത്തില്‍ ഇവിടെ പാറമടകള്‍ പ്രവര്‍ത്തിക്കുകയാണ്. കാപ്പിക്കളം ഉരുള്‍പൊട്ടല്‍ ദുരന്തം മലനിരകളുടെ നിലനില്പ് ഭീഷണിയിലാകുമ്പോഴും അധികൃതര്‍ ഇതിനെതിരെ മൗനം പാലിക്കുകയാണ്. പ്രദേശവാസികള്‍ കടുത്ത സമരമുറയുമായി രംഗത്ത് വരുമ്പോള്‍ താല്‍ക്കാലികമായി മാത്രം പാറഖനനം നിര്‍ത്തിവെക്കും. രംഗം ശാന്തമാവുമ്പോള്‍ വീണ്ടും ഖനനം തകൃതിയായി നടക്കുന്നതാണ് പതിവ്‌രീതി. യന്ത്രവത്കൃത പാറമടകളായതിനാല്‍ മണിക്കൂറുകള്‍കൊണ്ട് ലോഡ്കണക്കിന് കല്ലുകളാണ് ഇവിടെ നിന്നും അടര്‍ത്തിമാറ്റുന്നത്.

അതീവ പിരസ്ഥിതി ദുര്‍ബല പ്രദേശമായ പടിഞ്ഞാറത്തറ പഞ്ചായത്തിലെ നരിപ്പറ്റ വനത്തോട് ചേര്‍ന്നാണ് പാറമടകള്‍ സക്രിയമാകുന്നത്. ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളും അവഗണിച്ചാണ് ഇതിനൊക്കെ അനുമതി ലഭിക്കുന്നത്. ജലാശയങ്ങളും സസ്യവൈവിധ്യവും നശിപ്പിച്ചുകൊണ്ടാണ് പല പാറമടകളുടെയും പ്രവര്‍ത്തനം. നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ കാട്ടരുവികള്‍ ഗതിമാറ്റിയും തടഞ്ഞും ദ്രോഹം നടത്തുന്നതും പതിവാണ്. ഭൂമിതാഴല്‍ എന്ന ഭൗമ പ്രതിഭാസത്തിന് സാധ്യത ഏറെയുള്ളതാണ് ഈ ഭൂമേഖല എന്നാണ് സെസ്സ് പഠനം വെളിപ്പെടുത്തുന്നത്. അത്രയ്ക്ക് ലോലവും ദുര്‍ബലവുമാണ് ഭൂഘടന. മഴക്കാലം വരുന്നതോടെ എല്ലാവര്‍ഷവും ഉരുള്‍പൊട്ടല്‍ ബാണാസുര മലയില്‍ ആവര്‍ത്തിക്കാറുണ്ട്. പന്ത്രണ്ട്‌പേരുടെ ജീവന്‍ അപഹരിച്ച കാപ്പിക്കളം ദുരന്തമേഖല നരിപ്പാറയില്‍ നിന്നും വിളിപ്പാടകലെ മാത്രമാണ്. ഇതിന്റെ പരിസരത്ത് തന്നെ നിരവധി കടുംബങ്ങള്‍ മഴക്കാലത്ത് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറി താമസിക്കാറുണ്ട്. സമീപത്തെ മലഞ്ചെരിവില്‍ 175 മീറ്റര്‍ നീളത്തില്‍ ഭൂമിയില്‍ വിള്ളലുണ്ടായതും സെസ്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1967ലെ കേരള മൈനര്‍ മിനറല്‍ കണ്‍സര്‍വേഷന്‍ റൂള്‍ 1999ലെ ഗ്രാനെറ്റ് കണ്‍സര്‍വേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് റൂള്‍ എന്നിവ പ്രകാരം പ്രകൃതിദത്ത ജലസ്രോതസ്സുകള്‍ക്കോ വനത്തിനോ യാതൊരു കോട്ടവും തട്ടരുതെന്ന് നിയമമുണ്ട്. ശരിയായ വനാതിര്‍ത്തി പോലും നിര്‍ണയിക്കാതെയാണ് പാറഖനനത്തിന് അധികൃതര്‍ അനുമതി നല്‍കുന്നത്. 2007 ഡിസംബറില്‍ സെസ്സിലെ ശാസ്ത്രജ്ഞരായ ജി. ശങ്കര്‍, അജയ്കുമാര്‍ വര്‍മ, സി.എന്‍.മോഹനന്‍ എന്നിവര്‍ ഈ മലയോര മേഖല സന്ദര്‍ശിച്ചാണ് കാര്യമായ പഠനങ്ങള്‍ നടത്തിയത്. വയനാട്ടിലെ ഉയരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഗിരിനിരകളില്‍ ഇരുപതോളം പാറമടകളാണ് ഭീഷണിയുമായി പ്വവര്‍ത്തിക്കുന്നത്.

നിയമപ്രകാരം ഇരുപതടി താഴ്ചയില്‍ മാത്രമാണ് ഖനനം നടത്താന്‍ അനുമതി ലഭിക്കുക. ഈ വ്യവസ്ഥകളെല്ലാം അട്ടിമറിച്ചാണ് ക്വാറി മാഫിയ വയനാടിനെ വിഴുങ്ങുന്നത്. പാറയുടെയും കരിങ്കല്ലിന്റെയും ക്ഷാമം ഉയര്‍ത്തിക്കാട്ടിയാണ് ഖനന വ്യവസായികള്‍ മുന്നിട്ടിറങ്ങുന്നത്. ചെങ്കുത്തായ മലനിരകള്‍ക്ക് താഴെയായി ചെറിയ തോതിലുള്ള ഖനനം പോലും വന്‍ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. തുടര്‍ച്ചയായി നടക്കുന്ന സ്‌ഫോടനങ്ങള്‍ ഭൂമിയുടെ അടിത്തറയില്‍ വിള്ളലുണ്ടാക്കുന്നുണ്ടെന്നും സെസ്സ് കണ്ടെത്തിയിരുന്നു.

റവന്യൂ-വനം വകുപ്പിന്റെ കൃത്യമായ അതിരുകള്‍ പോലും പ്രത്യേകം രേഖപ്പെടുത്താത്ത ബാണാസുര മലയില്‍ കൈയേറ്റങ്ങള്‍ തുടര്‍ക്കഥയാണ്. പരാതി നല്‍കിയാല്‍ ഇരുഭാഗങ്ങളും തമ്മില്‍ തര്‍ക്കത്തിലായതിനാല്‍ നടപടിയൊന്നും ഉണ്ടാകാറില്ല. വനംകൊള്ളയും നടക്കുന്നതിനാല്‍ ഇതൊന്നും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വര്‍ഷാവര്‍ഷം ഡിസംബറോടെ ഈ മലനിരകളെ കാട്ടുതീയും വീഴ്ത്താറുണ്ട്. പുല്‍മേടുകളിലേക്ക് തീ പടര്‍ന്ന് ചോലവനങ്ങള്‍ പോലും ഭസ്മമാവാറുണ്ട്.

ബാണാസുര മലയിലെ അനിയന്ത്രിത പാറഖനനം നിര്‍ത്തണമെന്ന് പലതവണ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെയെല്ലാം ലാഘവത്തേടെ കാണുന്നതാണ് അധികൃതരുടെ സമീപനം. ക്വാറികള്‍ക്കെതിരെ ചെറുത്ത് നില്പ് തുടരുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കര്‍മ സമിതിയും തീരുമാനിച്ചിട്ടുണ്ട്.


Posted on: 09 Dec 2011 Mathrubhui Wayanad News 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക