.

.

Wednesday, December 21, 2011

മാലിന്യം സംസ്‌കരിക്കാം, വീടുകളില്‍ തന്നെ

തിരുവനന്തപുരം: തലസ്ഥാന നഗരം നേരിടുന്ന വലിയ പ്രശ്‌നമായി മാലിന്യ സംസ്‌കരണം മാറിയിരിക്കുന്നു. വിളപ്പില്‍ശാലയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്‌കരണ ഫാക്ടറി പൂട്ടാന്‍ വിളപ്പില്‍ പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ വീടുകളില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നഗരവാസികള്‍ തന്നെ വഴി കണ്ടെത്തേണ്ട സ്ഥിതി.

മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കാന്‍ പലവിധ മാര്‍ഗങ്ങളുണ്ട്. 150 രൂപ മാത്രം ചെലവു വരുന്ന മിനി ബയോ പെഡസ്റ്റല്‍ മുതല്‍ ഇവ തുടങ്ങുന്നു. ഹൈടെക് ആക്ടീവ് ബയോഗ്യാസ് പ്ലാന്റിന് വില 12,500 മുതല്‍ 22,000 വരെയാണ്. വിവിധതരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള പ്ലാന്റുകള്‍ വിപണിയില്‍ ലഭ്യമാണ്.

വീട്ടില്‍ പ്രാവര്‍ത്തികമാക്കാവുന്ന ചില മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ.

പ്ലാസ്റ്റിക് റെഡ്യൂസര്‍

ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പല മാര്‍ഗങ്ങള്‍ ലഭ്യമാണെങ്കിലും എപ്പോഴും കീറാമുട്ടിയാവുന്നത് പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് കവറുകള്‍ സംസ്‌കരിക്കാനും ലളിതമായൊരു മാര്‍ഗമുണ്ട്. വായു കയറാതെ അടച്ചുവയ്ക്കാവുന്ന ഒരു ഇരുമ്പ് ടിന്‍ ആണ് ഇതിനായി വേണ്ടത്. സങ്കേതത്തിന്റെ പേര് പ്ലാസ്റ്റിക് റെഡ്യൂസര്‍.

പ്ലാസ്റ്റിക് കവറുകള്‍ ഇരുമ്പു ടിന്നില്‍ നിറച്ചതിനു ശേഷം ചൂടു ലഭിക്കുന്നതിനായി അടുപ്പിന്റെയടുത്ത് ഒരാഴ്ചവയ്ക്കുക. അടുത്തയാഴ്ച അടുപ്പില്‍ നിന്ന് മാറ്റിവയ്ക്കുക. പിന്നീട് ടിന്‍ തുറന്നു നോക്കിയാല്‍ പ്ലാസ്റ്റിക് ഉരുകി പുക പുറത്തുപോകാന്‍ പറ്റാതെ ടിന്നിന്റെ ഉള്‍വശത്ത് പറ്റിപ്പിടിച്ച് ചെറിയ ഉണ്ട പോലെയായിരിക്കുന്നതു കാണാം. ഇതിനുമുകളില്‍ വീണ്ടും പ്ലാസ്റ്റിക് നിറച്ച് പഴയ പോലെ ഈ പ്രക്രിയ ആവര്‍ത്തിക്കാനാവും.

മിനി ബയോ പെഡസ്റ്റല്‍, പ്ലാസ്റ്റിക് റെഡ്യൂസര്‍ തുടങ്ങിയ സങ്കേതങ്ങളുടെ ഉപജ്ഞാതാവ് കോഴിക്കോട് സ്വദേശിയായ രാജന്‍ മണാട്ടിലാണ്. രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ മാലിന്യപ്രശ്‌നങ്ങള്‍ വലിയൊരു പരിധിവരെ പരിഹരിക്കാന്‍ ഈ മാര്‍ഗങ്ങളിലൂടെ സാധിക്കും എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മിനി ബയോ പെഡസ്റ്റല്‍

ദ്രാവക രൂപത്തിലുള്ള ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് മിനി ബയോ പെഡസ്റ്റല്‍. കഞ്ഞിവെള്ളം, കറികള്‍, മീന്‍ വൃത്തിയാക്കുമ്പോഴുണ്ടാവുന്ന അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ നിക്ഷേപിക്കാം. ചെറിയ പറമ്പെങ്കിലും ഉള്ളവര്‍ക്കാണ് ഈ സങ്കേതം ഏര്‍പ്പെടുത്താന്‍ സാധിക്കുക.

ആറിഞ്ച് വ്യാസവും ഒന്നര മീറ്റര്‍ നീളവുമുള്ള പി.വി.സി. പൈപ്പ്, ഓഫീസില്‍ പേപ്പര്‍ മാലിന്യം തള്ളാന്‍ ഉപയോഗിക്കുന്ന വല പോലുള്ള ബക്കറ്റ് എന്നിവയാണ് മിനി ബയോ പെഡസ്റ്റല്‍ നിര്‍മിക്കാനാവശ്യമായ വസ്തുക്കള്‍. പിന്നെ കുറേ ചല്ലിയും ചുടുകട്ടയും. പി.വി.സി. പൈപ്പിന്റെ ഒരറ്റം ഫൗണ്ടന്‍ പേനയുടെ മുന പോലെയാക്കി മുറിക്കണം. വേസ്റ്റ് ബക്കറ്റിന്റെ അടിയില്‍ പി.വി.സി. പൈപ്പ് കടത്തി വയ്ക്കാന്‍ പാകത്തില്‍ ആറിഞ്ച് വ്യാസമുള്ള തുളയുമുണ്ടാക്കണം.

ഭൂമിയില്‍ ഒന്നരയടി ആഴത്തില്‍ ഒരു കുഴിയെടുക്കുക. ഈ കുഴിയില്‍ വേസ്റ്റ് ബക്കറ്റ് തലകീഴായി വയ്ക്കാന്‍ സാധിക്കണം. അങ്ങനെ ബക്കറ്റ് കുഴിയിലിറക്കി വെച്ച ശേഷം ചുടുകല്ലും ചല്ലിയുമിട്ട് മൂടുക. ബക്കറ്റിന്റെ അടിയിലിട്ട തുള ഇപ്പോള്‍ മുകളില്‍ കാണാനാവും. അതിലേക്ക് പി.വി.സി. പൈപ്പിന്റെ മുനഭാഗം ഇറക്കിവെച്ച് ഉറപ്പിക്കുക. മിനി ബയോ പെഡസ്റ്റല്‍ തയ്യാര്‍. ഇനി ഇതിലേക്ക് മലിനജലം ഒഴിച്ചുകൊടുത്താല്‍ അത് നീറി വളമായി ഭൂമിയില്‍ ലയിച്ചുപോകും. ദുര്‍ഗന്ധം ഉണ്ടാവുകയുമില്ല. ഒരുവീട്ടില്‍ രണ്ട് ബയോ പെഡസ്റ്റല്‍ വയ്ക്കുകയാണെങ്കില്‍ മുഴുവന്‍ ദ്രവമാലിന്യങ്ങളും സംസ്‌കരിക്കപ്പെടും.

Posted on: 21 Dec 2011 Mathrubhumi Thiruvananthapuram News

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക