.

.

Friday, December 2, 2011

മൃഗങ്ങള്‍ ഭൂകമ്പം മുന്‍കൂട്ടി അറിയുന്നതിന്റെ രഹസ്യം ചുരുളഴിയുന്നു

ലണ്ടന്‍: ഭൂചലനം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മൃഗങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്ന സമസ്യക്ക് ശാസ്ത്രലോകം ആദ്യമായി ഉത്തരം കണ്ടെത്തി.നാസയിലെ ഫ്രീഡ്മാന്‍ ഫ്രോന്‍ഡും ബ്രിട്ടനിലെ ഓപണ്‍ സര്‍വകലാശാലയിലെ റേച്ചല്‍ ഗ്രാന്‍റും നേതൃത്വം നല്‍കുന്ന ശാസ്ത്രസംഘമാണ് മൃഗങ്ങളുടെ ഭൂകമ്പ ‘പ്രവചനങ്ങളുടെ’ രഹസ്യം കണ്ടെത്തിയത്.സംഘത്തിന്‍െറ പഠന വിവരങ്ങള്‍ ‘ഇന്‍റര്‍നാഷനല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ റിസര്‍ച് ആന്‍ഡ് പബ്ളിക് ഹെല്‍ത്ത് ’ എന്ന ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2009 ലാണ് സംഘം കണ്ടെത്തലുകള്‍ക്കാധാരമായ നിരീക്ഷണം നടത്തിയത്. ഇറ്റലിയിലെ ലാഅക്വിലയിലെ ഒരു തടാകത്തില്‍ നിന്ന് തവളകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവിടെ ഭൂചലനമുണ്ടായി. ഇത് രണ്ടും തമ്മില്‍ ബന്ധമുണ്ടോ എന്ന പഠനമാണ് ഗവേഷക സംഘത്തെ നിര്‍ണായക കണ്ടെത്തലിന് സഹായിച്ചത്.ഭൂമിക്കടിയിലെ ഫലകങ്ങളുടെ ചലനം കാരണമായുണ്ടാകുന്ന ഭൂകമ്പങ്ങള്‍ ഭൂഗര്‍ഭജലത്തില്‍ നേരിയ രാസമാറ്റങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഫ്രീഡ്മാന്‍ ഫ്രോന്‍ഡ് നേരത്തേത്തന്നെ കണ്ടെത്തിയിരുന്നു. ലാ അക്വിലയിലെ തടാകത്തിലും ഈ രാസ മാറ്റം പ്രകടമായിരുന്നതായി ഗവേഷകര്‍ കണ്ടെത്തി.ഇതാകാം തവളകള്‍ ഒഴിഞ്ഞുപോകാന്‍ കാരണമെന്നാണ് സംഘത്തിന്‍റ വിലയിരുത്തല്‍. അഥവാ, ഫലകങ്ങളുടെ ചലനം മൂലമുണ്ടാകുന്ന മാറ്റങ്ങളെ ഇത്തരം ജീവികള്‍ നേരത്തേ തിരിച്ചറിയുന്നുണ്ടെന്നാണ് നിരീക്ഷണത്തില്‍ നിന്ന് മനസ്സിലാകുന്നത്.
തീര്‍ത്തും യാദൃച്ഛികമാണ് ഫ്രീഡ്മാന്‍ ഫ്രോന്‍ഡിന്‍െറയും റേച്ചലിന്‍െറയും കണ്ടെത്തല്‍. ഭൂചലനത്തിന് മുമ്പും ശേഷവുമുള്ള മേഖലയിലെ രാസമാറ്റത്തെക്കുറിച്ചായിരുന്നു ഫ്രീദ്മാന്‍ പഠനം നടത്തിയിരുന്നത്.പ്രത്യേക ആവാസ വ്യവസ്ഥകളിലെ തവളകളുടെ കോളനികളെ കുറിച്ചായിരുന്നു റേച്ചല്‍ ഗവേഷണം നടത്തിയിരുന്നത്. ഈ രണ്ട് പഠനങ്ങളിലെയും നിര്‍ണായക വിവരങ്ങളാണ് ഭാവിയില്‍ ഭൂകമ്പ പ്രവചനത്തിന് സഹായകമായേക്കാവുന്ന പുതിയ കണ്ടെത്തലിന് കാരണമായത്.

Madhyamam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക