.

.

Tuesday, November 15, 2011

മാലിന്യം നീക്കാന്‍ ബക്കറ്റ് പദ്ധതി

നഗരത്തിലെ മാലിന്യ സംസ്‌കരണം അധികാരികള്‍ക്ക് തലവേദനയാകുമ്പോള്‍ വീടുകളിലും ഫ്ലാറ്റുകളിലും വളരെ ചെറിയ ചെലവില്‍ നടപ്പാക്കാവുന്ന സംസ്‌കരണ പദ്ധതി ശ്രദ്ധയേറുന്നു. സാധാരണ ഉപയോഗിക്കുന്ന റിങ് കമ്പോസ്റ്റ് പദ്ധതിയാണ് ചെലവുകുറഞ്ഞ രീതിയില്‍ ബക്കറ്റ് ഉപയോഗിച്ച് തൈക്കാട് സ്വദേശിയായ പി.കെ.ജയസിംഹ വിജയകരമായി നടപ്പാക്കിയത്. 2004-06 കാലഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഖര മാലിന്യ നിര്‍മാര്‍ജന പദ്ധതിയെക്കുറിച്ച് പഠിച്ച് കേരള സര്‍വകലാശാലയില്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചതാണ് ഇത്തരം ഒരു പരീക്ഷണത്തിന് പ്രേരകമായത്.

സാധാരണ ബയോഗ്യാസ് അടക്കമുള്ള ചെറിയമാലിന്യ പ്ലാന്റുകള്‍ക്ക് 6000 മുതല്‍ 10,000 രൂപ വരെ ചെലവ് വരും. മാത്രമല്ല ഇതിനായി കുറച്ച് സ്ഥലവും മാറ്റി വയ്‌ക്കേണ്ടി വരും. കഷ്ടിച്ച് രണ്ടോ മൂന്നോ സെന്റില്‍ ഇടുങ്ങിയ വീട് വെയ്ക്കുന്നവര്‍ക്ക് റിങ് കമ്പോസ്റ്റ് അടക്കമുള്ളവ സ്ഥാപിക്കാനാവില്ല. ഫ്ലാറ്റുകളില്‍ ജീവിക്കുന്നവരുടെ സ്ഥിതിയും ഇത് തന്നെയാണ്. ഇതിന് പരിഹാരമായാണ് ഒരു പ്ലാസ്റ്റിക് ബക്കറ്റ് വെയ്ക്കാന്‍ മാത്രം സ്ഥലമുണ്ടെങ്കില്‍ മാലിന്യസംസ്‌കരണത്തിനുള്ള സൗകര്യമുണ്ടാക്കാമെന്ന് തെളിയിച്ചത്. ഒരു വര്‍ഷത്തോളം വീടിന്റെ ടെറസ്സിന് മുകളില്‍ നടത്തിയ പരീക്ഷണത്തിനുശേഷമാണ് സംസ്‌കരണ യൂണിറ്റ് വിജയകരമാണെന്ന് കണ്ടെത്തിയതെന്ന് ജയസിംഹ പറയുന്നു.

ഫില്‍റ്റര്‍ ടാപ്പ് ഘടിപ്പിച്ച അടപ്പോട് കൂടിയ 30-60 ലിറ്റര്‍ രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകള്‍, 40-45 സെന്റീമീറ്റര്‍ വ്യാസമുള്ള പ്ലാസ്റ്റിക് ബേസിന്‍, കട്ടിയുള്ള പ്ലാസ്റ്റിക് കൊതുകുവല അര ചതുരശ്രമീറ്റര്‍ വലിപ്പത്തില്‍, കുറച്ചു ചിരട്ടകള്‍ എന്നിവമാത്രമാണ് ഈ ചെറിയ യൂണിറ്റിനാവശ്യം. വീടുകളിലെ ഖരമാലിന്യത്തിനനുസരിച്ച് 30 ലിറ്റര്‍ മുതല്‍ 60 ലിറ്റര്‍ വരെയുള്ള ബക്കറ്റുകള്‍ ഉപയോഗിക്കാം. പ്ലാസ്റ്റിക് ബേസിനില്‍ ഇഷ്ടിക നിരത്തിയശേഷം അതിനുമുകളിലാണ് ടാപ്പ് പിടിപ്പിച്ച ബക്കറ്റ് വെയ്‌ക്കേണ്ടത്. ബക്കറ്റിനുള്ളില്‍ ചിരട്ട കമഴ്ത്തിവെച്ചശേഷം അതിനുമുകളില്‍ നൈലോണ്‍ വല മടക്കി വെയ്ക്കണം. അഴുകിയ മാലിന്യം താഴേക്കെത്തി ടാപ്പ് അടയാതിരിക്കാനാണ് ഈ സംവിധാനം. ജൈവമാലിന്യങ്ങള്‍ ദിവസേന ബക്കറ്റില്‍ നിക്ഷേപിച്ച് അടച്ച് വെയ്ക്കണം. 10 ദിവസം കഴിയുമ്പോള്‍ അഴുകിയ മാലിന്യങ്ങള്‍ ബക്കറ്റിന് താഴ്‌വശത്ത് ദ്രവരൂപത്തില്‍ അടിഞ്ഞുതുടങ്ങും. ഇവ ടാപ്പിലൂടെ ശേഖരിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് വളമായി ഉപയോഗിക്കാം. ആഴ്ചയിലൊന്നോ രണ്ടോതവണ ബക്കറ്റിലെ മാലിന്യങ്ങള്‍ കമ്പുപയോഗിച്ച് ഇളക്കിക്കൊടുക്കണം. ഒരു ബക്കറ്റ് ഒരുമാസം വരെയാകുമ്പോള്‍ നിറയുന്ന അളവിലുള്ള ബക്കറ്റുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഒന്ന്‌നിറയുമ്പോള്‍ അടുത്തതുപയോഗിക്കണം. 10 ദിവസം കഴിയുമ്പോള്‍ ആദ്യ ബക്കറ്റിലുള്ള മാലിന്യങ്ങള്‍ ജൈവവളമായി ഉപയോഗിക്കാം. ഇത് ഉണക്കി ചാക്കില്‍ കെട്ടി സൂക്ഷിക്കുകയും ചെയ്യാം.

ചെറിയ ഫ്ലാറ്റുകളില്‍ പോലും ഉപയോഗിക്കാം എന്നതാണ് ഈ യൂണിറ്റിന്റെ പ്രത്യേകതയെന്ന് ജയസിംഹ പറയുന്നു. കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്‌കരണ പദ്ധതിയില്‍പ്പെടുത്തി സ്ഥലപരിമിതിയുള്ള വീടുകളിലും ഫ്ലാറ്റുകളിലും ഇത് നടപ്പാക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കുന്നു. ചെലവ് വളരെക്കുറവായതിനാല്‍ സാധാരണക്കാര്‍ക്കും വളരെപ്പെട്ടെന്ന് ഇത് സ്ഥാപിക്കാനാവും. റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിലും പദ്ധതി നടപ്പാക്കാനാവുമെന്നും ഇദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ തയാറാക്കി കോര്‍പ്പറേഷന്‍ മേയര്‍ക്ക് സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ്ജയസിംഹ. ഫോണ്‍ : 0471-2325887
Posted on: 15 Nov 2011 Mathrubhumi Karshikam 

2 comments:

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക