.

.

Friday, March 2, 2012

കൈയേറ്റം കഠിനം

കഠിനംകുളം കായലിന്റെ വിസ്തൃതി നാള്‍ക്കുനാള്‍ ചുരുങ്ങുന്നു. ഭൂമാഫിയകളും സ്വകാര്യ സംരംഭകരും താവളമുറപ്പിച്ചതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സമീപ പ്രദേശങ്ങളിലെ വയലേലകള്‍ ഉള്‍പ്പെടെ നികത്തുന്ന തിരക്കിലാണിവര്‍. ഇതിനെതിരെ സംരക്ഷണ സമിതികളും സംഘടനകളും രംഗത്തെത്തി നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതര്‍ 'അനങ്ങാപ്പാറ നയ'മാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.

തീരദേശ നിയന്ത്രണ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും വകവയ്ക്കാതെ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ദിനംപ്രതിയുള്ള കൈയേറ്റം തുടരുന്നത്. ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളും മൗനം പാലിക്കുകയാണ്. കഠിനംകുളം കായലില്‍ തോണിക്കടവ്, ചേരമാന്‍തുരുത്ത് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ നാലുഭാഗത്തുനിന്നും കൈയേറ്റശ്രമം നടക്കുകയാണ്.

കായലിന് സമീപ പ്രദേശങ്ങളായ കരിച്ചാറ, പള്ളിപ്പുറം, കീഴാവൂര്‍, കണ്ടല്‍ പ്രദേശങ്ങളിലും ഭൂമാഫിയകള്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. ഇതിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്ന തന്ത്രങ്ങളാണ് നടന്നുപോരുന്നതെന്നും ആക്ഷേപമുണ്ട്.

കഠിനംകുളത്തിന്റെ ചരിത്രവും സംസ്‌കാരവും കായലും ഇതിനോടനുബന്ധപ്പെട്ട പ്രദേശങ്ങളുമാണ്. കാലാവസ്ഥ, കുടിവെള്ളം ഇവയെല്ലാം കായലിന്റെ ദാനങ്ങളാണ്. നികത്തല്‍ തുടരുന്നതോടെ ഭയാനകമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

അപൂര്‍വമായ കണ്ടലിന്റെ അവശേഷിപ്പുകള്‍ കൂടി മണ്‍മറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തീരദേശ നിയന്ത്രണനിയമത്തില്‍ നിയന്ത്രണമേഖലയ്ക്ക് 100 മീറ്റര്‍ അകലംവരെ യാതൊരു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി പാടില്ലെന്ന് അനുശാസിക്കുന്നുണ്ട്. ഈ നിയമങ്ങളും മറികടന്നാണ് അധികൃതര്‍ കെട്ടിട നിര്‍മാണ അനുമതി നല്‍കിയിട്ടുള്ളതെന്നും സംരക്ഷണ സമിതി പറയുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമവും കുന്നിടിച്ച് വയല്‍നികത്തല്‍ വിരുദ്ധ നിയമവുമെല്ലാം നഗ്‌നമായി ലംഘിക്കപ്പെടുകയാണ്. 2011-ല്‍ കായല്‍ സംരക്ഷണം പ്രധാനമായി കാണണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് സുപ്രീംകോടതി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് , നഗരസഭാ സെക്രട്ടറിമാര്‍ വഴി നിയമപരിപാലനം ഉറപ്പുവരുത്തണം എന്നായിരുന്നു നിര്‍ദേശം. ഇതും കടലാസില്‍ ഒരുങ്ങിയതല്ലാതെ ഫലം കണ്ടില്ല. നികത്തുന്ന സ്ഥലത്ത് കായല്‍ ഉണ്ടായിരുന്നുവോ എന്നതാണ് സ്ഥലം വില്ലേജോഫീസറുടെ സംശയം. ഇതു പരിശോധിക്കാന്‍ ഓഫീസര്‍ തയ്യാറാകുന്നുമില്ല.

കഠിനംകുളം കായല്‍ സംരക്ഷണം സംബന്ധിച്ച് ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്. തോണിക്കടവ് ജങ്ഷനില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന കണ്‍വെന്‍ഷന്‍ സുഗതകുമാരി ഉദ്ഘാടനം ചെയ്യും.
02 Mar 2012 Mathrubhumi Thruvananthapuram News

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക