.

.

Sunday, March 4, 2012

മരുഭൂമികള്‍ ഉണ്ടാകുന്നത്

രാത്രിയും പുലര്‍ച്ചെയും കൊടുംതണുപ്പ്, മണിക്കൂറുകള്‍ കഴിഞ്ഞാല്‍ കൊടുംചൂട്. ചുരുങ്ങിയ സമയത്തിനിടെയുള്ള വ്യത്യസ്തമായ കാലാവസ്ഥാമാറ്റം സര്‍വ ജീവജാലങ്ങളെയും അപകടത്തിലാക്കുന്നു. പ്രകൃതിയില്‍നിന്നു പച്ചപ്പ് മായുന്നു. മരുഭൂവല്‍ക്കരണത്തിന്റ സൂചനകളായി വിദഗ്ധര്‍ ഇതിനെ കാണുന്നു.

കര്‍ണാടക അതിര്‍ത്തിയിലാണ് കാലാവസ്ഥയില്‍ പ്രകടമായ മാറ്റം കാണുന്നത്. പകലത്തെ കൊടുംചൂട് സര്‍വനാശം വിതയ്ക്കുന്നു. തോടുകളും കുളങ്ങളും എളുപ്പം വറ്റുന്നു. ജലലഭ്യത കുറയുന്ന നാളുകളിലേക്കു നാട് നീങ്ങുന്നു. സാധാരണ തണുപ്പുരാജ്യങ്ങളില്‍ തുടര്‍ച്ചയായി തണുപ്പായിരിക്കും.
ഉഷ്ണപ്രദേശങ്ങളില്‍ ഉഷ്ണവും വ്യത്യാസത്തോടെ പ്രകടമാകുന്നു. എന്നാല്‍ ഇവിടെ ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ രണ്ടു വ്യത്യസ്തമായ കാലാവസ്ഥ അതിന്റെ പാരമ്യതയിലെത്തുന്നു. കാലാവസ്ഥയിലെ ഈ മാറ്റം സര്‍വ ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. തണുത്തു വിറങ്ങലിച്ചു നില്‍ക്കുന്ന ഇലയില്‍ പെട്ടെന്നു കത്തുന്ന ചൂടു പതിച്ചാല്‍ അതിന്റെ പച്ചപ്പു മായുകയും നശിക്കുകയും ചെയ്യുന്നു. ഈ സമയത്തു മനുഷ്യരെയും അവശരാക്കുന്നത് ഈ വരണ്ട കാലാവസ്ഥ തന്നെ.

ഡക്കാന്‍ പീഠഭൂമിയോടു ചേര്‍ന്നുകിടക്കുന്ന കര്‍ണാടകയില്‍നിന്നു വീശിയടിക്കുന്ന മരുക്കാറ്റാണ് പ്രധാന ഭീഷണി. ചൂടുകാറ്റില്‍ ചെടികള്‍ കരിയുന്നു. മണ്ണിലെ ജലാംശം വറ്റുന്നു. വരണ്ട കാലാവസ്ഥ തുടരുന്നതു സ്ഥിതി കൂടുതല്‍ അപകടത്തിനു കാരണമാകും. എട്ടു വര്‍ഷം മുന്‍പു സര്‍വനാശം വിതച്ച വരള്‍ച്ചയുടെ തുടക്കവും ഇപ്രകാരമായിരുന്നു.

അതിര്‍ത്തിഗ്രാമങ്ങള്‍ വരള്‍ച്ചയുടെ പിടിയിലമര്‍ന്നു. പകല്‍ പുറത്തിറങ്ങാനാവാത്തവിധം ചൂട്. വനം കത്തിയതോടെ വീണ്ടും ചൂടു കൂടി. ജലക്ഷാമവും ആരംഭിച്ചു. തോടുകള്‍ വറ്റുന്നു. കബനിയില്‍ മാത്രമാണ് ജലമുള്ളത്. അതും ബീച്ചനഹള്ളിയില്‍ അണ കെട്ടി സൂക്ഷിക്കുന്നതുകൊണ്ടു മാത്രം. കബനിയിലേക്കുള്ള ജലസ്രോതസ്സുകളും വറ്റിത്തുടങ്ങി.

കാലാവസ്ഥയിലെ പ്രകടമായ മാറ്റം വിദഗ്ധ പഠനത്തിനു വിധേയമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വരള്‍ച്ചയില്‍നിന്നു നാടിനെ രക്ഷിക്കുന്നതിനുള്ള കര്‍മപദ്ധതികളും അടിയന്തരമായി തയാറാക്കേണ്ടിയിരിക്കുന്നു.

മഴക്കാലത്തു വെള്ളപ്പൊക്കവും വേനല്‍ക്കു കൊടുംവരള്‍ച്ചയും ഉണ്ടാകുന്ന പ്രതിഭാസമാണ് വയനാട്ടിലുള്ളത്. മഴക്കാലത്തുണ്ടാവുന്ന ജലം തുള്ളിപോലും സംഭരിക്കാതെ ഒഴുക്കിവിടുകയും വേനല്‍ക്കു കുടിവെള്ളത്തിനു നട്ടംതിരിയുകയും ചെയ്യുന്നതു പതിവാകുന്നു. അനിയന്ത്രിതമായ മരംമുറിയും നാടിനെ ഉഷ്ണപ്രദേശമാക്കി മാറ്റുന്നു. വലിയൊരു പരിസ്ഥിതി തകര്‍ച്ചയുടെ പടിവാതില്‍ക്കലാണ് വയനാടിന്റെ അതിര്‍ത്തിഗ്രാമങ്ങള്‍.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക