.

.

Tuesday, March 27, 2012

പുനരുജ്ജീവനം തേടി വയനാടന്‍ വന്യ ഭക്ഷ്യ വൈവിധ്യം

ടി.എം. ശ്രീജിത്ത്‌
കല്പറ്റ: ഒരുകാലത്ത് വയനാട്ടില്‍ സമൃദ്ധമായിരുന്ന വന്യഭക്ഷ്യവിഭവങ്ങള്‍ പുനരുജ്ജീവനം തേടുന്നു. ആദിവാസി ജനതയും ചില കര്‍ഷക വിഭാഗങ്ങളും മാത്രമാണ് എണ്ണമറ്റ ഈ സ സ്യജനുസ്സുകളെ അല്പമെങ്കിലും സംരക്ഷിക്കുന്നത്.
എന്നാല്‍ ഈ കാര്‍ഷികവൈവിധ്യത്തെക്കുറിച്ച് ഗൗരവമായ പഠനങ്ങളുണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ നാശോന്മുഖമായ ജനസ്സുകളെ സംരക്ഷിക്കാനും നടപടിയില്ല. എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയവും ചില സന്നദ്ധ സംഘടനകളും ഇത്തരം സസ്യവര്‍ഗങ്ങളെ സംരക്ഷിക്കാന്‍ അല്പമെങ്കിലും ശ്രദ്ധിക്കുന്നതാണ് ആശ്വാസം.വയനാട്ടില്‍ മുന്നൂറിലേറെ ഭക്ഷ്യയോഗ്യമായ വന്യ സസ്യങ്ങളുണ്ട്. പണിയ, കാട്ടുനായ്ക, കുറുമ തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ ധാരാളമായി ഇവയെ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ ചിലയിനങ്ങള്‍ ഇപ്പോഴും ഇവര്‍ നിത്യജീവിതത്തില്‍ ഭക്ഷണമായി ഉപയോഗിക്കുന്നു.

ചുരുളി, വയല്‍താള്, മുള്ളന്‍ചീര, മുടുങ്ങച്ചപ്പ്, പൊന്നാങ്കണ്ണി തുടങ്ങി 80 ഇനം വന്യ ഇലക്കറി വിഭവങ്ങള്‍ ഇവര്‍ ഉപയോഗപ്പെടുത്തിയിരുന്നു. പണിയ വിഭാഗമാണ് ഇപ്പോഴും ഇവയില്‍ ചിലത് ഭക്ഷിക്കുന്നത്. ഇവയില്‍ പലതരം ഔഷധമൂല്യമുള്ളതാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
വന്യ വിഭവങ്ങളില്‍ പ്രധാനപ്പെട്ടതാണ് കാട്ടുകിഴങ്ങുകള്‍. പണിയ, കാട്ടുനായ്ക്ക വിഭാഗക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാണിത്. നൂറക്കിഴങ്ങ്, നാരക്കിഴങ്ങ്, കൊരണ, കവലക്കിഴങ്ങ് എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. സ്വാദ്, നിറം, ആകൃതി എന്നിവയിലെല്ലാം ഇവവ്യത്യാസപ്പെട്ടിരിക്കുന്നു.
ഞാവല്‍, അത്തി, അയനിച്ചക്ക, ചടച്ചിക്കായ, കറുവച്ചക്ക, കാട്ടമ്പഴം, കാട്ടുചക്ക, കാട്ടുമുന്തിരി, കാട്ടുതക്കാളി, കൊങ്ങിണി, കൊട്ടപ്പഴം, മൊട്ടമ്പുളി, മുടുങ്ങക്കായ, നീലിപ്പഴം, ഞാറപ്പഴം, പൂച്ചപ്പഴം തുടങ്ങിയ ഫലവര്‍ഗങ്ങളും വയനാട്ടില്‍ കാണുന്നു.
ആളന്‍, അളിയന്‍, കൂമ്പി, കുറിയന്‍, ബ്രഹ്മി, കന്നി, മരുമ, വട്ട, കാന്താരി ചപ്പുകള്‍, ചെറുചീര, മുള്ളന്‍ചീര, കാളിചീര, കൊഴുപ്പുചീര, വഷളചീര,പാല്‍ചീര, കടുക്ചീര, സാമ്പാര്‍ ചീര, ചെറുകടലാടി, വന്‍കടലാടി, ആട്ടങ്ങ, ഈന്തുകൂമ്പ്, കാട്ടുമന്ദാരം, കാട്ടുവെണ്ട, കീഴാര്‍നെല്ലി, കോഴിവാലന്‍, മലമ്പുളി, ചേമ്പില, കറുക, മുയല്‍ചെവിയന്‍, കരിമുരിക്കില, മുത്തിളില, താഴുതാമ, കരിങ്കൂവളം, പഞ്ചിത്താള്, ഞൊട്ടഞൊടിയന്‍, ഉണ്ണിത്തണ്ട്, നാക്ക്‌നീട്ടി, മരച്ചീര, കാട്ടുതുവര, തുമ്പ, കുമിഴ്, വയല്‍താള്, കൊല്ലിചേമ്പ്, കരിന്താള്, വെള്ളമരുമ, പനിച്ചകം തുടങ്ങിയവയാണ് സമൃദ്ധമായിരുന്ന വന്യഭക്ഷ്യവിഭവങ്ങള്‍. ഇന്ന് ആദിവാസി സമൂഹവും ഭക്ഷണത്തിന് കമ്പോളത്തെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ അവരുടെ അടുക്കളയില്‍ ഇത്തരം വിഭവങ്ങള്‍ അപ്രധാനമായി.
കൂണുകളാണ് വന്യവിഭവങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരിനം. വനങ്ങള്‍, മരപ്പുറ്റുകള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവ ശേഖരിക്കുന്നത്. അരികൂണ്‍, പുറ്റുകൂണ്‍, പെരുങ്കാളി, വെള്ളണവെ, മുക്കണവെ, കോലണവെ, നായമൂലഅണവെ, ചുള്ളിയണവെ, കാച്ചിക്കാലണവെ, കരടിയണവെ, കോഴിക്കാലണവെ, വെണ്ണക്കാലണവെ, കുലത്തികുമ്മന്‍, അമ്പുകുമ്മന്‍, നെടുംതാളിക്കുമ്മന്‍ തുടങ്ങി 40 ഇനം കൂണുകള്‍ വയനാട്ടിലുണ്ട്.
പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തില്‍ വന്യഭക്ഷ്യ വിഭവങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക തോട്ടം തന്നെയുണ്ട്. വന്യ ഇലവര്‍ഗങ്ങളും കാട്ടുകിഴങ്ങുകളുമുള്‍പ്പെടെ 150 ലേറെ ഇനങ്ങള്‍ ഇവിടെ പരിപാലിക്കുന്നുണ്ട്.
27 Mar 2012 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക