.

.

Friday, March 16, 2012

വംശനാശം നേരിടുന്ന കരുവാരപ്പക്ഷി കന്നിമാരിയില്‍

ചിറ്റൂര്‍: പറമ്പിക്കുളം, ഹൈറേഞ്ച് മേഖലകളിലെ ജലാശയങ്ങളോടുചേര്‍ന്നുള്ള കാടുകളില്‍ കണ്ടുവരുന്ന കരുവാരപ്പക്ഷിയെ (വൈറ്റ് നെക്കഡ് സ്റ്റോര്‍ക്ക്) കന്നിമാരി ആല്‍ത്തറമുക്കിന് സമീപമുള്ള കുളത്തില്‍ അവശനിലയില്‍ കണ്ടെത്തി.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ നേച്വര്‍ ആന്‍ഡ് നേച്വറല്‍ റിസോഴ്‌സസ് (ഐ.യു.സി.എന്‍.) രേഖകള്‍ പ്രകാരം വംശനാശഭീഷണിനേരിടുന്ന പക്ഷിയാണ് വൈറ്റ് നെക്കഡ് സ്റ്റോര്‍ക്ക്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് പക്ഷിയെ തൊഴിലുറപ്പുജോലിക്കെത്തിയ തൊഴിലാളികള്‍ കണ്ടെത്തിയത്.
പ്രാദേശിക ദേശാടനസ്വഭാവമുള്ള പക്ഷി ഭക്ഷ്യവിഷബാധയേറ്റാവാം അവശനിലയിലായതെന്ന് സൂചനയുണ്ട്. കടുത്തചൂട് കാരണമാണോ അവശനിലയിലായതെന്നും സംശയിക്കുന്നുണ്ട്. നാട്ടുകാരുടെ സഹായത്തോടെ വണ്ടിത്താവളത്തെത്തിച്ച പക്ഷിയെ കൊല്ലങ്കോട് വനം റെയ്ഞ്ച് ഓഫീസിലെ ഫോറസ്റ്റര്‍ സത്യന്‍, ഗാര്‍ഡ് നൂര്‍മുഹമ്മദ്, പരിസ്ഥിതി പ്രവര്‍ത്തകനായ എസ്.ഗുരുവായൂരപ്പന്‍ എന്നിവര്‍ പരിശോധിച്ചു. പക്ഷിയെ പിന്നീട് വനംവകുപ്പ് ജീവനക്കാര്‍ ഏറ്റുവാങ്ങി കൊല്ലങ്കോട് വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി. സിക്കോനിഡെ കുടുംബത്തില്‍പെട്ട വൈറ്റ് നെക്കഡ് സ്റ്റോര്‍ക്കിന്റെ ശാസ്ത്രീയനാമം സിക്കോനിയ എപ്പിസ്‌കോപ്പസ് എന്നാണ്. അരയടിയോളം നീളത്തിലുള്ള കൊക്കും നീണ്ട കാലുകളുമാണ് ഇതിന്റെ പ്രത്യേകത. കഴുത്ത്, വാലിന്റെ അടിഭാഗം എന്നിവ വെളുത്ത നിറത്തിലും ശരീരം കറുപ്പുകലര്‍ന്ന തവിട്ടുനിറത്തിലുമാണുള്ളത്. പൂര്‍ണവളര്‍ച്ചയെത്തിയ പക്ഷിക്ക് 85 സെ.മീ പൊക്കമുണ്ടാവും. കന്നിമാരിയില്‍ കണ്ടെത്തിയ പക്ഷിക്ക് 70 സെ.മീ പൊക്കമാണുള്ളത്. ഏഷ്യയിലും ആഫ്രിക്കയിലും ഉയര്‍ന്ന പ്രദേശങ്ങളിലുള്ള ജലാശയങ്ങള്‍ക്ക് സമീപമാണ് ഇവയെ പൊതുവെ കണ്ടുവരാറുള്ളത്.
16 Mar 2012 Mathrubhumi Palakkad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക