.

.

Wednesday, March 14, 2012

നീര്‍ച്ചാലായി നിള തീരങ്ങളില്‍ ശുദ്ധജലക്ഷാമം

കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ തീരങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമായി. പതിവിലും നേരത്തെതന്നെ ജലനിരപ്പ് താഴ്ന്നതോടെ പലയിടത്തും നിള നീര്‍ച്ചാലായി മാറിയിട്ടുണ്ട്. പുഴയിലെ ജലദൗര്‍ലഭ്യം ജല അതോറിറ്റിയുടെ ശുദ്ധജലവിതരണത്തിനും തിരിച്ചടിയായി. പുഴയോര പ്രദേശങ്ങളിലെ മിക്ക കിണറുകളും വറ്റിയതാണ് ശുദ്ധജലക്ഷാമത്തിന് കാരണമായത്.
ജല അതോറിറ്റിയുടെ തൃക്കണാപുരത്തുള്ള പമ്പ്ഹൗസില്‍ കഴിഞ്ഞദിവസങ്ങളില്‍ ഒരു മോട്ടോര്‍ മാത്രമാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. പമ്പിങ് നടത്താന്‍ പുഴയിലെ കിണറുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് തിരിച്ചടിയായത്.
സാധാരണ ഫിബ്രവരി, മാര്‍ച്ച് മാസങ്ങളാകുമ്പോഴേയ്ക്കും പുഴയില്‍ താത്കാലിക തടയണ നിര്‍മിച്ച് വെള്ളം കിണറുകള്‍ക്ക് സമീപത്തുകൂടി തിരിച്ച് വിടുകയാണ് പതിവ്. എന്നാല്‍, ഇത്തവണ വെള്ളം വളരെയധികം കുറവായതിനാല്‍ തടയണ നിര്‍മിച്ചിട്ടില്ല. ജെ. സി. ബി. ഉപയോഗിച്ച് പുഴയില്‍ ചാലുകീറിയാണ് വെള്ളം ഫില്‍ട്ടര്‍ ഗാലറിയിലെത്തിക്കുന്നത്. പുഴയില്‍ ചാലുകീറിയിട്ടും മൂന്ന് കിണറുകളില്‍ മാത്രമാണ് വെള്ളമെത്തിക്കാനായിട്ടുള്ളത്. വെള്ളിയാങ്കല്ല് പാലത്തിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളമെത്തിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ജല അതോറിറ്റിയുടെ ശുദ്ധജലവിതരണത്തെ സാരമായി ബാധിക്കാം. പുഴയിലെ നീരൊഴുക്ക് നിലച്ചാല്‍ ആറ് പഞ്ചായത്തുകളില്‍ ജലഅതോറിറ്റിയെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാകും.
Mathrubhumi Malappuram News14 Mar 2012

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക