.

.

Wednesday, March 7, 2012

ബന്ദിപ്പുര്‍-മുതുമല വന്യജീവി സങ്കേതത്തില്‍ കാട്ടുതീ വ്യാപകം

സുല്‍ത്താന്‍ബത്തേരി: വേനല്‍ കനത്തതോടെ കര്‍ണാടകയുടെ ബന്ദിപ്പുര്‍ വനമേഖലയിലും തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേത്തിലും കാട്ടുതീ വ്യാപകമായി. ഇരുസംസ്ഥാനത്തേയും കാട്ടുതീ വയനാട് വന്യജീവി സങ്കേതത്തിനും വന്‍ ഭീഷണി ഉയര്‍ത്തുന്നു.
കഴിഞ്ഞ ആഴ്ച മുതുമല വന്യജീവി സങ്കേതത്തിലെ ചിക്കള്ളയില്‍നിന്ന് തീപടര്‍ന്ന് കേരള വനത്തിലെ മരഗദില്‍ നൂറുകണക്കിന് ഏക്കര്‍ കാട് കത്തിയിരുന്നു. ഈ വര്‍ഷം കേരളത്തിലെ കാടുകളില്‍ ബാധിച്ച ഉണക്കം ഭീഷണിക്ക് കാരണമായി. അടിക്കാടുകള്‍ ഉണങ്ങിയതാണ് കാട്ടുതീ പടരാന്‍ കാരണം. കൂടാതെ ഉണങ്ങിയൊടിഞ്ഞ് തൂങ്ങിനില്ക്കുന്ന മുളങ്കാടുകളും തീപടരാന്‍ കാരണമാകുന്നു.
കര്‍ണാടക, തമിഴ്‌നാട് വനങ്ങളെ മുമ്പെങ്ങുമില്ലാത്തവിധം ഈവര്‍ഷം ഉണക്ക് ബാധിച്ചിട്ടുണ്ട്. വൈകിയെത്തിയ വേനല്‍ പെട്ടെന്നാണ് രൂക്ഷമായത്. കര്‍ണാടക ദേശീയപാതയോരത്ത് ഫയര്‍ ലൈന്‍ റോഡില്‍നിന്നും 20 മീറ്റര്‍ അകലെവരെ ചെയ്തിരുന്നു. എന്നാല്‍, ഉള്‍വനത്തില്‍നിന്ന് തീപടരുകയാണുണ്ടായത്. പുല്‍മേടുകളിലാണ് പെട്ടെന്ന് തീപടര്‍ന്നത്. കാട്ടുതീ പടരുമ്പോള്‍ത്തന്നെ കര്‍ണാടക വനംവകുപ്പ് ജീവനക്കാര്‍എത്താറുണ്ടെങ്കിലും തീ കെടുത്തുന്നതില്‍ കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. തീ പടര്‍ന്നതോടെ വന്യമൃഗങ്ങള്‍ കൂട്ടത്തോടെയാണ് പുറത്തേക്ക് ഓടിയെത്തുന്നത്. വഴിയോരത്തെ കാടുകളില്‍ കാട്ടുതീ പടരാത്തതിനാല്‍ ദേശീയപാതയില്‍ ഏതുനേരവും വന്യജീവികളുണ്ടാകും. ഈ ഘട്ടത്തില്‍ കേരളവനത്തിലേക്കും വന്യജീവികളുടെ ഒഴുക്ക് തുടങ്ങി.
ബന്ദിപ്പുരിലെ പ്രധാന നീരൊഴുക്കായ നൂഗൂര്‍ പുഴയും വറ്റിക്കൊണ്ടിരിക്കുകയാണ്. മൂലഹള്ളയില്‍ പാറക്കെട്ടുകളില്‍കൂടി നിറഞ്ഞൊഴുകിയിരുന്ന പുഴ വറ്റി, പാറക്കെട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. വനത്തിനുള്ളില്‍ കര്‍ണാടക മഴവെള്ളത്തില്‍ സംരക്ഷിച്ചുകൊണ്ടിരുന്ന ചിറകളും വറ്റിക്കഴിഞ്ഞു. ഇതില്‍ ദേശീയപാതയോരത്തെ ആനക്കുളം മാത്രമാണ് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത്. ഈ ഭാഗത്ത് കാട്ടുതീ അധികം വ്യാപിക്കാത്തത് ആശ്വാസകരമാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക