.

.

Friday, March 9, 2012

ഇതോ ദൈവത്തിന്റെസ്വന്തം നാട്?

എടപ്പാള്‍: 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രകൃതിയോട് ഇത്രയും വലിയ ദ്രോഹമോ...?' ഡെന്‍മാര്‍ക്കിലെ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകരായ സ്വന്‍എറിക് ക്രിസ്റ്റീന്‍സനും ഭാര്യ ലിന്‍ഡ ക്രിസ്റ്റീന്‍സനുമാണ് മാഫിയ തുരന്ന് തീര്‍ക്കുന്ന കവുപ്രക്കുന്നിന്റെ വികൃതമായ മുഖം നോക്കി ഇങ്ങനെ ചോദിച്ചത്.

വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ ബ്രദര്‍ഹുഡ് ഫണ്ട് പ്രതിനിധിയും ബില്ലന്‍സ് വൈസ്‌മെന്‍ ക്ലബ്ബ് ഭാരവാഹിയും കര്‍ഷകനുമായ സ്വന്‍എറിക്കും ഭാര്യയും വ്യാഴാഴ്ച രാവിലെയാണ് സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി എടപ്പാളിലെത്തിയത്.

പ്രകൃതിയുടെ സംരക്ഷണകവചങ്ങളെ തുരന്ന് തുരന്ന് ഇല്ലാതാക്കുന്നത് വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ അനുവാദത്തോടെയാണെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞപ്പോള്‍ അവര്‍ അദ്ഭുതം കൂറി.

തങ്ങളുടെ നാട്ടിലും വികസനമുണ്ട്. പക്ഷേ, അതിന്റെ മറവില്‍ പ്രകൃതിയെ നശിപ്പിക്കാന്‍ അനുവദിക്കാറില്ല. സമ്പൂര്‍ണ സാക്ഷരരെന്നഭിമാനിക്കുന്ന ഈ നാട്ടില്‍ ഇത്തരം ചൂഷണം നടക്കുന്നതിലാണദ്ഭുതം. കുന്നുകളുടെ താഴ്ചയ്‌ക്കൊപ്പം ഭൂമിയിലെ ജലവിതാനവും താഴും. നാട്ടില്‍ കുടിവെള്ളം കിട്ടാക്കനിയാകും. ഇത്തരം അറിവുപോലുമില്ലാത്തതാണോ ജനത്തിന്റെ നിസ്സംഗതയ്ക്കുകാരണം- ഇരുവരും ചോദിച്ചു.

താലൂക്കിലെ ചരിത്രസ്മാരകങ്ങള്‍, ആരാധനാലയങ്ങള്‍, മണലെടുപ്പ് കേന്ദ്രങ്ങള്‍, തുറമുഖം, കോടതി, ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ്, ബിയ്യം ടൂറിസം കേന്ദ്രം, തൂക്കുപാലം, കുംഭാര കോളനി, സാന്ത്വനം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്, എടപ്പാള്‍ സഹായി, തവനൂര്‍ ശാന്തികുടീരം, കസ്തൂര്‍ബാ ബാലസദനം, വൃദ്ധ സദനം എന്നിവിടങ്ങളും സംഘം സന്ദര്‍ശിച്ചു.

വൈകീട്ട് സ്വാതന്ത്ര്യസമരസേനാനി ആനക്കര വടക്കത്ത് സുശീലാമ്മയെ സന്ദര്‍ശിക്കാനും ഇവര്‍ സമയം കണ്ടെത്തി.
09 Mar 2012 Mathrubhumi Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക